ചെന്നൈ: വന്ദേ ഭാരത് എക്‌സ്പ്രസിനും നമോ ഭാരതിനും പിന്നാലെ രാജ്യത്തിന്റെ റെയിൽവേ ട്രാക്കുകളിൽ ചീറിപ്പായാൻ ഒരുങ്ങി വന്ദേ മെട്രോ തീവണ്ടികൾ. പരീക്ഷണാടിസ്ഥാനത്തിൽ വന്ദേ മെട്രോ ട്രെയിനുകളുടെ സർവ്വീസ് ഉടൻ ആരംഭിക്കും. പെരമ്പരൂർ ഇന്റഗ്രൽ കോച്ച് ഫാക്ടറി അധികൃതർ ആണ് ഇക്കാര്യം അറിയിച്ചത്. മെമു ട്രെയിനുകളുടെ പരിഷ്‌കരിച്ച രൂപമാണ് വന്ദേ ഭാരത് മെട്രോ.
ജൂൺ അവസാന വാരത്തിലോ, ജൂലൈ ആദ്യ വാരത്തിലോ സർവ്വീസ് വന്ദേ മെട്രോ സർവ്വീസ് ആരംഭിക്കാനാണ് തീരുമാനം. അതിനാൽ ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ തീവണ്ടിയുടെ പരീക്ഷണ ഓട്ടം ഉണ്ടാകും. ചെന്നൈയിൽ നിന്നും തിരുപ്പതിയിലേക്ക് ആയിരിക്കും ആദ്യ വന്ദേ മെട്രോ സർവ്വീസ്.
തീവണ്ടികൾ തമ്മിൽ കൂട്ടിയിടിക്കാതിരിക്കാനുള്ള കവച് സംവിധാനം ആണ് വന്ദേ മെട്രോകളുടെ പ്രധാന പ്രത്യേകത. വന്ദേ മെട്രോകൾ യാത്രികർക്ക് സുരക്ഷിത യാത്ര പ്രധാനം ചെയ്യുന്നു. 12 കോച്ചുകളാണ് വന്ദേ ഭാരത് മെട്രോയ്ക്ക് ഉള്ളത്. ഒരു കോച്ചിൽ 100 പേർക്ക് ഇരുന്ന് യാത്ര ചെയ്യാനുള്ള സൗകര്യം ഉണ്ട്. 200 പേർക്ക് നിന്നും യാത്ര ചെയ്യാം.
മണിക്കൂറിൽ 110 മുതൽ 130 കിലോ മീറ്ററാണ് തീവണ്ടിയുടെ വേഗത. വന്ദേഭാരത് എക്‌സ്പ്രസുകൾക്ക് സമാനമായ രീതിയിൽ മുഴുവൻ കോച്ചുകളും ശീതീകരിച്ചിരിക്കും. ഓട്ടോമാറ്റികായി പ്രവർത്തിക്കുന്ന വാതിലുകളാകും തീവണ്ടിയ്ക്ക ഉണ്ടാകുക. റൂട്ട് ഇൻഡിക്കേറ്റർ ഡിസ്‌പ്ലേയും മൊബൈൽ ചാർജിംഗ് പ്ലഗ്ഗുകളും തീവണ്ടിയിൽ ഉണ്ടാകും. ഒരു കോച്ചിൽ നിന്നും മറ്റൊരു കോച്ചിലേക്ക് എളുപ്പം നടക്കാൻ കഴിയുന്ന തരത്തിൽ ആണ് തീവണ്ടികളുടെ രൂപ കൽപ്പന.
തീവണ്ടിയിലെ എല്ലാ കോച്ചുകളിലും സിസിടിവി ക്യാമറകൾ ഉണ്ടായിരിക്കും. വൃത്തിയുള്ള മികച്ച ശൗചാലയങ്ങൾ തീവണ്ടിയുടെ മറ്റൊരു പ്രത്യേകതയാണ്.
Discussion about this post