കൊളംബോ : തമിഴ്നാട്ടിൽ നിന്നുള്ള 14 മത്സ്യത്തൊഴിലാളികൾ ശ്രീലങ്കയിൽ അറസ്റ്റിൽ. അന്താരാഷ്ട്ര സമുദ്ര അതിർത്തി ലംഘിച്ചതിനെ തുടർന്ന് ശ്രീലങ്കൻ നാവികസേനയാണ് മത്സ്യത്തൊഴിലാളികളെ പിടികൂടിയത്. തമിഴ്നാട്ടിലെ മയിലാടുതുറൈ ജില്ലയിൽ നിന്നുള്ളവരാണ് മത്സ്യത്തൊഴിലാളികൾ എന്നാണ് സൂചന.
ശനിയാഴ്ച വൈകുന്നേരം മയിലാടുതുറൈ തരംഗമ്പാടിയിൽ നിന്ന് വനഗിരിയിൽ രജിസ്റ്റർ ചെയ്ത ഒരു യന്ത്രവൽകൃത ബോട്ടിൽ മത്സ്യബന്ധനത്തിനായി പോയവരാണ് പിടിയിലായ മത്സ്യത്തൊഴിലാളികൾ. കടലിൽ വെച്ച് ഇവരുടെ ബോട്ടിന് യന്ത്ര തകരാർ നേരിട്ടതോടെ ശ്രീലങ്കൻ അതിർത്തിയിലേക്ക് നീങ്ങി എന്നാണ് വിവരം. ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്ത മത്സ്യത്തൊഴിലാളികളെ ചോദ്യം ചെയ്തു വരികയാണ്.
ഏതാനും ദിവസങ്ങൾക്കു മുൻപ് തമിഴ്നാട്ടിലെ കാരയ്ക്കലിൽ നിന്നുമുള്ള 35 മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന പിടികൂടിയിരുന്നു. മത്സ്യബന്ധനത്തിനിടെ അന്താരാഷ്ട്ര ജലാതിർത്തി ലംഘിച്ചതിനായിരുന്നു മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തത്. മൂന്ന് യന്ത്രവൽകൃത ബോട്ടുകളിലും ഒരു കൺട്രി ബോട്ടിലുമായി ശ്രീലങ്കൻ സമുദ്രാതിർത്തിയിലേക്ക് കടന്ന മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്യുകയും ബോട്ടുകൾ പിടിച്ചെടുക്കുകയുമായിരുന്നു.









Discussion about this post