ന്യൂഡൽഹി : ഇന്ത്യൻ അതിർത്തിക്ക് സമീപം ചൈന പുതിയ വ്യോമ പ്രതിരോധ കേന്ദ്രം നിർമ്മിക്കുന്നതായി കണ്ടെത്തൽ. കാര്യം വ്യക്തമാക്കുന്ന ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവന്നു. കമാൻഡ് ആൻഡ് കൺട്രോൾ കെട്ടിടങ്ങൾ, ബാരക്കുകൾ, വാഹന ഷെഡുകൾ, യുദ്ധോപകരണ സംഭരണശാല, റഡാർ സ്ഥാനങ്ങൾ എന്നിവ ഉൾപ്പെടുന്ന ഒരു പുതിയ ചൈനീസ് വ്യോമ പ്രതിരോധ സമുച്ചയം ആണ് ചൈന ഇന്ത്യൻ അതിർത്തിക്ക് സമീപം നിർമ്മിക്കുന്നത്.
2020 ലെ ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തിന്റെ പ്രധാന കേന്ദ്രങ്ങളിൽ ഒന്നായ പാങ്കോങ് തടാകത്തിന്റെ കിഴക്കൻ ഭാഗത്തിന്റെ തീരത്താണ് നിലവിൽ ചൈന നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്. പിൻവലിക്കാവുന്ന മേൽക്കൂരകൾ കൊണ്ട് സജ്ജീകരിച്ചിട്ടുള്ള ഒരു കൂട്ടം മൂടിയ മിസൈൽ വിക്ഷേപണ സ്ഥാനങ്ങളാണ് ഈ വ്യോമപ്രതിരോധ നിർമ്മാണ കേന്ദ്രത്തിന്റെ ഏറ്റവും വലിയ സവിശേഷതയായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. മിസൈലുകൾ വഹിക്കാനും ഉയർത്താനും വെടിവയ്ക്കാനും കഴിയുന്ന ട്രാൻസ്പോർട്ടർ എറെക്ടർ ലോഞ്ചർ (TEL) വാഹനങ്ങൾക്കായാണ് ഈ നിർമ്മിതി രൂപപ്പെടുത്തിയിട്ടുള്ളത്.
ചൈനയുടെ ദീർഘദൂര HQ-9 സർഫസ്-ടു-എയർ മിസൈൽ (SAM) സംവിധാനങ്ങൾക്ക് വേണ്ടിയാണ് ഈ പ്രത്യേക മിസൈൽ വിക്ഷേപണ കേന്ദ്രം നിർമ്മിച്ചിട്ടുള്ളത് എന്നാണ് സൂചന. ഇന്ത്യ അടുത്തിടെ നവീകരിച്ച നിയോമ എയർഫീൽഡിന് നേരെ എതിർവശത്തായി യഥാർത്ഥ നിയന്ത്രണ രേഖയിൽ (എൽഎസി) നിന്ന് ഏകദേശം 65 കിലോമീറ്റർ അകലെയായിട്ടാണ് ചൈനയുടെ ഈ വ്യോമപ്രതിരോധ കേന്ദ്രം. യുഎസ് ആസ്ഥാനമായുള്ള ജിയോ-ഇന്റലിജൻസ് സ്ഥാപനമായ ആൾസോഴ്‌സ് അനാലിസിസിലെ ഗവേഷകരാണ് ചൈനയുടെ ഈ നിർമിതിയെ കുറിച്ചുള്ള ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.









Discussion about this post