ബീജിങ് : വർഷങ്ങൾ നീണ്ട ഇടവേളയ്ക്കുശേഷം ഇന്ത്യയും ചൈനയും തമ്മിലുള്ള നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നു. നവംബർ 9 മുതൽ ചൈനയിൽ നിന്നും ഇന്ത്യയിലേക്കുള്ള റൗണ്ട് ട്രിപ്പ് വിമാന സർവീസുകൾ ആരംഭിക്കും എന്ന് ചൈന ഈസ്റ്റേൺ എയർലൈൻസ് അറിയിച്ചു. ഷാങ്ഹായ്ക്കും ന്യൂഡൽഹിക്കും ഇടയിലുള്ള സർവീസ് ആണ് പുനരാരംഭിക്കുന്നത്.
ഇന്ത്യ-ചൈന ബന്ധം മെച്ചപ്പെടുത്തുന്നതിനായി ഇരു രാജ്യങ്ങളും നടത്തുന്ന തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് ഈ നടപടി. അഞ്ചുവർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഇന്ത്യയും ചൈനയും തമ്മിലുള്ള നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നത്. ഈ വർഷം ഓഗസ്റ്റിൽ ടിയാൻജിനിൽ നടന്ന ഷാങ്ഹായ് സഹകരണ സംഘടനാ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡന്റ് ഷി ജിൻപിങ്ങും നടത്തിയ കൂടിക്കാഴ്ചയിൽ ആണ് ഇരു രാജ്യങ്ങളും തമ്മിൽ നേരിട്ടുള്ള വിമാന സർവീസുകൾ വീണ്ടും ആരംഭിക്കാൻ തീരുമാനമായത്.
ഷാങ്ഹായിലെ പുഡോങ് വിമാനത്താവളത്തിൽ നിന്ന് ഉച്ചയ്ക്ക് 12:50 ന് പുറപ്പെട്ട് ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ത്യൻ സമയം വൈകുന്നേരം 5:45 ന് എത്തിച്ചേരുന്ന രീതിയിലാണ് ചൈന ഈസ്റ്റേൺ എയർലൈൻസ് സർവീസുകൾ നിശ്ചയിച്ചിരിക്കുന്നത്. ഡൽഹിയിൽ നിന്ന് രാത്രി 7:55 ന് തിരിച്ചുള്ള വിമാനം പുറപ്പെട്ട് അടുത്ത ദിവസം പുലർച്ചെ പ്രാദേശിക സമയം 4:10 ന് ഷാങ്ഹായ് പുഡോങ്ങിൽ തിരികെ എത്തിച്ചേരും. എല്ലാ ബുധൻ, ശനി, ഞായർ ദിവസങ്ങളിലും സർവീസ് നടത്തും. അടുത്ത മാസം ആരംഭിക്കാൻ പോകുന്ന ഈ റൂട്ടിലേക്കുള്ള ടിക്കറ്റ് വിൽപ്പനയും എയർലൈൻ ആരംഭിച്ചിട്ടുണ്ട്.
Discussion about this post