ന്യൂഡൽഹി : ഫരീദാബാദിൽ നിന്നും വന്‍ സ്ഫോടക ശേഖരത്തോടൊപ്പം അന്വേഷണ ഏജൻസികൾ പിടികൂടിയ വൈറ്റ് കോളർ ഭീകരസംഘം ആസൂത്രണം ചെയ്തിരുന്നത് പരമ്പര സ്ഫോടനങ്ങൾ. അയോധ്യ ഉൾപ്പെടെയുള്ള നാല് നഗരങ്ങളിൽ വ്യത്യസ്ത സ്ഥലങ്ങളിലായി തുടർ സ്ഫോടനങ്ങൾ നടത്താനായിരുന്നു ഡോക്ടർമാർ ഉൾപ്പെടെയുള്ള ഭീകരരുടെ സംഘം ഗൂഢാലോചന നടത്തിയിരുന്നത്. എട്ടുപേരാണ് ഗൂഢാലോചനയിൽ പങ്കെടുത്തിരുന്നത് എന്നും അന്വേഷണ ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്.
ജെയ്‌ഷെ-ഇ-മുഹമ്മദ്, അൻസാർ ഗസ്‌വത്-ഉൽ-ഹിന്ദ് എന്നിവയുമായി ബന്ധമുള്ള വൈറ്റ് കോളർ ഭീകര സംഘടനയാണ് ഫരീദാബാദിൽ നിന്നും പിടിയിലായത്. പോലീസ് ചോദ്യം ചെയ്യലിൽ ലഭിച്ചിട്ടുള്ള വിവരങ്ങൾ അനുസരിച്ച്, പ്രതികൾ രണ്ട് പേരടങ്ങുന്ന നാല് ഗ്രൂപ്പുകൾ രൂപീകരിച്ചിരുന്നു. ഓരോ ഗ്രൂപ്പും ഒന്നിലധികം ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഉപകരണങ്ങൾ (ഐഇഡികൾ) വഹിച്ചുകൊണ്ട് ലക്ഷ്യമിട്ട നാല് നഗരങ്ങളിലേക്ക് പോയി സ്ഫോടനം നടത്താനായിരുന്നു പദ്ധതിയിട്ടിരുന്നത്.
ഡൽഹി, അയോധ്യ, പ്രയാഗ്‌രാജ് എന്നീ നഗരങ്ങളെ പ്രധാനമായും ലക്ഷ്യം വയ്ക്കാനായിരുന്നു ഭീകരരുടെ ഗൂഢാലോചന. ഒരേസമയം സ്‌ഫോടനങ്ങൾ നടത്തി വലിയ സംഘർഷാവസ്ഥയും ആളപായങ്ങളും സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യം. സ്ഫോടകവസ്തുക്കൾ കൊണ്ടുപോകുന്നതിനും ഒളിപ്പിക്കുന്നതിനുമായി രണ്ടു കാറുകൾ വാങ്ങിയിരുന്നു. എന്നാൽ ആക്രമണങ്ങളുടെ അന്തിമ തീയതി നിശ്ചയിക്കുന്നതിന് മുമ്പ്, ജമ്മു കശ്മീർ പോലീസ് ഡോ. മുസമ്മിൽ ഉൾപ്പെടെയുള്ള പ്രതികളെ അറസ്റ്റ് ചെയ്യുകയും 2900 കിലോ സ്ഫോടക വസ്തുക്കൾ പിടിച്ചെടുക്കുകയും ചെയ്തുകൊണ്ട് ദേശീയ തലത്തിലുള്ള ഒരു വലിയ ഭീകര ഗൂഢാലോചനയാണ് പരാജയപ്പെടുത്തിയത്.









Discussion about this post