പ്രതിരോധ മേഖല ശക്തമാക്കാൻ ഇന്ത്യയ്ക്ക് ഇനി രണ്ട് യുദ്ധക്കപ്പലുകൾ കൂടി. ഐഎൻഎസ് ഉദയഗിരി , ഐഎൻഎസ് ഹിമഗിരി യുദ്ധക്കപ്പലുകൾ നാവികസേനയുടെ ഭാഗമായി. ഈ വർഷം ആദ്യം ഐഎൻഎസ് നീലഗിരി കമ്മീഷൻ ചെയ്ത പ്രോജക്റ്റ് 17 ആൽഫയുടെ (പി-17എ) ഭാഗമാണ് രണ്ട് ഇന്ത്യൻ നിർമിത യുദ്ധക്കപ്പലുകൾ.
കപ്പലുകൾ കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കമ്മിഷൻ ചെയ്തു.നീലഗിരി-ക്ലാസ് സ്റ്റെൽത്ത് ഫ്രിഗേറ്റുകളാണ് ഐഎൻഎസ് ഹിമഗിരിയും ഐഎൻഎസ് ഉദയഗിരിയും.75 ശതമാനത്തോളവും ഇന്ത്യയിൽ തന്നെ നിർമിച്ച ഭാഗങ്ങളാണ് ഉപയോഗപ്പെടുത്തിയിട്ടുള്ളത്..
മുംബൈയിലെ മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സ് ലിമിറ്റഡ് (എംഡിഎൽ) നിർമിച്ച ഐഎൻഎസ് ഉദയഗിരി പ്രോജക്റ്റ് 17എ പരമ്പരയിലെ രണ്ടാമത്തെ കപ്പലും ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പൽ ഡിസൈൻ ബ്യൂറോ രൂപകൽപ്പന ചെയ്ത നൂറാമത്തെ കപ്പലുമാണ്. ആന്ധ്രാ പ്രദേശിലെ ഉദയഗിരി പർവതനിരയുടെ പേരിലാണ് ഈ യുദ്ധക്കപ്പൽ അറിയപ്പെടുന്നത്. ഈ പേര് വഹിക്കുന്ന രണ്ടാമത്തെ നാവിക കപ്പലാണിത്. ആദ്യ യുദ്ധക്കപ്പൽ 1976 മുതൽ 2007വരെ നാവികസേനയുടെ ഭാഗമായി.
ഏകദേശം 6,700 ടൺ ഭാരമുള്ള P-17A ഫ്രിഗേറ്റുകൾ, ശിവാലിക്-ക്ലാസ് ഫ്രിഗേറ്റുകളേക്കാൾ ഏകദേശം അഞ്ച് ശതമാനം വലുതാണ്. കൂടുതൽ ആകർഷകമായ രൂപവും കുറഞ്ഞ റഡാർ ക്രോസ്-സെക്ഷനും ഇവയ്ക്കുണ്ട്. നിയന്ത്രിക്കാവുന്ന പിച്ചുള്ള പ്രൊപ്പല്ലറുകളെ പ്രവർത്തിപ്പിക്കുന്ന ഡീസൽ എൻജിനുകളും ഗ്യാസ് ടർബൈനുകളുമാണ് ഇവയ്ക്ക് ഊർജ്ജം പ്രദാനം ചെയ്യുന്നത്. സൂപ്പർസോണിക് സർഫേസ്-ടു-സർഫേസ് മിസൈലുകൾ, ഇടത്തരം ദൂരപരിധിയുള്ള സർഫേസ്-ടു-എയർ മിസൈലുകൾ, 76 എംഎം എംആർ ഗൺ, 30 എംഎം, 12.7 എംഎം ക്ലോസ്-ഇൻ വെപ്പൺ സിസ്റ്റങ്ങൾ, കൂടാതെ അന്തർവാഹിനി/വെള്ളത്തിനടിയിലെ ആയുധ സംവിധാനങ്ങൾ എന്നിവയുൾപ്പെടെ ഒട്ടേറെ ആയുധങ്ങൾ ഇവയിലുണ്ട്.









Discussion about this post