കാഠ്മണ്ഡു : നേപ്പാളിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തതിനു പിന്നാലെ കഴിഞ്ഞ ഏതാനും ദിവസങ്ങളായി നടന്നുവന്നിരുന്ന ‘ജെൻ സീ’ പ്രക്ഷോഭത്തിന് അയവ് വന്നിരിക്കുകയാണ്. രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത നേപ്പാൾ സൈന്യം കർഫ്യൂ പ്രഖ്യാപിച്ചതോടെ ദിവസങ്ങൾക്ക് ശേഷം നേപ്പാളിൽ ശാന്തത അനുഭവപ്പെടുന്നുണ്ട്. രണ്ടുദിവസങ്ങളായി അടച്ചിട്ടിരുന്ന കാഠ്മണ്ഡു വിമാനത്താവളവും ഇന്ന് പ്രവർത്തനം പുനരാരംഭിച്ചു. പ്രതിഷേധക്കാർ സമാധാനപരമായ ചർച്ചയ്ക്ക് തയ്യാറാകണം എന്നാണ് നേപ്പാൾ സൈനിക മേധാവി ഇന്ന് ആവശ്യപ്പെട്ടിരുന്നത്.
നേപ്പാളിലെ കമ്മ്യൂണിസ്റ്റ് സർക്കാരിനെ വീഴ്ത്തിയ ‘ജെൻ സീ’ പ്രതിഷേധത്തിന്റെ മുൻനിരക്കാർ ഇപ്പോൾ പുതിയൊരു ആവശ്യമാണ് രാജ്യത്തിന് മുൻപിൽ വച്ചിട്ടുള്ളത്. നേപ്പാളിലെ മുൻ ചീഫ് ജസ്റ്റിസ് സുശീല കാർക്കിയെ അടുത്ത പ്രധാനമന്ത്രിയാക്കണമെന്നാണ് ‘ജെൻ സീ’ ആവശ്യപ്പെടുന്നത്. നേരത്തെ കാഠ്മണ്ഡു മേയർ ബാലേന്ദ്ര ഷാ എന്ന ബാലൻ ഷായുടെ പേര് പ്രധാനമന്ത്രി പദവുമായി ബന്ധപ്പെട്ട് പറഞ്ഞു കേട്ടിരുന്നെങ്കിലും ഇന്ന് ‘ജെൻ സീ’ ഓൺലൈനിലൂടെ നടത്തിയ യോഗത്തിൽ അദ്ദേഹത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നില്ല. സുശീല കാർക്കി പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തണം എന്നാണ് ഈ ഓൺലൈൻ യോഗത്തിൽ ആവശ്യമുയർന്നിരിക്കുന്നത്.
‘ജെൻ സീ’ യോഗത്തിൽ സുശീല കാർക്കിയും പങ്കെടുത്തിരുന്നു. ഓൺലൈൻ യോഗത്തിൽ കുറഞ്ഞത് ആയിരം പേരുടെയെങ്കിലും പിന്തുണ കിട്ടിയെങ്കിൽ മാത്രമേ താൻ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുന്നതിനെക്കുറിച്ച് പരിഗണിക്കൂ എന്നായിരുന്നു സുശീല കാർക്കിയുടെ അഭിപ്രായം. എന്നാൽ രണ്ടായിരത്തിലധികം പേർ സുശീല കാർക്കിയെ പിന്തുണച്ച് ഒപ്പുകൾ നൽകി.
2016 ജൂലൈ 11 ന് ആയിരുന്നു സുശീല കാർക്കി നേപ്പാളിന്റെ ചീഫ് ജസ്റ്റിസ് ആയി ചുമതലയേറ്റിരുന്നത്. രാജ്യത്ത് ഈ പദവിയിൽ എത്തുന്ന പ്രഥമ വനിത ആയിരുന്നു സുശീല. അഴിമതി കേസുകളിൽ കഠിനമായ നിലപാടുകൾ സ്വീകരിച്ചതിന്റെ പേരിൽ നേപ്പാളിൽ പ്രശസ്തയായാണ് സുശീല കാർക്കി. നിലവിൽ 73 വയസ്സുകാരിയായ സുശീല ഉത്തർപ്രദേശിലെ വാരണാസിയിലുള്ള ബനാറസ് ഹിന്ദു സർവകലാശാലയിൽ നിന്ന് രാഷ്ട്രമീമാംസയിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള വ്യക്തി കൂടിയാണ്.
Discussion about this post