ഗാന്ധി നഗർ : മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് എസ്‌യുവിയായ ‘ഇ-വിറ്റാര’യുടെ ആഗോള കയറ്റുമതി ഉൽപാദന കേന്ദ്രം പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു. ഗുജറാത്തിലെ ഹൻസൽപൂരിൽ ആണ് പ്ലാന്റ് നിർമ്മിച്ചിട്ടുള്ളത്. പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിക്കുന്ന ഇലക്ട്രിക് വാഹനങ്ങൾ നൂറിലധികം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യും.
സുസ്ഥിര ഊർജ ഗതാഗതത്തിനുള്ള ഒരു കേന്ദ്രമായി മാറുന്നതിനുള്ള ഇന്ത്യയുടെ യാത്രയിലെ ഒരു നാഴികക്കല്ലാണ് ഈ ദിനം എന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചു. മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് വാഹനമാണ് ഇ-വിറ്റാര. ഈ വർഷം ആദ്യം ന്യൂഡൽഹിയിൽ നടന്ന ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയിൽ ആണ് ഇ-വിറ്റാര ആദ്യമായി പ്രദർശിപ്പിച്ചത്. രണ്ട് ലിഥിയം-അയൺ ഫോസ്ഫേറ്റ് (LFP) ബാറ്ററി ഓപ്ഷനുകളോടെയാണ് ഈ മെയ്ഡ് ഇൻ ഇന്ത്യ ഇലക്ട്രിക് വാഹനം പുറത്തിറങ്ങുന്നത്.
ഗുജറാത്തിൽ ആരംഭിച്ച ഹൈബ്രിഡ് ബാറ്ററി ഇലക്ട്രോഡ് ഉത്പാദനവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം നിർവഹിച്ചു. ഡെൻസോ, തോഷിബ, സുസുക്കി എന്നിവയുടെ സംയുക്ത സംരംഭമായ ടിഡിഎസ് ലിഥിയം-അയൺ ബാറ്ററി പ്ലാന്റിൽ ഹൈബ്രിഡ് ബാറ്ററി ഇലക്ട്രോഡുകളുടെ പ്രാദേശിക ഉൽപ്പാദന കേന്ദ്രമാണ് മോദി ഉദ്ഘാടനം ചെയ്തത്. രാജ്യത്തിന് ആവശ്യമായ ബാറ്ററികളുടെ 80 ശതമാനത്തിലേറെയും ഇനി ഇന്ത്യയിൽ തന്നെ നിർമ്മിക്കാൻ കഴിയും എന്നുള്ളതാണ് ഈ ഉൽപ്പാദന കേന്ദ്രത്തിന്റെ പ്രധാന സവിശേഷത.









Discussion about this post