സ്വത്തവകാശത്തിൽ പെണ്മക്കൾക്ക് തുല്യത ഉറപ്പു വരുത്തുന്നതിനായി മുസ്ലിം സമുദായത്തിൽ നടക്കുന്ന പുനർവിവാഹത്തിന്റെ എണ്ണത്തിൽ വർദ്ധനവ്. ശരിയത്ത് നിയമപ്രകാരം നടക്കുന്ന വിവാഹങ്ങൾ മൂലം പെൺകുട്ടികൾക്ക് തുല്യ ലഭിക്കാത്ത സാഹചര്യമാണ് സമുദായത്തിൽ നിലവിൽ ഉള്ളത്. പ്രത്യേകിച്ച്, മാതാപിതാക്കൾക്ക് പെൺകുട്ടികൾ മാത്രമാണ് ഉള്ളതെങ്കിൽ. ആ സാഹചര്യത്തിൽ പാതിസ്വത്ത് മാത്രം മകൾക്ക് നൽകി ബാക്കിഭാഗത്തിൽ പിതാവിന്റെ രക്തബന്ധങ്ങൾക്കു കൂടി സ്വത്തവകാശം വരും. ഇതിനെ മറികടക്കാനാണ് സ്പെഷൽ മാരേജ് ആക്റ്റ് പ്രകാരം പുനർവിവാഹങ്ങൾ നടത്തി മാതാപിതാക്കൾ പെൺമക്കളോട് ഉള്ള കരുതൽ കാണിക്കുന്നത്.
അത്തരത്തിൽ അടുത്തിടെ നടന്ന ഒരു സ്പെഷൽ മാരേജ് ആക്റ്റ് പ്രകാരമുള്ള ഒരു പുനർവിവാഹത്തിന്റെ കഥ അരുൺ സോമനാഥൻ എന്ന വ്യക്തി ഫേസ്ബുക്കിൽ പങ്കുവെക്കുക ആയിരുന്നു. തന്റെ കൂടെ ജോലി ചെയ്തിരുന്ന ലത്തീഫ് എന്ന വ്യക്തിയും ഭാര്യ സാബിറയുമാണ് ഏകമകളുടെ അവകാശം സംരക്ഷിക്കാൻ ഈ ധീരമായ തീരുമാനം എടുത്തത്. അദ്ദേഹം പങ്കുവെച്ച ഈ കുറിപ്പിന് പിന്നാലെ ഒരുപാട് പേരാണ് ദമ്പതികളെ അഭിനന്ദിച്ച് രംഗത്ത് വന്നിരിക്കുന്നത്.
കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ:
ഇതിനിടയ്ക്ക് നിശ്ശബ്ദമായ ഒരു വിപ്ലവം മുസ്ലിം സമുദായത്തിൽ നടക്കുന്നത് അറിയാതെ പോകരുത്. മുസ്ലിം ഭാര്യാഭർത്താക്കന്മാർ ഇൻഡ്യൻ സ്പെഷൽ മാര്യേജ് ആക്റ്റ് പ്രകാരം പുനർവിവാഹം ചെയ്തുകൊണ്ട് പെണ്മക്കൾക്ക് തങ്ങളുടെ സ്വത്തവകാശത്തിൽ തുല്യത ഉറപ്പു വരുത്തുന്ന വിപ്ലവം. ഒരു വനിതാദിനത്തിൽ ഷുക്കൂർ വക്കീൽ തുടങ്ങിവച്ച, ഇസ്ലാമിലെ സ്ത്രീപുരുഷ സമത്വത്തിനായുള്ള ആ വിപ്ലവം ഇപ്പോൾ ചെന്നൈയിൽ എന്റെ കൂടെ ജോലി ചെയ്തിരുന്ന, പുരോഗമനചിന്താരീതിയിൽ ഗുരുതുല്യനോ സഹോദരതുല്യനോ ആയ ശ്രീ ലത്തീഫ് മാഷും ഭാര്യ സാബിറ ചേച്ചിയും ചെയ്തിരിക്കുകയാണ്. നാടകകൃത്തും നടനും സംവിധായകനും ഒക്കെയായ ഒരു ബഹുമുഖപ്രതിഭ ആണ് ഞങ്ങളുടെ ലത്തീഫ് മാഷ്. റിട്ടയർമെന്റിനു ശേഷം അദ്ദേഹവും ഭാര്യയും കൂടി തങ്ങളുടെ ഏകമകളുടെ അവകാശങ്ങൾ സംരക്ഷിക്കാനായി സ്പെഷൽ മാരേജ് ആക്റ്റ് പ്രകാരം ഈയിടെ പുനർവിവാഹം ചെയ്തു.
നമ്മുടെയിടയിലെ മുസ്ലിം സമുദായക്കാർ വിവാഹം കഴിക്കുമ്പോൾ ശരിയത്ത് നിയമപ്രകാരമാണല്ലോ വിവാഹം കഴിക്കുക. ശരിയത്ത് നിയമങ്ങളുടെ ഒരു വലിയ പ്രശ്നമാണ് അതിൽ സ്ത്രീകൾക്ക് പുരുഷനൊപ്പം തുല്യത നൽകുന്നില്ല എന്നത്. ഉദാഹരണത്തിന് ഒരു മകനും മകളും ആണെങ്കിൽ സ്വത്തിൽ 2 ഭാഗം മകനും ഒരു ഭാഗം മാത്രം മകൾക്കും നൽകുന്നു. ഇനി ഒരു മകനും രണ്ട് മകളും ആണെങ്കിലും സ്വത്തിനെ നാലായി ഭാഗിച്ച് 2 ഭാഗം മകനും ഓരോ ഭാഗം വീതം പെണ്മക്കൾക്കും ലഭിയ്ക്കുന്നു. പ്രശ്നം ഏറ്റവും ഗുരുതരമാകുന്നത് ദമ്പതികൾക്ക് പെണ്മക്കൾ മാത്രം ആകുമ്പോഴാണ്. ശരിയത്ത് നിയമപ്രകാരം അവരുടെ സ്വത്തിന്റെ പൂർണ്ണ അവകാശം പെണ്മക്കൾക്ക് മാത്രമായി കിട്ടില്ല. പെണ്ണിന് അവളെ സ്വയം നോക്കാൻ കഴിയില്ല എന്നരീതിയിൽ പാതിസ്വത്ത് മാത്രം മകൾക്ക് നൽകി ബാക്കിഭാഗത്തിൽ പിതാവിന്റെ രക്തബന്ധങ്ങൾക്കു കൂടി സ്വത്തവകാശം വരും.
ഇന്ന് മുസ്ലിം പെൺകുട്ടികൾ ഹിന്ദു ക്രിസ്ത്യൻ പെൺകുട്ടികളെപ്പോലെ പഠിച്ച് സ്വന്തമായി ജോലി നേടിയോ ബിസിനസ്സ് ചെയ്തോ ഒക്കെ മുഖ്യധാരയിൽ വന്നു നിൽക്കുന്നു. ഏതൊരു സ്ത്രീയ്ക്കും സ്വയം ജീവിക്കാൻ കഴിയുന്ന ഒരു സമൂഹത്തിലാണ് നമ്മൾ ഇന്ന് ജീവിക്കുന്നത്. അപ്പോൾ അവർക്ക് മാതാപിതാക്കളുടെ സ്വത്തിൽ പൂർണ്ണാവകാശം ദൈവിക നിയമത്തിന്റെ പേരിൽ നിഷേധിക്കുന്നത് ക്രൂരതയാണ്. കുടുംബമായ് ജീവിക്കുന്ന സ്ത്രീയ്ക്ക് പാതിസ്വത്ത് മാത്രം നൽകുന്നത് നീതീകരിക്കാൻ പോലും ആകാത്ത ക്രൂരതയാണ്. ആ ക്രൂരതയ്ക്ക് ഒരു പരിഹാരമാണ് മുസ്ലിങ്ങൾ നമ്മളുടെ ഭാരതീയ നിയമസംവിധാനത്തിലെ സ്പെഷ്യൽ മാര്യേജ് ആക്റ്റ് പ്രകാരം വിവാഹം കഴിക്കുക എന്നുള്ളത്. ഇലയ്ക്കും മുള്ളിനും കേടില്ലാതെ സ്വത്തവകാശപ്രശ്നം അങ്ങനെ അവർക്ക് പരിഹരിക്കാൻ ആവുന്നു. അല്ലാതെ മതപണ്ഡിതർ കൂടിയാലോചിച്ച് ശരിയത്ത് നിയമം പരിഷ്കരിക്കുന്നത് വരെയോ ഇന്ത്യാ ഗവണ്മെന്റ് യൂണിഫോംസിവിൽകോഡ് നടപ്പാക്കുന്നതുവരെയോ കാത്തിരിക്കാൻ പോയാൽ മുസ്ലിം പെൺകുട്ടികൾക്ക് തന്നെയാണ് നഷ്ടം.
എല്ലാ മാതാപിതാക്കൾക്കും അവരുടെ അദ്ധ്വാനഫലം അവരുടെ മക്കൾക്ക് പോകണമെന്നല്ലേ ആഗ്രഹം ഉണ്ടാവുക. ആണായാലും പെണ്ണായാലും മക്കളോട് തുല്യമായല്ലേ സ്നേഹമുണ്ടാവുക. പക്ഷേ മതചിന്ത മകളേക്കാൾ മകനെ കൂടുതൽ സ്നേഹിക്കാൻ പഠിപ്പിക്കുന്നെങ്കിൽ ഇക്കാലത്ത് അത് തിരുത്തപ്പെടേണ്ടതുണ്ട് എന്ന് മതത്തിനകത്ത് നിന്നുകൊണ്ട് മുസ്ലിങ്ങൾ വിചാരിച്ചാൽ അതൊരു സാമൂഹിക വിപ്ലവം ആണ്. ഹിന്ദുക്കളിലെ ജാതിപരിഷ്കരണങ്ങൾ മുഴുവൻ സമൂഹവും ചർച്ച ചെയ്തതും പിന്തുണച്ചതും ആണ്. അതേപോലെ മുസ്ലിം സമുദായ പരിഷ്കരണശ്രമങ്ങൾ മുസ്ലിങ്ങളിൽ നിന്നും ഉണ്ടാവുന്നത് മുഴുവൻ സമൂഹവും ചർച്ച ചെയ്യുകയും പിന്തുണയ്ക്കുകയും ചെയ്യണം എന്നുകരുതുന്നതുകൊണ്ടാണ് ഞാനിവിടെ ഇതെഴുതാൻ തയ്യാറാവുന്നത്.
കാരണം പുരോഗമന ചിന്തകൾ മനുഷ്യന്റെ ഇത്തിരിക്കാലമുള്ള ജീവിതം കൂടുതൽ ആയാസരഹിതമാക്കാൻ വേണ്ടിയുള്ളതാകണം എന്നാണാഗ്രഹം. ഏത് സമുദായത്തിലാണോ സ്ത്രീകൾ പിന്നോക്കം പോകുന്നത് ആ സമുദായത്തിന് അഭിവൃദ്ധി ഉണ്ടാവില്ല. അങ്ങനെ ഏതെങ്കിലും ഒരു സമുദായം പിന്നോക്കം പോകുന്നത് രാഷ്ട്രത്തിന് ബാദ്ധ്യതയാണ്. ഹിന്ദുവാകട്ടെ, മുസ്ലിം ആകട്ടെ, ക്രിസ്ത്യാനിയാവട്ടെ- അവരിലെ ഓരോ സമുദായങ്ങളുടെയും പിന്നോക്കാവസ്ഥയ്ക്ക് പല കാരണങ്ങളും ഉണ്ടാകും. അതിന്റെ പരിഹാരം അതത് സമുദായത്തിനുള്ളിൽ നിന്നുതന്നെ ഉയർന്നുവന്നാൽ മാറ്റങ്ങൾ എളുപ്പമാകും എന്നാണ് കരുതുന്നത്. അതുകൊണ്ടുതന്നെ മുഴുവൻ സമൂഹവും സഹോദരസമുദായങ്ങളിലെ ഇത്തരം ആശയവിപ്ലവങ്ങളെ പിന്തുണയ്ക്കേണ്ടതുണ്ട് എന്നുകരുതുന്നതുകൊണ്ടുമാത്രം ഈ വിവരം ഷെയർ ചെയ്യുന്നു.
ലത്തീഫ് സാറിനും ( Kpa Latheef ) ഭാര്യ സാബിറ ചേച്ചിയ്ക്കും മകൾ നജയ്ക്കും കൊച്ചുമകൾക്കും ആശംസകൾ.
Discussion about this post