ന്യൂഡൽഹി : രാജ്യത്തെ ശാസ്ത്ര,സാങ്കേതിക രംഗത്ത് സ്വകാര്യ മേഖലയെ കേന്ദ്രീകരിച്ചുള്ള ഗവേഷണത്തിനും നവീകരണത്തിനും പ്രോത്സാഹനം നൽകുന്നതിനായി പുതിയ പദ്ധതി അവതരിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.
ഗവേഷണ വികസനത്തിൽ സ്വകാര്യമേഖലയിലെ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു ലക്ഷം കോടി രൂപയുടെ ഗവേഷണ വികസന ഇന്നൊവേഷൻ ഫണ്ട് ആരംഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച പ്രഖ്യാപിച്ചു. ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കുന്ന എമർജിംഗ് സയൻസ് & ടെക്നോളജി ഇന്നൊവേഷൻ കോൺക്ലേവ് (ESTIC) 2025 ഉദ്ഘാടനം ചെയ്ത ശേഷം ആയിരുന്നു പ്രധാനമന്ത്രി ഈ പുതിയ പദ്ധതി പ്രഖ്യാപിച്ചത്.
ഇന്ത്യയുടെ ഗവേഷണ-നവീകരണ മേഖലയെ ശക്തിപ്പെടുത്തുന്നതിനുള്ള കേന്ദ്രസർക്കാരിന്റെ ഒരു സുപ്രധാന നീക്കം ആണിത്. സ്വകാര്യ മേഖലയെ അടിസ്ഥാനമാക്കിയുള്ള ശക്തമായ ഒരു ഗവേഷണ-വികസന ആവാസവ്യവസ്ഥയെ വളർത്തിയെടുക്കുക, നവീകരണത്തിലും സാങ്കേതിക വികസനത്തിലും വ്യവസായങ്ങളുടെ കൂടുതൽ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് എമർജിംഗ് സയൻസ് & ടെക്നോളജി ഇന്നൊവേഷൻ കോൺക്ലേവ് (ESTIC) 2025 ലക്ഷ്യമിടുന്നത്.
ഭാരത് മണ്ഡപത്തിൽ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന കോൺക്ലേവിന്റെ ഉദ്ഘാടനത്തിൽ ഇന്ത്യയുടെ ശാസ്ത്രീയ നേട്ടങ്ങൾ പ്രദർശിപ്പിക്കുന്ന ഒരു കോഫി ടേബിൾ പുസ്തകവും ശാസ്ത്ര സാങ്കേതിക വിദ്യയ്ക്കായുള്ള ഒരു ദർശന രേഖയും പ്രധാനമന്ത്രി മോദി പുറത്തിറക്കി.
നോബൽ സമ്മാന ജേതാക്കൾ, പ്രമുഖ ശാസ്ത്രജ്ഞർ, നയരൂപകർത്താക്കൾ, ഗവേഷണ സ്ഥാപനങ്ങളിൽ നിന്നും സർവകലാശാലകളിൽ നിന്നുമുള്ള പ്രതിനിധികൾ എന്നിവരുൾപ്പെടെ 3,000-ത്തിലധികം പേർ ESTIC 2025-ൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.









Discussion about this post