മോസ്‌കോ : 2025ലെ സമാധാനത്തിനുള്ള നോബൽ സമ്മാന പ്രഖ്യാപനത്തിൽ പ്രതികരണവുമായി റഷ്യൻ പ്രസിഡണ്ട് വ്‌ളാഡിമിർ പുടിൻ. ട്രംപ് നോബൽ സമ്മാനത്തിന് അർഹനാണോ എന്ന കാര്യം തനിക്ക് അറിയില്ലെന്ന് പുടിൻ അഭിപ്രായപ്പെട്ടു. എന്നാൽ നോബൽ സമ്മാനത്തിന്റെ അന്തസ്സ് നേരത്തെ തന്നെ നഷ്ടപ്പെട്ടതാണ് എന്നും അദ്ദേഹം പ്രതികരിച്ചു.
വെനിസ്വേലയുടെ മരിയ കൊറിന മച്ചാഡോയ്ക്ക് നോബൽ സമ്മാനം നൽകാനുള്ള നോർവീജിയൻ കമ്മിറ്റിയുടെ തീരുമാനത്തിന് പിന്നാലെയാണ് റഷ്യൻ പ്രസിഡന്റിന്റെ ഈ പ്രതികരണം. സമാധാനത്തിനായി ഒന്നും ചെയ്യാത്ത ആളുകൾക്ക് നോബൽ കമ്മിറ്റി സമാധാന സമ്മാനം നൽകിയതിന് നിരവധി ഉദാഹരണങ്ങളുണ്ടെന്ന് പുടിൻ പറഞ്ഞു. കുറഞ്ഞത് ട്രംപ് പശ്ചിമേഷ്യൻ സംഘർഷത്തിൽ സമാധാനം കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടത്തിയിട്ടുണ്ട് എന്നും പുടിൻ സൂചിപ്പിച്ചു.
സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിക്കുന്നതിനായി മാസങ്ങൾക്ക് മുൻപേ തന്നെ അമേരിക്കൻ പ്രസിഡണ്ട് ശ്രമങ്ങൾ ആരംഭിച്ചിരുന്നു. ലോകമെമ്പാടുമുള്ള നിരവധി യുദ്ധങ്ങൾ താൻ ഇടപെട്ടാണ് പരിഹരിച്ചത് എന്ന് അദ്ദേഹം നിരന്തരം അവകാശവാദവും ഉന്നയിച്ചിരുന്നു. എന്നാൽ ജനാധിപത്യം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് വെനിസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ കൊറിന മച്ചാഡോയ്ക്ക് ആണ് 2025 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത്.
Discussion about this post