ചണ്ഡീഗഡ് : പഞ്ചാബിൽ കനത്ത നാശംവിതച്ച് വെള്ളപ്പൊക്കം. ഇതുവരെ മരണസംഖ്യ 43 കടന്നു. നിരവധി വീടുകൾക്കും സ്ഥാപനങ്ങൾക്കും നാശനഷ്ടങ്ങൾ ഉണ്ടായി. 4.24 ലക്ഷം ഏക്കർ ഭൂമിയിലെ കൃഷി വെള്ളത്തിനടിയിലായി. എൻഡിആർഎഫിന്റെ 31 ടീമുകളും കരസേനയുടെയും അർദ്ധസൈനിക വിഭാഗത്തിന്റെയും 29 ടീമുകളും ചേർന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തിവരികയാണ്.
23 ജില്ലകളിലായി 1902-ലധികം ഗ്രാമങ്ങൾ വെള്ളത്തിനടിയിൽ ആയിരിക്കുകയാണ്. 3.84 ലക്ഷത്തിലധികം ആളുകളുടെ ജീവിതത്തെ വെള്ളപ്പൊക്കം നേരിട്ട് ബാധിച്ചു. സത്‌ലജ് നദിയുടെ തീരത്തുള്ള സസ്‌രാലി കോളനി പ്രദേശത്തെ അണക്കെട്ട് അപകടനിലയിൽ ആയിരിക്കുന്ന സാഹചര്യത്തിൽ ലുധിയാനയുടെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു. പത്താൻകോട്ടിൽ മലകൾ ഇടിഞ്ഞു വീണതും കനത്ത നാശനഷ്ടങ്ങൾ സൃഷ്ടിച്ചു.
ഭക്ര അണക്കെട്ടിലെ ജലനിരപ്പ് 1679 അടിയിലെത്തി അപകട നിലയ്ക്ക് തൊട്ട് താഴെയാണുള്ളത്. ഇത് സത്‌ലജ് നദിയുടെ തീരത്തുള്ള താഴ്ന്ന ഗ്രാമപ്രദേശങ്ങളിൽ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്. ജനങ്ങൾ ഉയർന്ന പ്രദേശങ്ങളിലേക്ക് മാറണമെന്ന് ജില്ലാ ഭരണകൂടം ഉൾപ്പെടെ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. മലയിടിച്ചിലും മണ്ണിടിച്ചിലും ഉണ്ടായതിനെത്തുടർന്ന് നിരവധി ദേശീയപാതകൾ ഉൾപ്പടെ അടച്ചിട്ടതോടെ ഗതാഗത തടസ്സവും നേരിടുന്നുണ്ട്.









Discussion about this post