ഇസ്ലാമാബാദ്: സ്ത്രീകൾ ജോലി ചെയ്യാൻ ആരംഭിച്ചതോടെയാണ് വിവാഹ മോചനങ്ങൾ വർദ്ധിച്ചതെന്ന് പാകിസ്താൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ സയീദ് അൻസർ. ജോലിക്കാരായ ഭാര്യമാർ തന്നിഷ്ടക്കാരികൾ ആയി മാറുന്നുവെന്നും സായീദ് പറഞ്ഞു. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിൽ ആയിരുന്നു സായീദിന്റെ പ്രതികരണം. സംഭവത്തിൽ മുൻ ക്രിക്കറ്റ് താരത്തിനെതിരെ ശക്തമായ വിമർശനം ആണ് ഉയരുന്നത്.
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ പാകിസ്താനിൽ വിവാഹ മോചനങ്ങളുടെ എണ്ണം വർദ്ധിച്ചു. വിവാഹ മോചന നിരക്കിൽ 30 ശതമാനം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. നിന്നോടൊപ്പമുള്ള ജീവിതം നരകമാണെന്ന് ഭാര്യമാർ ഭർത്താക്കന്മാരോട് പറയുന്നു. സ്വയം സമ്പാദിക്കാനും കുടുംബം നോക്കാനും തങ്ങൾ പ്രാപ്തരാണെന്ന് അവർ സ്വയം ആഹ്വാനം ചെയ്യുന്നു. ഇത് പാകിസ്താനിലെ മാത്രമല്ല, ലോകത്തിന്റെ മുഴുവൻ കാര്യം ആണ്.
സ്ത്രീകൾ ജോലിയ്ക്ക് പോകുന്നതു കൊണ്ട് ദുരിതം അനുഭവിക്കുന്ന നിരവധി കുടുംബങ്ങൾ ഉണ്ട്. ചെറുപ്പക്കാർ കഷ്ടപ്പെടുന്നു. ദമ്പതികൾ പരസ്പരം കലഹിക്കുന്നു. സ്ത്രീകൾ പണത്തിന് വേണ്ടി ജോലി ചെയ്യുന്നത് രാജ്യത്തിന്റെ മോശം അവസ്ഥയെ കൂടിയാണ് സൂചിപ്പിക്കുന്നത് എന്നും സയീദ് വീഡിയോയിൽ വ്യക്തമാക്കുന്നു.
താൻ ലോകം മുഴുവൻ കറങ്ങിയ ആളാണ്. സ്ത്രീകൾ ജോലിക്ക് പോകുന്നതിനെ തുടർന്നാണ് വിവാഹ മോചനങ്ങൾ വർദ്ധിച്ചത് എന്നത് തനിക്ക് മാത്രമുള്ള അഭിപ്രായം അല്ല. ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസണും, ഒരു ഓസ്ട്രിയൻ മേയറും സമാനമായ ആശങ്കകൾ തന്നോട് പങ്കുവച്ചിട്ടുണ്ട്. സ്ത്രീകൾ ജോലി ചെയ്യാൻ ആരംഭിച്ചതോടെ നമ്മുടെ സംസ്‌കാരം നശിച്ചുവെന്നും സയീദ് പറയുന്നു.
Discussion about this post