തിരുവനന്തപുരം : കേരളത്തിൽ നിന്നും ഉള്ള അന്തർ സംസ്ഥാന ബസുകൾ നാളെ മുതൽ പണിമുടക്കും. അന്യായമായ നികുതി പിരിവ് ചൂണ്ടിക്കാണിച്ചാണ് പണിമുടക്ക്. കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്കും കർണാടകയിലേക്കും സർവീസ് നടത്തുന്ന സ്ലീപ്പർ, സെമി സ്ലീപ്പർ ലക്ഷ്വറി ബസുകളാണ് സർവീസ് നർത്തിവയ്ക്കുന്നത്. ഓൾ ഇന്ത്യ പെർമിറ്റ് ഉണ്ടായിട്ടും തമിഴ്നാട്ടിലും കർണാടകയിലും സംസ്ഥാന നികുതികൾ പിരിക്കുന്നതിൽ ഉള്ള പ്രതിഷേധമായാണ് അന്തർ സംസ്ഥാന ബസ്സുകൾ സർവീസ് നിർത്തിവയ്ക്കുന്നത്.
അന്യായമായുള്ള നികുതി പിരിവിനെ തുടർന്ന് അനിശ്ചിതകാല സമരത്തിലേക്ക് കടക്കുന്നതായി കോൺട്രാക്ട് കാരിയേജ് ബസ് ഓപ്പറേറ്റർമാർ അറിയിച്ചു. സാമ്പത്തിക നഷ്ടം താങ്ങാൻ കഴിയാത്ത അവസ്ഥയിൽ ആയതിനാലാണ് ഇത്തരം ഒരു തീരുമാനം സ്വീകരിക്കുന്നതെന്നും ബസ് ഉടമകൾ വ്യക്തമാക്കി. നാളെ വൈകീട്ട് 6 മണി മുതൽ കർണാടകയിലേക്കും ചെന്നൈയിലേക്കുമുള്ള സർവീസ് നിർത്തിവെയ്ക്കാനാണ് തീരുമാനം.
അന്തർ സംസ്ഥാന ബസുകൾ സർവീസ് നിർത്തിവയ്ക്കുന്നതോടെ ബംഗളൂരുവിലേക്കും ചെന്നൈയിലേക്കുമുള്ള യാത്രക്കാർ ആണ് ദുരിതത്തിൽ ആയിരിക്കുന്നത്. കേരളത്തിൽ രജിസ്റ്റർ ചെയ്ത ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റുള്ള വാഹനങ്ങൾക്കെതിരെ തമിഴ്‌നാട്ടിലെയും കർണാടകയിലെയും മോട്ടോർ വാഹന വകുപ്പുകൾ നിയമവിരുദ്ധമായി വാഹനങ്ങൾ പിടിച്ചെടുത്ത് വൻ തുക പിഴ ഈടാക്കുകയാണെന്നാണ് വാഹന ഉടമകളുടെ ആരോപണം.









Discussion about this post