കൊൽക്കത്ത : പശ്ചിമ ബംഗാളിൽ എംബിബിഎസ് വിദ്യാർഥിനി കൂട്ട ബലാത്സംഗത്തിനിരയായ സംഭവത്തിൽ വിവാദ പ്രസ്താവനയുമായി മുഖ്യമന്ത്രി മമത ബാനർജി. പെൺകുട്ടികൾ രാത്രിയിൽ പുറത്തിറങ്ങി നടക്കുന്നത് കൊണ്ടാണ് ബലാത്സംഗം ചെയ്യപ്പെടുന്നത് എന്നാണ് മമത അഭിപ്രായപ്പെട്ടത്.
കോളേജുകളും ഹോസ്റ്റലുകളും രാത്രിയിൽ പെൺകുട്ടികളെ പുറത്തിറങ്ങാൻ അനുവദിക്കരുത് എന്നും മമത ബാനർജി വ്യക്തമാക്കി.
ഓരോ തവണയും ബലാത്സംഗം നടക്കുമ്പോൾ തന്റെ സർക്കാരിനെ ഒറ്റപ്പെടുത്തുന്നത് എന്തുകൊണ്ടാണെന്നും മമത ബാനർജി ചോദിച്ചു. “പശ്ചിമ ബംഗാളിൽ മാത്രമല്ല ബലാത്സംഗങ്ങൾ നടക്കുന്നത്. ഒരു മാസം മുൻപ് ഒഡീഷയിലും ഒരു പെൺകുട്ടിയെ കൂട്ട ബലാത്സംഗത്തിനിരയായിരുന്നല്ലോ? ഇവിടെ ദുർഗാപുരിലെ പെൺകുട്ടി ഒരു സ്വകാര്യ മെഡിക്കൽ കോളേജിൽ പഠിക്കുകയായിരുന്നു. രാത്രി അവൾ എങ്ങനെ പുറത്തിറങ്ങി? എനിക്കറിയാവുന്നിടത്തോളം, കാട്ടിൽ വെച്ചാണ് സംഭവം നടന്നത്. എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല. അന്വേഷണം പുരോഗമിക്കുകയാണ്. ഈ സംഭവത്തിൽ ഞാൻ ഞെട്ടിപ്പോയി. പക്ഷേ സ്വകാര്യ മെഡിക്കൽ കോളേജുകൾ അവരുടെ വിദ്യാർത്ഥികളെ, പ്രത്യേകിച്ച് പെൺകുട്ടികളെ നിയന്ത്രിക്കണം” എന്നും മമത ബാനർജി അഭിപ്രായപ്പെട്ടു.
പെൺകുട്ടികൾ തങ്ങളുടെ സുരക്ഷയെ കുറിച്ച് സ്വയം ചിന്തിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും മമത ബാനർജി അഭിപ്രായപ്പെട്ടു. പെൺകുട്ടികൾ രാത്രിയിൽ പുറത്തിറങ്ങാതിരിക്കാൻ കോളേജുകൾ ശ്രദ്ധിക്കണമെന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി അറിയിച്ചു.
ആർ ജി കർ ആശുപത്രിയിലെ എംബിബിഎസ് വിദ്യാർത്ഥിനി ബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ ഇപ്പോൾ ദുർഗ്ഗാപൂരിലെ എംബിബിഎസ് വിദ്യാർത്ഥിനിക്ക് നേരെ ഉണ്ടായ ആക്രമണവും പശ്ചിമബംഗാളിൽ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. മമതാ സർക്കാരിനെതിരെ കടുത്ത പ്രതിഷേധങ്ങളാണ് സംസ്ഥാനത്ത് ഉയരുന്നത്.
Discussion about this post