ശ്രീനഗർ: ജമ്മു കശ്മീരിൽ നുഴഞ്ഞു കയറ്റ ശ്രമം പരാജയപ്പെടുത്തി സുരക്ഷാ സേന. ഏറ്റുമുട്ടലിൽ രണ്ട് പാക് ഭീകരരെ വധിച്ചു. കുപ്വാരയിലെ നിയന്ത്രണ രേഖയാണ് ഭീകരർ മറി കടക്കാൻ ശ്രമിച്ചത്.
രാവിലെയോടെയായിരുന്നു സംഭവം. താംഗ്ധർ സെക്ടർ വഴിയായിരുന്നു അതിർത്തി കടക്കാനുള്ള ഭീകരരുടെ ശ്രമം. എന്നാൽ ഇത് അതിർത്തിയിൽ നിരീക്ഷണം നടത്തുകയായിരുന്നു സുരക്ഷാ സേനയുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇതോടെ ഇവരെ സുരക്ഷാ സേന വളഞ്ഞു.
പിടിയിലാകുമെന്ന് വ്യക്തമായതോടെ സുരക്ഷാ സേനയ്ക്ക് നേരെ ഭീകരർ വെടിയുതിർത്തു. ഇതോടെ സുരക്ഷാ സേനയും ശക്തമായി തിരിച്ചടിയ്ക്കുകയായിരുന്നു. ഏറ്റുമുട്ടലിന് ശേഷം അതിർത്തി വേലിയ്ക്ക് സമീപം പരിശോധന നടത്തിയപ്പോഴായിരുന്നു മൃതദേഹങ്ങൾ കണ്ടെടുത്തത്.
ഇവരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. പാക് അധീന കശ്മീരിൽ നിന്നുമാണ് ഇവർ എത്തിയത് എന്നാണ് സംശയിക്കുന്നത്. സംഭവത്തിൽ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.












