കേരള പോലീസിന്റെ ക്രൂരമുഖങ്ങൾ ഒന്നൊന്നായി വെളിപ്പെടുന്ന വേളയിൽ 11 വർഷങ്ങൾക്ക് നേരിടേണ്ടിവന്ന കൊടും ക്രൂരതയും കാലങ്ങളായി ചികിത്സകൾ തുടരുന്നതിനെക്കുറിച്ചും വിശദീകരിക്കുകയാണ് യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡണ്ടും സെൻട്രൽ ഫിലിം സെൻസർ ബോർഡ് മെമ്പറുമായ ഷിജിൽ കെ കടത്തനാട്. ഗുരുവായൂരിൽ നടന്ന കലോത്സവത്തിനിടെ ഉണ്ടായ ചില പ്രശ്നങ്ങളുടെ പേരിൽ ഗുരുവായൂരിലെ ‘ജനമൈത്രി’ പോലീസ് എബിവിപി നേതാക്കളോട് കാണിച്ച കൊടും ക്രൂരതക്കെതിരെ ഇന്നും നിയമ പോരാട്ടത്തിലാണ് ഷിജിൽ. 2014 ഉണ്ടായ ആ ക്രൂര അനുഭവമാണ് ഷിജിൽ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.
ഷിജിൽ കെ കടത്തനാടിന്റെ ഫേസ്ബുക്ക് പോസ്റ്റ്,
പോലീസ് കസ്റ്റഡി മര്‍ദ്ദനങ്ങള്‍ വാര്‍ത്തയില്‍ നിറയുകയാണല്ലോ? പഴയൊരു ഓര്‍മ്മയിലേക്കൊന്ന് തിരിച്ചു പോവുകയാണ്. 2014 ജനുവരി 9. എബിവിപി പൂര്‍ണ്ണ സമയ പ്രവര്‍ത്തകനായി തൃശ്ശൂരില്‍ പ്രവര്‍ത്തിക്കുന്ന കാലം. അന്ന് ഗുരുവായൂരില്‍ നടന്ന സ്കൂള്‍ കലോത്സവത്തിലെ ചില പ്രശ്നങ്ങളെ തുടര്‍ന്ന് എ.ബി.വി.പി കലോത്സവ നഗരിയില്‍ പ്രകടനം നടത്തുകയും പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിയടക്കമുള്ള പ്രവര്‍ത്തകരെ ഗുരുവായൂര്‍ ‘ജനമൈത്രി’ പോലീസ് അറസ്റ്റ് ചെയ്ത് ലോക്കപ്പിലിടുകയും ചെയ്യുന്നു. വിവരം അറിഞ്ഞ് എബിവിപി സംസ്ഥാന വൈസ് പ്രസിഡന്‍റായിരുന്ന പ്രിയപ്പെട്ട സനൂപ് മാഷും മുന്‍ ജില്ലാ പ്രസിഡന്‍റ് അഡ്വ.സജിത്തും ഞാനും സ്റ്റേഷനിലെത്തി വിവരങ്ങള്‍ ആരായുന്നു. സംസാരത്തിനിടയില്‍ മുന്‍ വൈരാഗ്യമുള്ളത് പോലെ ഒരു പോലീസുകാരൻ സനൂപ് മാഷിനെ അകാരണമായി കൈയ്യേറ്റം ചെയ്തു. ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജ് യൂണിയന്‍ ചെയര്‍മാനായിരിക്കെ എസ്.എഫ്.ഐ ആക്രമണത്തില്‍ ഒരു കണ്ണ് നഷ്ടപ്പെട്ട സനൂപ് മാഷിനെ അത് പോലും പരിഗണിക്കാതെയാണ് ഞങ്ങളുടെ മുന്നില്‍ പോലീസുകാരൻ ആക്രമിക്കുന്നത്. ”നീയൊക്കെ സ്റ്റേഷനില്‍ വന്ന് ഷൈന്‍ ചെയ്യുമല്ലേടാ” എന്ന് ആക്രോശിച്ച് കൊണ്ടാണ് ആക്രമണം തുടങ്ങിയത്. പിടിച്ച് തള്ളിയപ്പോള്‍ അദ്ദേഹത്തിന്‍റെ കൃത്രിമ കണ്ണ് പുറത്തേക്ക് തള്ളി വന്നു. തുടര്‍ന്ന് അദ്ദേഹത്തിന്‍റെ മുന്‍പുണ്ടായ എസ്.എഫ്.ഐ ആക്രമണത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് സ്റ്റീല്‍ റോഡ് ഇട്ട കാലില്‍ ബൂട്ട്സ് കൊണ്ട് ചവിട്ടി..
സനൂപ് മാഷിനെ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് വിവരം സംഘടനാ നേതാക്കളെ അറിയിക്കുന്നതിനായി പുറത്തേക്ക് ഇറങ്ങി ഗുരുവായൂർ അമ്പലത്തിനടുത്ത് ഫോണ്‍ ചെയ്ത് നിന്ന എന്നെ പോലീസ് ജീപ്പില്‍ എത്തിയ എസ്.ഐ. ശശിധരന്‍റെ നേത്യത്വത്തില്‍ അസഭ്യം പറഞ്ഞ് ജീപ്പിലേക്ക് പിടിച്ച് കയറ്റുകയും ജീപ്പില്‍ തറയില്‍ കമിഴ്ത്തി കിടത്തി ക്രൂരമായി നട്ടെല്ലിനടക്കം ബൂട്ടു കൊണ്ട് ചവിട്ടുകയും കൈകകള്‍ കൊണ്ട് മര്‍ദ്ദിക്കുകയും എന്‍റെ ജനനേന്ദ്രിയത്തില്‍ ശക്തമായി പിടിച്ച് ഞെരിക്കുകയും ചെയ്യുന്നു. ഇതേ സമയം സി.ഐ സുദര്‍ശന്‍ സജിത്തേട്ടനെ സ്റ്റേഷനിലിട്ട് മര്‍ദ്ദിച്ചു. അര മണിക്കൂറോളം ജീപ്പില്‍ നടമാടിയ താണ്ഡവത്തിന് ശേഷം എന്നെ സ്റ്റേഷനില്‍ എത്തിച്ചതും ഞാന്‍ മയങ്ങി വീണു കഴിഞ്ഞിരുന്നു. എന്നാല്‍ എന്‍റെ തലയില്‍ വീണ്ടും ബൂട്ട് കൊണ്ട് ചവിട്ടുകയാണുണ്ടായത്. തുടര്‍ന്ന് സമീപത്തെ ആശുപത്രിയില്‍ എത്തിച്ച എനിക്ക് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം അടിയന്തിരമായി മെഡിക്കല്‍ കോളേജില്‍ എത്തിക്കാന്‍ ആശുപത്രി അധികൃതർ പറഞ്ഞെങ്കിലും, അതൊന്നും കേള്‍ക്കാതെ നിര്‍ബന്ധമായി ഡിസ്ചാര്‍ജ് വാങ്ങി വീണ്ടും സ്റ്റേഷനില്‍ എത്തിക്കുകയാണ് ഈ കാപാലികര്‍ ചെയ്തത്. എസ്.ഐ ശശിധരന്‍ സി.ഐ സുദര്‍ശന്‍ പോലീസ് ഉദ്യോഗസ്ഥരായ ലിജു, ലെനിന്‍ രാജ് എന്നിവര്‍ ചേര്‍ന്നാണ് ഞങ്ങളെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന് നേതൃത്വം നല്‍കിയത്.
തുടര്‍ന്ന് കള്ളക്കേസ് ചുമത്തി രാത്രി പന്ത്രണ്ട് മണിയോടെ മജിസ്ട്രേട്ടിന് മുന്നില്‍ ഹാജരാക്കി. എന്നാല്‍ ഞങ്ങളുടെ ശാരീരിക അവസ്ഥ കണ്ട ബഹുമാനപ്പെട്ട മജിസ്ട്രേട്ട് അപ്പോള്‍ തന്നെ വിശദമായ മൊഴി രേഖപ്പെടുത്തി. പിറ്റേന്ന് പോലീസിന്‍റെയും പ്രോസിക്യൂഷന്‍റെയും ശക്തമായ എതിര്‍പ്പ് ഉണ്ടായിട്ടും ചെറിയ ഉപാധികളോടെ ജാമ്യം അനുവദിച്ചു. അതിനു ശേഷം ഏകദേശം 19 ദിവസത്തോളം പല ആശുപത്രികളിലുമായി കഴിയേണ്ടി വന്നു. ഇപ്പോഴും ആയുർവേദ ചികിത്സ അടക്കം തുടരുന്നു. ഞങ്ങളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഈ ക്രിമിനല്‍സിനെ പ്രതിയാക്കി ചാവക്കാട് കോടതി കേസെടുക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ 11 വര്‍ഷമായി പല തരത്തിലുള്ള പ്രലോഭനങ്ങള്‍ക്കിടയിലും ഈ കേസുമായി മുന്നോട്ട് പോകുന്നു. അന്ന് ഈ ക്രൂരതയ്ക്ക് നേതൃത്വം നല്‍കിയ സുദര്‍ശന്‍ ഭരണ നേത്യത്വങ്ങള്‍ക്ക് ഇന്നും പ്രിയങ്കരനാണ്. നിലവില്‍ DySP റാങ്കിലുള്ള സുദർശനനെ പോലുള്ള
ഇത്തരം ക്രിമിനലുകളെ സേനയില്‍ നിന്ന് പുറത്താക്കും വരെ ഈ പോരാട്ടത്തില്‍ പിന്നോട്ടില്ല.
ഇന്നും ഇതേ കേസിന്‍റെ ആവശ്യത്തിന് ചാവക്കാട് കോടതിയില്‍ പോയി മടങ്ങുന്ന വഴിയിലാണ്. ഇവരെ പോലെയുള്ളവര്‍ ഉരുട്ടിയും തല്ലിയും കൊന്ന രാജന്‍റെയും ഉദയന്‍റെയും ശ്രീജിത്തിന്‍റെയുമൊക്കെ ആത്മശാന്തി ഇത്തരം നിയമ പോരാട്ടങ്ങളിലൂടെയാണ് എന്ന് ഉറച്ച് വിശ്വസിക്കുന്നു..
” നീ കഴുകനെ പോലെ ഉയര്‍ന്ന് പറന്നാലും നക്ഷത്രങ്ങള്‍ക്കിടയില്‍ കൂട് കൂട്ടിയാലും അവിടെ നിന്ന് നിന്നെ ഞാന്‍ താഴെ ഇറക്കും” – ഒബാദിയയുടെ പുസ്തകം ഒന്നാം അധ്യായം നാലാം വാക്യം!!









Discussion about this post