ഫരീദാബാദിലെ അൽ ഫലാ യൂണിവേഴ്‌സിറ്റി ക്യാമ്പസിലെ ഹോസ്റ്റൽ കെട്ടിടം ഭീകരപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുള്ള കേന്ദ്രമായി മാറ്റിയിരുന്നുവെന്ന് വിവരം. 17ാം നമ്പർ ഹോസ്റ്റൽ കെട്ടിടത്തിലെ 13ാം നമ്പർ മുറിയിലാണ് ഡൽഹിയിലെ വിവിധയിടങ്ങളിൽ സ്‌ഫോടനം നടത്താനുള്ള പദ്ധതി തയ്യാറാക്കിയത്.
ഹോസ്റ്റലിലെ 13-ാം നമ്പർ മുറി കശ്മീരിലെ പുൽവാമയിൽ നിന്നുള്ള ഡോ. മുസമ്മിലിന്റേതായിരുന്നു. ഈ മുറിക്കുള്ളിലാണ് ഇയാൾ മറ്റ് തീവ്രവാദി ഡോക്ടർമാരുമായി കൂടിക്കാഴ്ച നടത്തിയതെന്നും ഡൽഹിയിലും സമീപ സംസ്ഥാനങ്ങളിലും ഏകോപിത സ്‌ഫോടനങ്ങൾ ആസൂത്രണം ചെയ്യുകയായിരുന്നുവെന്നുമാണ് കണ്ടെത്തിയിരിക്കുന്നത്. അറസ്റ്റിലായ ഡോ.ഷഹീൻ സയീദ്,ചാവേറായ ഡോ. ഉമർ നബി തുടങ്ങിയവർ ആക്രമണത്തിന്റെ ബ്ലൂപ്രിന്റ് തയ്യാറാക്കിയത് ഇവിടെ വച്ചാണ്.
എപ്പോഴും അടച്ചിട്ടിരുന്ന മുറിയാണിത്. അർദ്ധരാത്രിയിലും പുലർച്ചെയുമെല്ലാം അപരിചിതർ വന്ന് പോകുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്ന് വിദ്യാർത്ഥികൾ പറയുന്നു. പുറത്തുനിന്നുള്ള ആരെങ്കിലും എപ്പോഴും ഈ മുറിയിൽ ഉണ്ടായിരുന്നുവത്രേ. മുറിയിലെ വിരലടയാളങ്ങൾ ശേഖരിച്ച് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. കെട്ടിടം പൂർണമായി സീൽ ചെയ്തു. കോളേജ് പ്രിൻസിപ്പൽ, അദ്ധ്യാപകർ, ജീവനക്കാർ തുടങ്ങി 50ൽപ്പരം പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.
ഡിസംബർ 6 ന് ബാബറി മസ്ജിദ് തകർന്ന വാർഷികത്തോടനുബന്ധിച്ചാണ് സ്‌ഫോടനങ്ങൾ ആസൂത്രണം ചെയ്തതെന്ന് അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്തതിൽ നിന്ന് വ്യക്തമായി. സർവകലാശാലയുടെ ലബോറട്ടറിയിൽ നിന്ന് രാസവസ്തുക്കൾ എങ്ങനെ ശേഖരിക്കാമെന്നും ഹോസ്റ്റൽ മുറിയിലേക്ക് രഹസ്യമായി കൊണ്ടുവരാമെന്നും സംഘം ചർച്ച ചെയ്തതായി അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നു. പരിശോധനയിൽ ഇലക്ട്രോണിക് ഉപകരണങ്ങളും പെൻ ഡ്രൈവുകളും കണ്ടെടുത്ത പോലീസ് ഇപ്പോൾ മുറി സീൽ ചെയ്തിട്ടുണ്ട്.
13-ാം നമ്പർ മുറിയിലും രാസ അവശിഷ്ടങ്ങൾ കണ്ടെത്തി. ഈ കെമിക്കലുകൾ അമോണിയം നൈട്രേറ്റും ചെറിയ അളവിൽ മെറ്റാലിക് ഓക്‌സൈഡുകളും ചേർത്ത് സ്‌ഫോടകവസ്തുക്കൾ തയ്യാറാക്കുകയായിരുന്നുവെന്ന് സംശയിക്കുന്നു .ചെങ്കോട്ട സ്‌ഫോടനത്തിൽ അമോണിയം നൈട്രേറ്റ് ഇന്ധന എണ്ണ (ANFO) ഉപയോഗിച്ചതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ബോംബ് നിർമ്മാണത്തിന് ആവശ്യമായ രാസവസ്തുക്കൾ കോളേജിലെ ലാബിൽ നിന്ന് ഘട്ടംഘട്ടമായി ശേഖരിച്ച് വരികയായിരുന്നോ എന്നും സംശയമുണ്ട്.









Discussion about this post