ഇസ്ലാമാബാദ് : പാകിസ്താനിൽ ഇസ്രായേൽ വിരുദ്ധ പ്രതിഷേധങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുകയാണ് സർക്കാർ. പ്രതിഷേധങ്ങളെയും സംഘർഷങ്ങളെയും തുടർന്ന് ഇസ്ലാമാബാദിൽ റോഡുകൾ അടച്ചിട്ടു. മേഖലയിൽ ഇന്റർനെറ്റ് സേവനവും റദ്ദാക്കി.
റാവൽപിണ്ടിയിലും പ്രതിഷേധങ്ങൾ, ഘോഷയാത്രകൾ, ഒത്തുചേരലുകൾ എന്നിവ നിരോധിച്ചുകൊണ്ട് സെക്ഷൻ 144 ഏർപ്പെടുത്തിയിട്ടുണ്ട്. ഗാസയെ പിന്തുണച്ചും ഇസ്രായേലിനെതിരെയും പാകിസ്താൻ തലസ്ഥാനമായ ഇസ്ലാമാബാദിൽ മതസംഘടനയായ തെഹ്രീക്-ഇ-ലബ്ബായിക് പാകിസ്ഥാൻ (TLP) ആണ് പ്രതിഷേധങ്ങൾ നടത്തിവന്നിരുന്നത്.
ഗാസയിലെ കൊലപാതകങ്ങൾക്കെതിരെ ടിഎൽപി മാർച്ച് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഇപ്പോൾ പാകിസ്താൻ സർക്കാർ പ്രധാന റോഡുകൾ കണ്ടെയ്‌നറുകൾ ഉപയോഗിച്ച് അടച്ചു. പാകിസ്താൻ ടെലികമ്മ്യൂണിക്കേഷൻ അതോറിറ്റിയോട് മൊബൈൽ ഇന്റർനെറ്റ് റദ്ദാക്കാനും ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു. പ്രധാനപ്പെട്ട സർക്കാർ, എംബസി ഓഫീസുകൾ സ്ഥിതി ചെയ്യുന്ന ഇസ്ലാമാബാദിലെ ‘റെഡ് സോൺ’ പൂർണ്ണമായും അടച്ചുപൂട്ടി. പാകിസ്താൻ സർക്കാരിനെതിരെ എപ്പോഴും വിമർശനങ്ങൾ ഉന്നയിക്കുന്ന തീവ്ര മത സംഘടനയാണ് ഈ പ്രക്ഷോഭങ്ങൾക്ക് പിന്നിൽ എന്നുള്ളതാണ് നടപടികൾ ശക്തമാക്കാൻ പാകിസ്താൻ സർക്കാരിനെ പ്രേരിപ്പിച്ചിരിക്കുന്നത്.
Discussion about this post