മുംബൈ: ശിവസേന നേതാവ് ബാല്‍ താക്കറെയെ ആക്രമിക്കാന്‍ ലഷ്കര്‍ ഇ തോയ്ബ ലക്ഷ്യമിട്ടിരുന്നുവെന്ന് മുംബൈ ഭീകരാക്രമണക്കേസിലെ മാപ്പ് സാക്ഷിയായ പാക്-അമേരിക്കന്‍ ഭീകരന് ഡേവിഡ് കോള്മാന് ഹെഡ്ലി. മുംബൈയില്‍ കോടതിയില്‍ ഇന്ന് നടന്ന ക്രോസ് വിസ്താരത്തിനിടയിലാണ് ഹെഡ്ലി ഇക്കാര്യം വ്യക്തമാക്കിയത്. കേസിലെ പ്രതിയായ അബു ജൂന്‍ഡാലിന്റെ അഭിഭാഷകന് അബ്ദുള്‍ വഹാബ് ഖാനാണ് ക്രോസ് വിസ്താരം നടത്തിയത്. താക്കറെയെ ആക്രമിക്കാനെത്തിയ ആളെ പോലിസ് പിടികൂടിയതിനാല്‍ ലക്ഷ്യം പാളി. ഇയാള്‍ പോലിസ് കസ്റ്റഡിയില്‍ നിന്ന് പിന്നീട് രക്ഷപ്പെട്ടുവെന്നും ഹഡ്ലി പറഞ്ഞു.
കഴിഞ്ഞ ദിവസം നടത്തിയ വിസ്താരത്തില്‍ ഭാര്യയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കാന് ഹെഡ്ലി വിസമ്മതിച്ചിരുന്നു. ഭീകരസംഘടനയായ ലഷ്കര്‍ ഇ തൊയ്ബയിലെ അംഗമാണ് താനെന്ന കാര്യം അമേരിക്കയിലെ സഹപ്രവര്‍ത്തകനായ തഹവുര്‍ റാണയ്ക്ക് അറിയുമായിരുന്നുവെന്നും ഹെഡ്ലി പറഞ്ഞു. ഭാര്യയുമായി ബന്ധപ്പെട്ടുള്ള വിശദവിവരങ്ങള്‍ പറയാന്‍ ആഗ്രഹിക്കുന്നില്ല. ഷാസിയ നിയമപരമായി ഇപ്പോഴും എന്റെ ഭാര്യയാണ്. അവര്‍ ഇപ്പോള്‍ എവിടെയാണെന്ന് വെളിപ്പെടുത്താനും സാധിക്കില്ല എന്ന് ഹെഡ്ലി വിസ്താരത്തില്‍ അറിയിച്ചിരുന്നു.
ഷിക്കാഗോയിലെ ജയില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് എതിര്‍വിസ്താരം നടക്കുന്നത്. മുംബൈയിലെ പ്രത്യേക കോടതിയില്‍ നടക്കുന്ന വിസ്താരത്തിന് നാലു ദിവസമാണ് അനുവദിച്ചിരിക്കുന്നത്. മുംബൈ ഭീകരാക്രമണക്കേസില്‍ 35 വര്‍ഷത്തെ ജയില്‍ശിക്ഷ അമേരിക്കയില്‍ അനുഭവിച്ചുവരികയാണ് ഹെഡ്ലി.
Discussion about this post