ഓവറാക്കി ചളമാക്കി ഒടുവിൽ മാപ്പുമായി കേരളത്തിലേക്ക് കോൺഗ്രസ്. ബീഹാർ വിഷയത്തിൽ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റിലാണ് കോൺഗ്രസിന് ഒടുവിൽ മാപ്പ് പറയേണ്ടി വന്നിരിക്കുന്നത്. ബീഡിയും ബീഹാറും ഒരുപോലെയാണെന്നുള്ള കേരളത്തിലെ കോൺഗ്രസിന്റെ എക്സ് പോസ്റ്റാണ് ഇൻഡി സഖ്യത്തിലെ മറ്റു പാർട്ടികളുടെ ഉൾപ്പെടെ രൂക്ഷ വിമർശനത്തിന് കാരണമായത്. ഒടുവിൽ തിരിച്ചടിയായി എന്ന് മനസ്സിലായതോടെ പോസ്റ്റും ഡിലീറ്റ് ചെയ്ത് മാപ്പും പറഞ്ഞു തടി ഊരുകുകയായിരുന്നു കോൺഗ്രസ്.
കേന്ദ്രസർക്കാർ പുതിയ ജിഎസ്ടി നിയമപ്രകാരം ഹാനികരമായ വസ്തുക്കളിൽ നിന്നും ബീഡിയെ ഒഴിവാക്കിയതിനെ കുറിച്ചായിരുന്നു കേരളത്തിലെ കോൺഗ്രസ് വിവാദമായ എക്സ്പോസ്റ്റ് പങ്കുവെച്ചിരുന്നത്. ബീഡിയും ബീഹാറും ബിയിലാണ് തുടങ്ങുന്നത്. അതിനാൽ ഇനി ഹാനികരമല്ല എന്നും കേരള കോൺഗ്രസ് പോസ്റ്റിൽ സൂചിപ്പിച്ചു. ബിഹാറിലെ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് ഈ പോസ്റ്റിനെതിരെ കടുത്ത വിമർശനമാണ് ഉന്നയിച്ചത്.
ബീഹാറിനെ മുഴുവന്‍ അപമാനിച്ചുവെന്ന് ആരോപിച്ച് ബീഹാർ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സമ്രാട്ട് ചൗധരിയും രംഗത്തെത്തിയിരുന്നു. വിവിധ ഭാഗങ്ങളിൽ നിന്നും വിമർശനം രൂക്ഷമായതോടെ ഗതിയില്ലാതെ കോൺഗ്രസിന് പോസ്റ്റ് പിൻവലിക്കേണ്ടതായി വരികയായിരുന്നു. വിമർശനം വളച്ചൊടിക്കപ്പെട്ടെന്നും, ആരെയങ്കിലും അത് വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കുന്നുവെന്നും കേരളത്തിലെ കോൺഗ്രസിന്റെ എക്സ് അക്കൗണ്ട് വ്യക്തമാക്കി. നേരത്തെ രാജ്യവിരുദ്ധ പോസ്റ്റുകൾ പങ്കുവെച്ച് പാകിസ്താനിൽ വൻ സ്വീകാര്യത നേടിയ എക്സ് ഹാൻഡിൽ കൂടിയാണ് കേരളത്തിലെ കോൺഗ്രസിന്റേത്.
Discussion about this post