അതിർത്തിയിൽ അഫ്ഗാൻ സൈനികർ തുടർച്ചയായി നടത്തുന്ന ആക്രമണങ്ങൾക്ക് പിന്നാലെ സമനില തെറ്റി പാകിസ്താൻ സൈനിക മേധാവി അസിം മുനീർ. താലിബാൻ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ വിളിച്ചു ചേർത്ത ഉന്നത തലയോഗത്തിൽ സൈനിക ഉദ്യോഗസ്ഥരോട് അസിം മുനീർ പൊട്ടിത്തെറിക്കുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്.”എവിടെയായിരുന്നു ഇന്റലിജൻസ് സംവിധാനം? എന്താണ് ഇന്റലിജൻസ് പരാജയത്തിന്റെ കാരണം?” തുടങ്ങിയ ചോദ്യങ്ങൾ അദ്ദേഹം ആവർത്തിച്ചതായും വിവരങ്ങളുണ്ട്.
റാവൽപിണ്ടിയിലെ ജനറൽ ഹെഡ്ക്വാർട്ടേഴ്സിലായിരുന്നു അടിയന്തരയോഗം. വിവിധ സേനവിഭാഗങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരാണ് യോഗത്തിൽ പങ്കെടുത്തത്. പാകിസ്താന്റെ പടിഞ്ഞാറൻ അതിർത്തിയിൽ വലിയ ഇന്റലിജൻസ് പരാജയം സംഭവിച്ചതായും തന്ത്രപരമായ നീക്കങ്ങളുടെ അഭാവമുണ്ടായെന്നുമാണ് യോഗത്തിലെ വിലയിരുത്തൽ. ഇത്തരത്തിലുള്ള വലിയ ആക്രമണങ്ങൾ മുൻകൂട്ടി അറിയുന്നതിൽ എന്തുകൊണ്ടാണ് ഇന്റലിജൻസ് പരാജയപ്പെട്ടതെന്നും തിരിച്ചടി വൈകിയത് എന്തുകൊണ്ടാണെന്നും സൈനിക മേധാവി ഉദ്യോഗസ്ഥരോട് ചോദിച്ചു. ഇതിനെല്ലാം വിശദമായ മറുപടി നൽകണമെന്നും ഏഴുദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും സൈനിക മേധാവി വിവിധ കമാൻഡർമാരോട് ആവശ്യപ്പെട്ടെന്നാണ് ദേശീയ മാദ്ധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്യുന്നത്.
ആഭ്യന്തരമായും ബാഹ്യമായും പാകിസ്താൻ യുദ്ധത്തിലാണെന്നായിരുന്നു നിലവിലെ സ്ഥിതിഗതികൾ സംബന്ധിച്ച് അസിം മുനീർ യോഗത്തിൽ പറഞ്ഞത്. തീവ്രവാദ സംഘടനയായ തെഹ്രീകെ താലിബാൻ പാകിസ്താനെ(ടിടിപി) ലക്ഷ്യമിട്ട് പാക് സൈന്യം അഫ്ഗാൻ പ്രദേശത്തിനുള്ളിൽ വ്യോമാക്രമണം നടത്തിയതിനെ തുടർന്നാണ് നിലവിലെ സംഘർഷങ്ങൾ ഉടലെടുത്തത്.മറുപടിയെന്നോണം ഡ്യൂറണ്ട് രേഖയിലെ പാക് സൈനിക അതിർത്തി പോസ്റ്റുകളിൽ അഫ്ഗാൻ സേന ആക്രമണം നടത്തി. ഒക്ടോബർ 11-12 തീയതികളിൽ രാത്രിയിൽ, പാകിസ്താൻ സൈനിക പോസ്റ്റുകൾ ആക്രമിക്കുകയും 25 പോസ്റ്റുകൾ പിടിച്ചെടുക്കുകയും ചെയ്തു. ഖൈബർ പഖ്തൂൺഖ്വ, ബാരാംച മേഖലയിലെ അംഗൂർ അഡ, ബജാവുർ, ഖുറം, ദിർ, ചിത്രാൽ തുടങ്ങി പ്രദേശങ്ങളിലെ പാക് സൈനിക പോസ്റ്റുകൾക്കുനേരേയാണ് അഫ്ഗാനിസ്താൻ വ്യോമാക്രമണം നടത്തിയത്. ചിലയിടങ്ങളിൽ ചാവേർ ആക്രമണമുണ്ടായതായും റിപ്പോർട്ടുണ്ട്. ആക്രമണത്തിൽ 58 പാകിസ്താൻ സൈനികർ കൊല്ലപ്പെട്ടതായി അഫ്ഗാൻ അവകാശപ്പെട്ടു. 23 പേർ മരിച്ചതായി പാകിസ്താൻ സമ്മതിക്കുകയും പ്രത്യാക്രമണങ്ങളിൽ 200 താലിബാൻകാർ കൊല്ലപ്പെട്ടതായി അവകാശപ്പെടുകയും ചെയ്തു.
Discussion about this post