ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റനും ഇതിഹാസ താരവുമായ സുനിൽ ഛേത്രി
അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കുന്നു. കുവൈറ്റിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തോടെ ബൂട്ടഴിക്കാനാണ് ഛേത്രിയുടെ തീരുമാനം. അടുത്ത മാസം ആറിന് കൊൽക്കത്ത സാൾട്ട്ലേക്ക് സ്റ്റേഡിയത്തിലാണ് ഈ മത്സരം. ഐഎസ്എൽ ക്ലബ് ബംഗ്ലുരു എഫ്സിയുടെ താരമാണ് 39കാരനായ സുനിൽ ഛേത്രി.
സോഷ്യൽ മീഡിയയിലൂടെയാണ് ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം തന്റെ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. രണ്ട് ദശാബ്ദത്തോളം നീണ്ട ഛേത്രിയുടെ കരിയറിനാണ് പരിസമാപ്തിയാകുന്നത്. ഉത്തരവാദിത്തവും പിരിമുറുക്കവും സന്തോഷവും ഒരു പോലെ നിറഞ്ഞ കരിയറായിരുന്നു തന്റെതെന്ന് വീഡിയോ സന്ദേശത്തിൽ സുനിൽ ഛേത്രി പറഞ്ഞു.
ബ്ലൂ ടൈഗേഴ്സിനായി 2005ൽ അരങ്ങേറ്റം കുറിച്ച സുനിൽ ഛേത്രി, ഇതുവരെ 94 അന്താരാഷ്ട്ര ഗോളുകൾ സ്‌കോർ ചെയ്തിട്ടുണ്ട്. അടുത്തിടെയാണ് ഇന്ത്യൻ നായകൻ രാജ്യത്തിനായി 150 ആം മത്സരം പൂർത്തിയാക്കിയത്. ഇന്ത്യയ്ക്കായി കൂടുതൽ ഗോളുകൾ നേടിയ താരവും കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച താരവും ഛേത്രിയാണ്.
അന്താരാഷ്ട്ര ഫുട്ബോളിൽ ഇപ്പോഴും കളിക്കുന്ന താരങ്ങളിൽ ഗോൾ വേട്ടയിൽ ക്രിസ്റ്റിയാനോ റൊണാൾഡോയ്ക്കും ലയണൽ മെസിക്കും തൊട്ടു പിന്നിൽ മാത്രമാണ് ഇന്ത്യൻ ഇതിഹാസമായ സുനിൽ ഛേത്രിയുടെ സ്ഥാനം. പരിമിതമായ സാഹചര്യങ്ങളിൽ പോലും രാജ്യത്തിനായി വീറുറ്റ പോരാട്ടം നടത്താൻ കഴിവുള്ള താരമാണ് ഛേത്രി.
കഴിഞ്ഞ 20 വർഷമായി സുനിൽ ഛേത്രിയുടെ ഗോളടി മികവിലാണ് ഇന്ത്യൻ ഫുട്ബോൾ ടീം പിടിച്ചു നിന്നത്. സാഫ് കപ്പ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര കിരീടങ്ങൾ ബ്ലൂ ടൈഗേഴ്സിനെ തേടിയെത്തിയപ്പോൾ മുന്നിൽ നിന്ന് പട നയിക്കാൻ ഛേത്രിയെന്ന കുറിയ മനുഷ്യൻ ഉണ്ടായിരുന്നു. ഇന്ത്യൻ ഫുട്ബോളിലെ ഒരു യുഗമാണ് സുനിൽ ഛേത്രിയുടെ പടിയിറക്കതോടെ അവസാനിക്കാൻ പോകുന്നത്.
Discussion about this post