കാഠ്മണ്ഡു : നേപ്പാളിലെ ‘ജെൻ സീ പ്രതിഷേധം’ കലാപത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ ആഭ്യന്തരമന്ത്രി രമേശ് ലേഖക് രാജിവച്ചു. നേപ്പാളിൽ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങളിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 19 ആയി. 250 ലധികം പേർക്ക് പരിക്കേറ്റു. പലയിടത്തും പ്രതിഷേധക്കാർ സൈന്യത്തിന് നേരെ കല്ലെറിഞ്ഞു.
ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, യൂട്യൂബ്, എക്സ് എന്നിവയുൾപ്പെടെ രാജ്യത്ത് രജിസ്റ്റർ ചെയ്തിട്ടില്ലാത്ത 26 സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ നിരോധിക്കാനുള്ള കെപി ശർമ്മ ഒലി സർക്കാരിന്റെ നീക്കമാണ് രാജ്യത്തുടനീളം വ്യാപകമായ പ്രതിഷേധങ്ങൾക്ക് കാരണമായത്. പുതുതലമുറയിൽപ്പെട്ട യുവാക്കളും വിദ്യാർത്ഥികളും ആണ് പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നത്. ഇതിനാൽ തന്നെ ‘ജെൻ സീ’ പ്രതിഷേധം എന്നാണ് ഇത് അറിയപ്പെടുന്നത്.
നേപ്പാളിലെ ആശയവിനിമയ, വിവരസാങ്കേതിക മന്ത്രാലയം അറിയിക്കുന്നത് പ്രകാരം ഈ പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ നേപ്പാളിലെ മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്തിട്ടില്ല. ഈ കാരണത്താലാണ് രാജ്യത്ത് രജിസ്റ്റർ ചെയ്തിട്ടില്ലാത്ത സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ നിരോധിക്കാൻ നേപ്പാൾ സർക്കാർ തീരുമാനിച്ചത്. നേപ്പാളിലെ ആശയവിനിമയ, വിവരസാങ്കേതിക മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്യുന്നതിനായി ഈ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക്
ഓഗസ്റ്റ് 28 മുതൽ 7 ദിവസത്തെ സമയപരിധി നേപ്പാൾ സർക്കാർ നൽകിയിരുന്നു. ഈ പരിധി ലംഘിച്ചും ഈ പ്ലാറ്റ്ഫോമുകൾ രാജ്യത്ത് രജിസ്റ്റർ ചെയ്യാതിരുന്നതോടെ ആണ് നേപ്പാൾ സർക്കാർ ഇവ നിരോധിച്ചിരുന്നത്.









Discussion about this post