ഏഷ്യാകപ്പിൽ ഫൈനലിൽ പാകിസ്താനെ തോൽപ്പിച്ച് ചാമ്പ്യൻമാരായ ടീം ഇന്ത്യയ്ക്ക് ട്രോഫി കൈമാറുന്നതിന് വീണ്ടും മുടന്തൻ ന്യായങ്ങൾ നിരത്തി ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ചെയർമാൻ മുഹ്‌സിൻ നഖ്വി. എത്രയും പെട്ടെന്ന് ട്രോഫി കൈമാറാണമെന്ന് ആവശ്യപ്പെട്ട് ബിസിസിഐ,നഖ്വിയ്ക്ക് അന്ത്യശാസനമെന്നോണം കത്തയച്ചിരുന്നു. ഇതിന് മറുപടി ആയാണ് നഖ്വി മുടന്തൻ ന്യായങ്ങൾ നിരത്തിയത്.
ഒരു ഇന്ത്യൻ താരത്തെ തന്റെ അടുത്തേക്ക് അയച്ചാൽ തന്നു വിടാമെന്നായിരുന്നു നഖ്‌വിയുടെ നിലപാട്. ബിസിസിഐയ്ക്കു താൽപര്യമുണ്ടെങ്കിൽ ഇന്ത്യയിൽ സമ്മാനദാനച്ചടങ്ങ് സംഘടിപ്പിക്കാമെന്ന നിർദേശവും നഖ്‌വി മുന്നോട്ടുവച്ചു. ട്രോഫി രാജ്യത്ത് എത്തിക്കണമെങ്കിൽ തന്റെ കയ്യിൽ നിന്ന് ബിസിസിഐ പ്രതിനിധി നേരിട്ടുവാങ്ങണമെന്ന വാശിയിൽ നിൽക്കുകയാണ് നഖ്വി. എന്നാൽ എന്ത് സംഭവിച്ചാലും നഖ്വിയുടെ കയ്യിൽ നിന്നും ട്രോഫി വേണ്ടെന്ന നിലപാടിലാണ് ബിസിസിഐ. വിഷയം അടുത്ത മാസം നടക്കുന്ന ഐസിസി യോഗത്തിൽ ഉന്നയിക്കാനാണ് ബിസിസിഐയുടെ നിലപാട്.
മത്സരത്തിൽ പാകിസ്താനെ തോൽപ്പിച്ച ശേഷം, ഇന്ത്യൻ താരങ്ങൾ എസിസി മേധാവിയിൽ നിന്ന് മെഡലുകളും ട്രോഫിയും വാങ്ങേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു തുടർന്ന് നഖ്വി ഇന്ത്യൻ ടീമിന് പരമ്പരാഗത സമ്മാനദാന ചടങ്ങ് നിഷേധിക്കുകയും ട്രോഫി കൊണ്ടുപോകാൻ എസിസി ഉദ്യോഗസ്ഥരോട് ഉത്തരവിടുകയും ചെയ്തു. സെപ്റ്റംബർ 30 ന് നടന്ന എസിസി യോഗത്തിൽ, നഖ്വിയുടെ പെരുമാറ്റത്തെ ബിസിസിഐ അപലപിക്കുകയും ഏഷ്യാ കപ്പ് എസിസിയുടേതാണെന്ന് പറയുകയും ചെയ്തു
ഇന്ത്യൻ ടീമിന് ട്രോഫി കൈമാറണെമന്ന് ബിസിസിഐ ആവശ്യപ്പെട്ടിട്ടും അത് നൽകാൻ നഖ്വി തയാറിയില്ല. ഒരു സ്വകാര്യ ചടങ്ങിൽ വെച്ച് ട്രോഫി കൈമാറാമെന്നും എന്നാൽ താൻ തന്നെയായിരിക്കും ട്രോഫി നൽകുകെന്നും നഖ്വി അറിയിച്ചിരുന്നെങ്കിലും ഇത് ബിസിസിഐ തള്ളിക്കളഞ്ഞിരുന്നു. ഇതിനുശേഷം ട്രോഫി എസിസിയുടെ ദുബായ് ആസ്ഥാനത്ത് തന്നെ സൂക്ഷിക്കണമെന്നും താനറിയാതെ ആർക്കും കൈമാറരുതെന്നും നഖ്വി കർശന നിർദേശം നൽകിയിരുന്നു. തൻറെ അനുമതിയില്ലാതെയോ സാന്നിധ്യത്തിലോ അല്ലാതെ ട്രോഫി ആർക്കും കൈമാറരുതെന്നാണ് നഖ്വി ഉദ്യോഗസ്ഥർക്ക് കർശനം നിർദേശം നൽകിയത്.
Discussion about this post