ലഖ്‌നൗ : ഉത്തർപ്രദേശിലെ മഥുരയ്ക്ക് സമീപം ചരക്ക് തീവണ്ടി പാളം തെറ്റി. ചൊവ്വാഴ്ച രാത്രിയായിരുന്നു അപകടം നടന്നത്. ചരക്ക് തീവണ്ടിയുടെ 13 ബോഗികൾ പാളം തെറ്റി. ആഗ്ര റെയിൽ ഡിവിഷനിലെ മഥുര-പൽവാൽ സെക്ഷന് കീഴിലുള്ള വൃന്ദാവൻ റോഡ് സ്റ്റേഷനും അജ്ഹായ് സ്റ്റേഷനും ഇടയിലാണ് അപകടമുണ്ടായത്.
ചരക്ക് തീവണ്ടി പാളം തെറ്റിയതിനെ തുടർന്ന് ആളപായം ഒന്നും ഉണ്ടായിട്ടില്ല എന്ന് റെയിൽവേ വ്യക്തമാക്കി. എന്നാൽ ഈ മേഖലയിലെ റെയിൽ ഗതാഗതത്തെ ഈ അപകടം സാരമായി ബാധിച്ചിട്ടുണ്ട്. ഡൽഹി-മുംബൈ റൂട്ടിൽ റെയിൽ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.
ഖുജ്‌റാഹോ-നിസാമുദ്ദീൻ വന്ദേ ഭാരത്, റാണി കമലപതി-ന്യൂഡൽഹി ശതാബ്ദി എക്സ്പ്രസ് എന്നിവയുൾപ്പെടെ നിരവധി ട്രെയിനുകൾക്ക് തടസ്സം നേരിട്ടു.
വന്ദേ ഭാരത്, ശതാബ്ദി എക്സ്പ്രസ് എന്നിവയുൾപ്പെടെ നിരവധി ട്രെയിനുകൾ റെയിൽവേ റദ്ദാക്കുകയും മറ്റ് നിരവധി ട്രെയിനുകൾ വഴിതിരിച്ചുവിടുകയും ചെയ്തു. വന്ദേ ഭാരത് എക്സ്പ്രസ് ഉൾപ്പെടെ നിരവധി ട്രെയിനുകൾ റദ്ദാക്കിയത് യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടിന് ഇടയാക്കി. 12486 ഹസൂർ സാഹിബ് എക്സ്പ്രസ്, 12472 സ്വരാജ് എക്സ്പ്രസ്, 20156 ന്യൂഡൽഹി അംബേദ്കർ നഗർ എക്സ്പ്രസ്, 12172 ഹരിദ്വാർ മുംബൈ എക്സ്പ്രസ്, 22408 ഹസ്രത്ത് നിസാമുദ്ദീൻ അംബികാപൂർ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, 22210 തുരന്തോ എക്സ്പ്രസ്, 12722 ദക്ഷിണ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, 01494 പൂനെ സൂപ്പർഫാസ്റ്റ് എന്നിവയുടെ റൂട്ടുകളിൽ മാറ്റം വരുത്തി വഴി തിരിച്ചു വിട്ടതായി റെയിൽവേ അറിയിച്ചു.
Discussion about this post