തിരുവനന്തപുരം: തിരുവനന്തപുരത്തെ എയർഇന്ത്യ സാറ്റ്‌സ് ഓഫീസിന് മുന്നിൽ പ്രതിഷേധം. ഒമാനിൽ മരിച്ച പ്രവാസി മലയാളി നമ്പി രാജേഷിന്റെ മൃതദേഹവുമായാണ് പ്രതിഷേധം. രാജേഷിന്റെ ഭാര്യ അമൃതയും അച്ഛൻ രവിയും ഉൾപ്പെടെ കുത്തിയിരുന്നാണ് പ്രതിഷേധിക്കുന്നത്. എയർ ഇന്ത്യ എക്‌സ്പ്രസ് ഉത്തരം പറണമെന്നും നീതി കിട്ടുന്നതുവരെ പ്രതിഷേധം തുടരുമെന്നും ഇവർ വ്യക്തമാക്കി.
ഇന്ന് രാവിലെയാണ് നമ്പി രാജേഷിന്റെ മൃതദേഹം വിമാനത്താവളത്തിൽ എത്തിച്ചത്. വീട്ടിലേക്ക് മൃതദേഹം കൊണ്ടുപോകാതെ ഓഫീസിന് മുന്നിൽ എത്തിച്ച് പ്രതിഷേധിക്കുകയായിരുന്നു. കുടുംബത്തിന് ആകെയുള്ള വരുമാന മാർഗമായിരുന്നു മരിച്ച രാജേഷ്.
ഇക്കഴിഞ്ഞ ഏഴിനായിരുന്നു ജോലി സ്ഥലത്ത് വച്ച് രാജേഷ് കുഴഞ്ഞ് വീണത്. ഉടനെ ആശുപത്രിയിൽഎത്തിച്ചു. പിന്നാലെ ഒമാനിലേക്ക് പുറപ്പെടാൻ ഭാര്യ വിമാനടിക്കറ്റ് എടുത്തെങ്കിലും എയർ ഇന്ത്യ എക്‌സ്പ്രസ് വിമാന ജീവനക്കാരുടെ സമരം കാരണം ഭർത്താവിന്റെ അടുത്ത് എത്താൻ സാധിച്ചില്ല. പിന്നെയും ടിക്കറ്റ് എടുത്തെങ്കിലും ആ സർവീസും റദ്ദാക്കി. ഇതിനിടെ രാജേഷിന്റെ രോഗം മൂർച്ഛിച്ചു. 13 ന് രാവിലെ അദ്ദേഹം മരിക്കുകയും ചെയ്തു.
Discussion about this post