ന്യൂഡൽഹി : രാഹുൽ ഗാന്ധി സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് അർഹനാണെന്ന് കോൺഗ്രസ് വക്താവ് സുരേന്ദ്ര സിംഗ് രജ്പുത്. വെനിസ്വേലയിലെ പ്രതിപക്ഷ നേതാവിനെയാണ് നോബൽ കമ്മിറ്റി ഈ വർഷത്തെ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് തിരഞ്ഞെടുത്തത്. ഇതേ രീതിയിൽ ഇന്ത്യയുടെ പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധി രാജ്യത്തെ സംരക്ഷിക്കാൻ പോരാടുകയാണെന്ന് കോൺഗ്രസ് വക്താവ് പ്രസ്താവന നടത്തി.
“ഭരണഘടനയെ പ്രതിരോധിച്ചതിന് വെനിസ്വേലയിലെ പ്രതിപക്ഷ നേതാവിന് ഈ വർഷത്തെ സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു. ഇന്ത്യയിലെ പ്രതിപക്ഷ നേതാവ് ശ്രീ രാഹുൽ ഗാന്ധിയും രാജ്യത്തിന്റെ ഭരണഘടനയെ രക്ഷിക്കാനുള്ള പോരാട്ടത്തിലാണ്,” എന്ന് കോൺഗ്രസിന്റെ ദേശീയ മാധ്യമ പാനലിസ്റ്റ് അംഗമായ രജ്പുത് എക്സിൽ പങ്കുവെച്ച ഒരു പോസ്റ്റിലൂടെ വ്യക്തമാക്കി.
വെനിസ്വേലയിലെ സർക്കാരിനെതിരായ പോരാട്ടങ്ങളെ തുടർന്ന് സ്വന്തം രാജ്യത്ത് തന്നെ ഒളിവിൽ കഴിയുന്ന നേതാവാണ് മരിയ കൊറിന മച്ചാഡോ. ജനാധിപത്യ വികസനത്തിനായി സമർപ്പിതരായ സംഘടനയായ സുമതേയുടെ സ്ഥാപകയായ മച്ചാഡോ തന്റെ രാജ്യത്തെ പ്രതിപക്ഷത്തെ ഒന്നിപ്പിച്ചു നിർത്തുന്നതിലും സുപ്രധാന പങ്ക് വഹിച്ച വ്യക്തിയാണ്.
Discussion about this post