മ്യൂണിക്ക് : കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ജർമനിയിലെമ്യൂണിക്ക് വിമാനത്താവളം അടച്ചിടേണ്ടി വന്നത് രണ്ടുതവണയാണ്. ആകാശത്ത് ഡ്രോണുകൾ കണ്ടെത്തിയതിനെ തുടർന്നാണ് രണ്ടുതവണ അഭിമാനത്താവളത്തിന്റെ പ്രവർത്തനം പൂർണമായും നിർത്തിവയ്ക്കേണ്ടി വന്നത്. നിരവധി വിമാന സർവീസുകളെയും യാത്രക്കാരെയും ഇത് സാരമായി ബാധിച്ചു.
വെള്ളിയാഴ്ച രാത്രി ഏകദേശം 11 മണിയോടെ വിമാനത്താവളത്തിന്റെ വടക്കൻ, തെക്കൻ റൺവേകൾക്ക് സമീപം രണ്ട് ഡ്രോണുകൾ കണ്ടതായി ഫെഡറൽ പോലീസ് പ്രസ്താവനയിൽ പറഞ്ഞു. തിരിച്ചറിയാൻ കഴിയുന്നതിന് മുമ്പ് ഡ്രോണുകൾ പറന്നുയർന്നു എന്നും പോലീസ് വ്യക്തമാക്കി. വെള്ളിയാഴ്ച രാത്രി മുതൽ ശനിയാഴ്ച രാവിലെ വരെ വിമാനത്താവളം അടച്ചിട്ടത് 6,500 യാത്രക്കാരെ ബാധിച്ചു. മുമ്പ്, വ്യാഴാഴ്ച രാത്രി മുതൽ വെള്ളിയാഴ്ച വരെ വിമാനത്താവളം അടച്ചിട്ടിരുന്നു, ഇത് ഏകദേശം 3,000 യാത്രക്കാരെ ബാധിച്ചു.
ബെൽജിയത്തിലെ ഒരു സൈനിക താവളത്തിന് മുകളിലും രാത്രിയിൽ ഡ്രോണുകൾ കണ്ടെത്തി. കഴിഞ്ഞ മാസം ഒരു ഡ്രോൺ സംഭവത്തെ തുടർന്ന് നോർവേയുടെ തലസ്ഥാനമായ ഓസ്ലോയിലേക്കുള്ള വിമാന സർവീസുകളും തടസ്സപ്പെട്ടിരുന്നു. ഈ ഡ്രോണുകൾക്ക് പുറകിൽ ആരാണെന്ന് വ്യക്തമായിട്ടില്ലെങ്കിലും റഷ്യക്ക് നേരെയാണ് യൂറോപ്യൻ രാജ്യങ്ങളുടെ സംശയമുന നീളുന്നത്.
Discussion about this post