ന്യൂഡൽഹി: എയർ ഇന്ത്യ വിമാനത്തിൽ നിന്നും ബോംബ് എന്ന് എഴുതിയ കുറിപ്പ് കണ്ടെത്തി. വിമാനത്തിന്റെ ശുചിമുറിയിൽ നിന്നാണ് കുറിപ്പ് കണ്ടെത്തിയത്. ഡൽഹിയിൽ നിന്നും വഡോദരയിലേക്കുള്ള വിമാനത്തിലാണ് സംഭവം. ടിഷ്യു പേപ്പറിലായിരുന്നു കുറിപ്പ്.
ഇന്നലെ രാത്രി 7.30 ഓടെയായിരുന്നു സംഭവം. കുറിപ്പ് കണ്ടത് വിമാനത്തിൽ യാത്രക്കാർക്കും ജീവനക്കാർക്കുമിടയിൽ ഏറെ നേരം പരിഭ്രാന്തി സൃഷ്ടിച്ചു. സംഭവത്തെ തുടർന്ന് ബോംബ് സ്‌ക്വാഡെത്തി വിമാനത്തിൽ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും തന്നെ കണ്ടെത്താനായില്ല.
വിമാനം ടേക്ക് ഓഫിന് ഒരുങ്ങുമ്പോഴായിരുന്നു ജീവനക്കാരിലൊരാൾ ശുചിമുറിയിൽ ടിഷ്യൂ പേപ്പർ കണ്ടെത്തിയത്. ഇതോടെ സെൻട്രൽ ഇൻഡസ്ട്രി സെക്യൂരിറ്റി ഫോഴ്‌സും ഡൽഹി പോലീസും ചേർന്ന് ഉടൻ തന്നെ യാത്രക്കാരെ മറ്റൊരു വിമാനത്തിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
കഴിഞ്ഞ എതാനും നാളുകളായി രാജ്യതലസ്ഥാനത്തും സമീപ സംസ്ഥാനങ്ങളിലുമുടനീളം വ്യാജ ബോംബ് ഭീഷണികൾ ഉയരുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ തിഹാർ ജയിലിലേക്കും ഡൽഹിയിലെ അഞ്ചോളം ആശുപത്രികളിലേക്കും ഭീഷണി സന്ദേശമെത്തിയിരുന്നു. ഇ മെയിൽ മുഖേനെയാണ് സന്ദേശമെത്തിയത്. പോലീസും ബോംബ് സ്‌ക്വാഡും ചേർന്ന് വ്യാപകമായി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇ മെയിലിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
Discussion about this post