ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട മോന്താ ചുഴലിക്കാറ്റ് രൂപപ്പെട്ടതോടെ വിവിധ സംസ്ഥാനങ്ങളിൽ അതീവ ജാഗ്രത. ആന്ധ്രാപ്രദേശിലും ഒഡീഷയിലെ തെക്കൻ ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. തമിഴ്‌നാട്ടിൽ ചെന്നൈ അടക്കം വടക്കൻ ജില്ലകളിലും കനത്ത മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ ആന്ധ്രയിലെയും ഒഡിഷയിലെയും തമിഴ്‌നാട്ടിലെയും തീരദേശ ജില്ലകളിൽ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.
ആന്ധ്രയിലെ 14 ജില്ലകളിൽ ഒക്ടോബർ 29 വരെ വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകി. കക്കിനഡ, ഈസ്റ്റ് ഗോദാവരി, കോനസീമ, എളുരു, വെസ്റ്റ് ഗോദാവരി, കൃഷ്ണ തുടങ്ങിയ ജില്ലകളിൽ ഒക്ടോബർ 31 വരെ സ്‌കൂളുകളും കോളജുകളും അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞു കിടക്കും. ഹോസ്റ്റലുകളിലെ വിദ്യാർത്ഥികളോട് വീടുകളിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന ദുരന്ത നിവാരണ സേനയുടെ ഒൻപതും ദേശീയ ദുരന്ത നിവാരണ സേനയുടെ ഏഴും യൂണിറ്റുകളെ വിവിധ ജില്ലകളിലേക്ക് അയച്ചു. ഗർഭിണികളെയും മുതിർന്ന പൌരന്മാരെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. വിവിധ ജില്ലകളിൽ താത്കാലിക ഹെലിപ്പാഡുകൾ തുറക്കുകയും സൈന്യത്തോട് സജ്ജരായിരിക്കാൻ നിർദേശിക്കുകയും ചെയ്തതായി പ്രധാനമന്ത്രിയുമായി സംസാരിച്ചതിനു ശേഷം ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അറിയിച്ചു. പശ്ചിമ ബംഗാൾ തീരം വരെ മത്സ്യബന്ധനവും നിരോധിച്ചിട്ടുണ്ട്.
ഒഡീഷയിലെയും ബംഗാളിലെയും തീരദേശ ജില്ലകളിലും ഛത്തീസ്ബദ്, പുതുച്ചേരി എന്നിവിടങ്ങളിലും തീവ്രമഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒഡീഷയിലെ എട്ട് ജില്ലകളിൽ ഒക്ടോബർ 30 വരെ സ്‌കൂളുകൾക്ക് അവധിയാണ്. മൽക്കൻഗിരി, കോരാപുട്, രായഗഡ, ഗഞ്ചം, ഗജപതി, കാണ്ഡമാൽ, കലഹണ്ടി, നബരംഗ്പൂർ ജില്ലകളിലാണ് അവധി. ചെന്നൈ അടക്കം തമിഴ്‌നാട്ടിലെ വടക്കൻ ജില്ലകളിൽ അടുത്ത 36 മണിക്കൂർ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ചെന്നൈ, ചെങ്കൽപേട്ട്, തിരുവള്ളൂർ, വില്ലുപുരം തുടങ്ങിയ ജില്ലകളിൽ സ്‌കൂളുകൾക്ക് അവധിയാണ്. ഏത് സാഹചര്യവും നേരിടാൻ സജ്ജമാണെന്ന് ആന്ധ്ര, ഒഡിഷ, തമിഴ്‌നാട് ഭരണകൂടങ്ങൾ അറിയിച്ചു.









Discussion about this post