ഏഷ്യാ കപ്പ് മത്സരങ്ങൾ ഇന്ന് മുതൽ ആരംഭിക്കുകയാണ്. ടൂർണമെന്റിൽ ഏവരും കാത്തിരിക്കുന്നത് ഇന്ത്യയുടെ മത്സരങ്ങൾ കാണാനാണ്. നാളെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. യുഎഇയാണ് ഇന്ത്യയുടെ എതിരാളികളായി കളത്തിൽ ഇറങ്ങുന്നത്. ഏകപക്ഷിയമായ മത്സരമാണ് പ്രതീക്ഷിക്കുന്നത് എങ്കിലും ഇന്ത്യ ഒരിക്കലും എതിരാളികളെ വിലകുറച്ച് കാണില്ല.
തങ്ങളുടേതായ ദിവസം ഏതൊരു എതിരാളിയെയും തങ്ങൾ തോൽപ്പിക്കുമെന്നും ഗ്രുപ്പിലെ രണ്ട് മത്സരം എങ്കിലും ജയിച്ച് സെമി ഫൈനലിൽ എത്താൻ ശ്രമിക്കും എന്നുമാണ് യുഎഇ ക്യാപ്റ്റൻ മുഹമ്മദ് വസീം പറയുന്നത്. തങ്ങളുടെ നാട്ടിൽ കളിക്കുന്ന മേധാവിത്വം തങ്ങൾക്ക് ഉണ്ടെന്നും ഇന്ത്യയെയോ പാകിസ്ഥാനെയോ തങ്ങൾ തോൽപ്പിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
വാക്കുകൾ ഇങ്ങനെ:
“കഴിഞ്ഞ രണ്ടോ മൂന്നോ മാസമായി ഞങ്ങൾ കഠിനാധ്വാനം ചെയ്യുന്നു, ഈ ഫോർമാറ്റിൽ ആരെയും തോൽപ്പിക്കാൻ കഴിയും. നമ്മൾ ഏതുതരം ക്രിക്കറ്റ് കളിക്കുന്നു, നമ്മൾ ആസൂത്രണം ചെയ്ത രീതിയിൽ നമ്മൾ കളിക്കുന്നുണ്ടോ എന്നതിനെ ആശ്രയിച്ചിരിക്കും അത്. ഇന്ത്യയോ പാകിസ്ഥാനോ ഏതെങ്കിലും ഒരു ടീമിനെ ഞങ്ങൾ തോൽപ്പിക്കും. ഞങ്ങൾക്ക് ഒമാനെ തോൽപ്പിക്കാൻ കഴിയും, ഇത് കൂടാതെ ഇവരിൽ ഒരു ടീമിനെയും തോൽപ്പിക്കും.” അദ്ദേഹം പറഞ്ഞു.
അതേസമയം ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ (യുഎഇ) നടക്കുന്ന 2025 ഏഷ്യാ കപ്പ് ഓപ്പണർ മത്സരത്തിൽ ഇന്ത്യയുടെ പ്ലെയിങ് ഇലവനെക്കുറിച്ച് സൂര്യകുമാർ യാദവ് മൗനം പാലിച്ചു. മത്സരം ആരംഭിക്കാൻ ഏകദേശം 24 മണിക്കൂർ മാത്രം ബാക്കി നിൽക്കെ, സഞ്ജു സാംസണിന്റെ സ്ഥാനം ചർച്ചാ വിഷയമാണ്.
സഞ്ജു സാംസൺ- ജിതേഷ് ശർമ്മ എന്നിവർ തമ്മിലാണ് ടീമിലെ സ്ഥാനത്തിനായി മത്സരിക്കുന്നത്. 2024 ലെ ഇന്ത്യയുടെ അവസാന ഏഴ് ടി 20 മത്സരങ്ങളിൽ, സാംസൺ ഓപ്പണറായി ഇറങ്ങി മൂന്ന് സെഞ്ച്വറി നേടി. ഒരു കലണ്ടർ വർഷത്തിൽ ടി 20 യിൽ ഒരു കളിക്കാരൻ നേടുന്ന ഏറ്റവും കൂടുതൽ സെഞ്ച്വറിയാണിത്. ടൂർണമെന്റിന് മുമ്പുള്ള ക്യാപ്റ്റന്റെ പത്രസമ്മേളനത്തിൽ സാംസണെക്കുറിച്ച് ചോദിച്ചപ്പോൾ സൂര്യകുമാർ പറഞ്ഞത് ഇങ്ങനെ: “ഞാൻ നിങ്ങൾക്ക് പ്ലെയിംഗ് ഇലവൻ റെഡിയായി കഴിയുമ്പോൾ മെസ്സേജ് ചെയ്യാം.” താരം പറഞ്ഞു. ‘ഞങ്ങൾ അവനെ (സഞ്ജു സാംസൺ) നന്നായി പരിപാലിക്കുന്നുണ്ട്. വിഷമിക്കേണ്ട, നാളെയും ഞങ്ങൾ അവനെ പരിപാലിക്കും,’ സൂര്യകുമാർ കൂട്ടിച്ചേർത്തു.












