ന്യൂയോർക്ക് : ലോകത്തിലെ ഏറ്റവും വലിയ ധനികൻ എന്ന സ്ഥാനം ടെസ്ല, സ്പേസ് എക്സ് മേധാവി ഇലോൺ മസ്കിന് നഷ്ടമായി. ലോകത്തെ അതിസമ്പന്നരുടെ ഏറ്റവും പുതിയ പട്ടിക പ്രകാരം ലാറി എല്ലിസൺ ആണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത്. അമേരിക്കൻ മൾട്ടിനാഷണൽ കമ്പ്യൂട്ടർ ടെക്നോളജി കോർപ്പറേഷനായ ഒറാക്കിളിന്റെ സഹസ്ഥാപകനാണ് അദ്ദേഹം.
എല്ലിസണിന്റെ ആസ്തി ഒറ്റ ദിവസം കൊണ്ട് അസാധാരണമായി 101 ബില്യൺ ഡോളർ കുതിച്ചുയർന്നതോടെ ആണ് മസ്കിനെ വീഴ്ത്തി അദ്ദേഹം ധനികരുടെ പട്ടികയിൽ ഒന്നാം സ്ഥാനം നേടിയത്. ബ്ലൂംബെർഗ് ബില്യണയേഴ്‌സ് സൂചികയിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും വലിയ ഒരു ദിവസത്തെ സമ്പത്ത് വർദ്ധനവാണ് ഇത്. ഇതോടെ ലാറി എല്ലിസണിന്റെ ആകെ സമ്പത്ത് ഇപ്പോൾ 393 ബില്യൺ ഡോളറായി മാറി.
ടെസ്‌ലയുടെ ഓഹരി മൂല്യത്തിലെ കുത്തനെയുള്ള ഇടിവ് ആണ് മസ്കിന് തിരിച്ചടിയായത്. അതേസമയം ഒറാക്കിൾ റെക്കോർഡ് വരുമാന വർദ്ധനവ് ആണ് ഉണ്ടാക്കിയിരിക്കുന്നത്. ആദ്യമായാണ് ലാറി എല്ലിസൺ ബ്ലൂംബെർഗ് ബില്യണയേഴ്‌സ് സൂചികയിൽ ഒന്നാം സ്ഥാനം നേടുന്നത്. ആഗോള കോടീശ്വരന്മാരുടെ സമ്പത്തിൽ AI യുടെയും ക്ലൗഡ് ഇൻഫ്രാസ്ട്രക്ചറിന്റെയും വർദ്ധിച്ചുവരുന്ന സ്വാധീനത്തെയാണ് ലാറി എല്ലിസണിന്റെ ഈ നേട്ടം വ്യക്തമാക്കുന്നത്.
Discussion about this post