തിരുവനന്തപുരം:മിച്ചഭൂമി സ്വകാര്യ കമ്പനിക്ക് നല്കിയ ഉത്തരവ് സര്‍ക്കാര്‍ റദ്ധാക്കി. കൊച്ചിയിലെ പുത്തന്‍വേലിക്കരയിലും തൃശൂരിലെ മടത്തുപടിയിലുമായി 127 ഏക്കര്‍ നെല്‍വയല്‍തണ്ണീര്‍ത്തട ഭൂമി നികത്തി ഐടി വ്യവസായം തുടങ്ങാന്‍ സ്വകാര്യ കമ്പനിക്ക് അനുമതി നല്കിയ റവന്യു വകുപ്പിന്റെ ഉത്തരവാണ് റദ്ദാക്കിയത്. സന്തോഷ് മാധവന് ഇടനിലക്കാരനായി സ്വകാര്യ കമ്പനി വാങ്ങിയ ഭൂമിയാണിത് .
ഭരണപക്ഷത്തു നിന്നു തന്നെയുണ്ടായ പ്രതിഷേധത്തെത്തുടര്‍ന്നാണ് ഉത്തരവ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറായത്. കെപിസിസി പ്രസിഡന്റ് വി.എം.സുധീരനും കോണ്‍ഗ്രസ് എംഎല്‍എമാരായ വി.ഡി.സതീശനും ടി.എന്‍.പ്രതാപനും ഉത്തരവിനെതിരെ രംഗത്തുവന്നിരുന്നു.
വ്യവസായ ആവശ്യങ്ങള്‍ക്കു കൈമാറരുതെന്ന തൃശൂര്‍, എറണാകുളം കലക്ടര്‍മാരുടെ മുന്‍ റിപ്പോര്‍ട്ടുകള്‍ കണക്കിലെടുക്കാതെയാണു ബെംഗളൂരു ആസ്ഥാനമായ ഇക്കോവേള്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ എന്ന സ്വകാര്യ കമ്പനിയുടെ ഐടി പദ്ധതിക്കായി ഭൂമി കൈമാറാന്‍ റവന്യു വകുപ്പ് തീരുമാനിച്ചത്. അജന്ഡയില്പ്പെടുത്താതെ വ്യവസായ വകുപ്പ് കൊണ്ടുവന്ന ഫയല്‍ ക്യാബിനറ്റ് അംഗീകരിക്കുകയും റവന്യു വകുപ്പ് ഉത്തരവിറക്കുകയുമായിരുന്നു. തൃശൂര്‍ ജില്ലയിലെ മടത്തുംപടി വില്ലേജിലെ 32.41 ഏക്കറും എറണാകുളം ജില്ലയിലെ പുത്തന്‍വേലിക്കര വില്ലേജിലെ 95.44 ഏക്കറും ചേര്‍ന്നതാണു വിവാദ ഭൂമി. സന്തോഷ് മാധവനും സംഘവും കൈവശപ്പെടുത്തിയ ഈ ഭൂമി ബെംഗളൂരുവിലെ ആദര്‍ശ് പ്രൈം പ്രോപ്പര്‍ട്ടീസ് എന്ന കമ്പനിക്കു കൈമാറിയിരുന്നു. എന്നാല്‍, പോക്കുവരവ് റവന്യു വകുപ്പ് എതിര്‍ത്തു. ഭൂമിയില്‍ പുറമ്പോക്കും മിച്ചഭൂമിയും ഉള്‍പ്പെട്ടിരുന്നു എന്നും 18 ഏക്കറോളം ശരിയായ രേഖകളില്ലാതെ സന്തോഷ് മാധവനും കൂട്ടാളികളും കൈവശപ്പെടുത്തിയെന്നും തുടര്‍ന്നുള്ള അന്വേഷണത്തില്‍ കണ്ടെത്തുകയും ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുകയും ചെയ്തു. മുന്‍പ് ഭൂമി സ്വന്തമാക്കാന്‍ ശ്രമിച്ച കമ്പനി തന്നെ ഇപ്പോള്‍ പേരുമാറ്റിയെത്തി ഭൂമി കൈവശപ്പെടുത്തിയെന്നാണ് ആരോപണം.
Discussion about this post