ഭോപ്പാൽ : ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ സൂപ്പർ താരം സ്മൃതി മന്ദാന വിവാഹിതയാകുന്നു. ബോളിവുഡിലെ പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ പലാശ് മുച്ചൽ ആണ് വരൻ. ആറ് വർഷങ്ങൾ നീണ്ട പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരാകാൻ ഒരുങ്ങുന്നത്. ഇരുവരും തമ്മിലുള്ള ചിത്രങ്ങൾ നേരത്തെ തന്നെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയം നേടിയിരുന്നു. ശനിയാഴ്ച പലാശ് നടത്തിയ ഒരു പത്രസമ്മേളനത്തിനിടയിൽ മാധ്യമപ്രവർത്തകർ സ്മൃതിയെക്കുറിച്ച് ചോദിച്ചപ്പോൾ, അവർ ഉടൻതന്നെ ഇൻഡോറിന്റെ മരുമകൾ ആകും എന്നാണ് അദ്ദേഹം സൂചിപ്പിച്ചത്.
ബോളിവുഡിലെ ഏറ്റവും പ്രായം കുറഞ്ഞ സംഗീതജ്ഞനായി ഗോൾഡൻ ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ ഇടം നേടിയിട്ടുള്ള വ്യക്തിയാണ് പലാശ് മുച്ചൽ. ദിഷ്‌കിയാവൂൺ, ഭൂത്‌നാഥ് റിട്ടേൺസ് , അമിത് സാഹ്‌നി കി ലിസ്റ്റ് എന്നീ ചിത്രങ്ങളുടെ സംഗീതസംവിധായകനായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സഹോദരി പാലക് മുച്ചലും പ്രശസ്ത ബോളിവുഡ് ഗായികയാണ്. ഈ സഹോദരങ്ങൾ ഇരുവരും ചേർന്ന് ഹൃദ്രോഗ ചികിത്സയ്ക്ക് സാമ്പത്തിക സഹായം ആവശ്യമുള്ള ദരിദ്രരായ കുട്ടികൾക്കായി ഫണ്ട് സ്വരൂപിക്കുന്നതിനായുള്ള വിവിധ പ്രവർത്തനങ്ങളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും ആണ് ശ്രദ്ധ നേടിയത്.
ഇന്ത്യൻ ദേശീയ ടീമിന്റെ വൈസ് ക്യാപ്റ്റനായ സ്മൃതി മന്ദാന മുംബൈ സ്വദേശിയാണ്. ഒൻപതാം വയസ്സിൽ മഹാരാഷ്ട്രയുടെ അണ്ടർ 15 ടീമിലേക്കും പതിനൊന്നാം വയസ്സിൽ മഹാരാഷ്ട്ര അണ്ടർ 19 ടീമിലേക്കും തിരഞ്ഞെടുക്കപ്പെട്ട സ്മൃതി നിലവിൽ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര സെഞ്ച്വറികൾ നേടിയ വനിതാ ക്രിക്കറ്റ് താരങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണുള്ളത്.
Discussion about this post