തൃശ്ശൂർ : മാതാപിതാക്കൾക്ക് നേരെ ആക്രമണം നടത്തി വീട്ടിൽ നിന്നും സ്വർണ്ണമാല കവർന്ന മകൻ അറസ്റ്റിൽ. മറ്റത്തൂർ ഐപ്പുട്ടിപ്പടി സ്വദേശി സുരേഷ് (52) ആണ് അറസ്റ്റിലായത്. വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന രണ്ടേമുക്കാൽ പവൻ തൂക്കം വരുന്ന സ്വർണ്ണമാലയാണ് ഇയാൾക്ക് കവർന്നത്. തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
പിതാവിനോട് പതിനായിരം രൂപ ആവശ്യപ്പെട്ടത് കൊടുക്കാതെ വന്നതോടെയാണ് പ്രതി മാതാപിതാക്കളെ ആക്രമിച്ച് ദേഹോപദ്രവം ഏൽപ്പിച്ചത്. സംഭവത്തിൽ വെള്ളിക്കുളങ്ങര പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. പോലീസ് പിടികൂടിയ പ്രതിയുടെ കയ്യിൽ നിന്നും മതിലകത്തെ ഒരു ഫിനാൻസ് സ്ഥാപനത്തിൽ 20000 രൂപക്ക് സ്വർണ മാല പണയം വെച്ചതിന്റെ രസീത് പിടിച്ചെടുത്തിട്ടുണ്ട്.
ജോലിക്കൊന്നും പോകാത്ത പ്രതി സുരേഷ് മാതാപിതാക്കളുടെ ചിലവിലാണ് കഴിയുന്നത്. വിവാഹിതൻ ആണെങ്കിലും ഇയാളുടെ സ്വഭാവ രീതികൾ കാരണം ഭാര്യയും മക്കളും മാറി താമസിക്കുകയാണ്. ഓഗസ്റ്റ് 23ന് രാത്രി പതിനായിരം രൂപ ആവശ്യപ്പെട്ട് സുരേഷിന് പണം നൽകാതെ വന്നതോടെ അച്ഛൻ രാമുവിനെയും അമ്മയെയും ആക്രമിക്കുകയായിരുന്നു. അമ്മ വാസന്തിയെ മരംമുറിക്കുന്ന അറക്കവാൾ കൊണ്ട് തലയിലും ഇടത് കൈ വിരലിലും വെട്ടുകയും വീട്ടിലെ സാധനങ്ങൾ തീയിട്ട് നശിപ്പിക്കുകയും ചെയ്തു. ഇയാൾ നേരത്തെയും വിവിധ കുറ്റകൃത്യങ്ങളിൽ പിടികൂടപ്പെട്ടിട്ടുണ്ട്. പ്രതിയുടെ പേരിൽ 6 ക്രിമിനൽ കേസുകൾ ഉണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.









Discussion about this post