സ്റ്റോക്ഹോം : 2025ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം പ്രഖ്യാപിച്ചു. ഏറെക്കാലമായി സമാധാനത്തിനുള്ള നോബൽ സമ്മാനം ആഗ്രഹിച്ചിരുന്ന യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന് കനത്ത തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്. വെനിസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ കൊറിന മച്ചാഡോയ്ക്ക് ആണ് ഈ വർഷത്തെ സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത്.
വെനിസ്വേലയുടെ ‘ഇരുമ്പു വനിത’
എന്നറിയപ്പെടുന്ന മച്ചാഡോ, ടൈം മാഗസിന്റെ ‘2025 ലെ ഏറ്റവും സ്വാധീനമുള്ള 100 പേരുടെ’ പട്ടികയിലും ഇടം നേടിയിരുന്നു. വളരുന്ന ഇരുട്ടിൽ ജനാധിപത്യത്തിന്റെ ജ്വാല ജ്വലിപ്പിച്ചുകൊണ്ടിരിക്കുന്ന വനിതയാണ് മച്ചാഡോ എന്ന് പുരസ്കാരം പ്രഖ്യാപിച്ചുകൊണ്ട്, നൊബേൽ കമ്മിറ്റി ചെയർമാൻ വിശേഷിപ്പിച്ചു. സർക്കാരിനെതിരായ പോരാട്ടങ്ങളെ തുടർന്ന് സ്വന്തം രാജ്യത്ത് തന്നെ ഒളിവിൽ കഴിയുന്ന നേതാവാണ് മരിയ കൊറിന മച്ചാഡോ.
വെനിസ്വേലയിലെ സ്വേച്ഛാധിപത്യ ഭരണകൂടം രാഷ്ട്രീയ പ്രവർത്തനങ്ങൾ അങ്ങേയറ്റം ദുഷ്കരമാക്കുന്നുവെന്ന് നോബൽ കമ്മിറ്റി പറഞ്ഞു. ജനാധിപത്യ വികസനത്തിനായി സമർപ്പിതരായ സംഘടനയായ സുമതേയുടെ സ്ഥാപകയായ മച്ചാഡോ 20 വർഷങ്ങൾക്ക് മുമ്പ് തന്നെ സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പുകൾക്ക് വേണ്ടി വാദിച്ചിരുന്നു. തന്റെ രാജ്യത്തെ പ്രതിപക്ഷത്തെ ഒന്നിപ്പിച്ചു നിർത്തുന്നതിലും മച്ചാഡോ സുപ്രധാന പങ്ക് വഹിച്ചു.
Discussion about this post