ഭോപ്പാൽ : ഭാരതം എന്ന വീട്ടിലെ ഒരു മുറിയാണ് പാക് അധിനിവേശ കശ്മീർ എന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. നമ്മുടെ വീട്ടിലെ ആ മുറി ഇപ്പോൾ മറ്റൊരാൾ കയ്യേറിയിരിക്കുന്നു, അത് നമുക്ക് തിരിച്ചുപിടിക്കണം എന്നും അദ്ദേഹം വ്യക്തമാക്കി. മധ്യപ്രദേശിലെ സത്‌നയിലെ സിന്ധി ക്യാമ്പില്‍ നിര്‍മിച്ച ബാബ മെഹര്‍ ഷാ ദര്‍ബാറിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിഒകെയിലെ പാകിസ്താൻ ഭരണത്തിനെതിരെ വർദ്ധിച്ചുവരുന്ന പ്രതിഷേധങ്ങൾക്കിടയിലാണ് മോഹൻ ഭാഗവതിന്റെ ഈ പരാമർശങ്ങൾ എന്നുള്ളത് ശ്രദ്ധേയമാണ്. വിഭജനത്താൽ തകർന്ന ഐക്യം പുനഃസ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും അദ്ദേഹം സിന്ധി സമൂഹത്തിനു മുൻപിൽ സംസാരിച്ചു. വിഭജനത്തിന് പിന്നാലെ പാകിസ്താനിലേക്ക് പോകാതെ ഭാരതത്തെ തിരഞ്ഞെടുത്ത സിന്ധി സഹോദരന്മാരെ കുറിച്ച് ഓർത്ത് സന്തോഷമുണ്ടെന്നും മോഹൻ ഭാഗവത് അറിയിച്ചു.
“ഇന്ന് നമ്മുടെ സാഹചര്യം ഒരു തകർന്ന കണ്ണാടിയിലേക്ക് നോക്കുകയും നമ്മളെത്തന്നെ വേറിട്ടവരായി കാണുകയും ചെയ്യുന്നു. നമുക്ക് ഐക്യം ആവശ്യമാണ്. എന്തിനാണ് സംഘർഷം? നമ്മൾ ഏത് മതത്തെയോ വിഭാഗത്തെയോ വിളിച്ചാലും, നമ്മളെല്ലാം ഒന്നാണ് എന്നതാണ് സത്യം. നാമെല്ലാവരും ഹിന്ദുക്കളാണ്. ബ്രിട്ടീഷുകാർ ഇവിടെ വന്നു, നമ്മളോട് യുദ്ധം ചെയ്തു, നമ്മളെ തോൽപ്പിച്ചു, നമ്മളെ ഭരിച്ചു. നമ്മുടെ കൈകളിൽ നിന്ന് ആത്മീയതയുടെ കണ്ണാടി തട്ടിയെടുത്ത് ഭൗതികതയുടെ ഒരു തകർന്ന കണ്ണാടി അയാൾ പകരം വച്ചു. അന്നുമുതൽ, നമ്മൾ വേർപിരിഞ്ഞവരായി കണക്കാക്കാനും നിസ്സാരകാര്യങ്ങൾക്ക് വഴക്കിടാനും തുടങ്ങി. എന്നാൽ വീട് ഉപേക്ഷിച്ചു പോയവരെയും തിരികെ കൊണ്ടുവരുകയാണ് ചെയ്യേണ്ടത്” എന്നും മോഹൻ ഭാഗവത് തന്റെ ഉദ്ഘാടന പ്രസംഗത്തിൽ അറിയിച്ചു.
Discussion about this post