രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജിക്ക് പിന്നാലെ പുതിയ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനാകാനുള്ള പോര് മുറുകുന്നു. നിലവിലെ ഉപാധ്യക്ഷൻ അബിൻ വർക്കിക്കായിട്ടാണ് സമ്മർദ്ദം ശക്തമാകുന്നത്. ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ പ്രകാരം യൂത്ത് കോൺഗ്രസിലെ മൂന്ന് ജില്ലാ അധ്യക്ഷന്മാരും 30 ഭാരവാഹികളും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് അബിൻ വർക്കിയെ അധ്യക്ഷനാകണം എന്ന ആവശ്യം പറഞ്ഞ് കത്തെഴുതിയിരിക്കുകയാണ്. തെരഞ്ഞെടുപ്പിൽ മത്സരിച്ച് രണ്ടാമതെത്തിയ അബിൻ വർക്കിക്ക് തന്നെയാണ് രാഹുലിന്റെ ഒഴിവിൽ സ്ഥാനത്ത് ഇരിക്കാൻ അർഹത എന്നാണ് കത്തിൽ പറയുന്നത്.
മറ്റൊരു യുവനേതാവായ കെ എം അഭിജിത്തിനായിട്ടും പാർട്ടിയിൽ ഒരുവിഭാഗം ആളുകൾ സമ്മർദ്ദം നൽകുന്നുണ്ട്. രാഹുലിന്റെ രാജിക്ക് പിന്നാലെ യൂത്ത് കോൺഗ്രസിന്റെ ഔദ്യോഗിക ഗ്രുപ്പുകളിൽ എല്ലാം വലിയ രീതിയിൽ ഉള്ള തർക്കങ്ങളാണ് നടക്കുന്നത്. രാഹുലിനെ പിന്നിൽ നിന്ന് കുത്തിയ കട്ടപ്പയാണ് അബിൻ വർക്കി എന്നാണ് രാഹുൽ അനുകൂല വിഭാഗത്തിലെ ആളുകൾ പറഞ്ഞത്. പോർവിളികൾ കൂടിയതോടെ ഗ്രുപ്പുകൾ അഡ്മിൻസ് ഒൺലി ആക്കേണ്ടതായി വരെ വന്നു.
അതേസമയം രാഹുൽ മാങ്കൂട്ടത്തിന്റെ എംഎൽഎ സ്ഥാനവും തെറിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. രാഹുൽ എംഎൽഎ സ്ഥാനം രാജിവെക്കണം എന്ന ആവശ്യം പാർട്ടിക്കുളിൽ തന്നെ ശക്തമായി നിൽക്കുന്നു എന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഇത്രയധികം ആരോപണങ്ങൾ നേരിടുന്ന സാഹചര്യത്തിൽ രാജിവെക്കുന്നത് ആയിരിക്കും ധാർമികത എന്നതാണ് ഒരുവിഭാഗം നേതാക്കൾ പറയുന്നത്. എന്നാൽ കേസോ പരാതികളോ ഇല്ലാത്ത സാഹചര്യത്തിൽ രാജിവെക്കേണ്ട ആവശ്യമില്ല എന്നാണ് മറുവിഭാഗം പറയുന്നത്.
രാഹുൽ വിഷയവുമായി ബന്ധപ്പെട്ട് ഇതുവരെ മൗനം പാലിച്ചതിന്റെ പേരിൽ ട്രോളുകളിൽ നിറഞ്ഞ ഷാഫി പറമ്പിൽ ഇന്ന് മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്.
Discussion about this post