പട്ന : ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ അഞ്ച് സീറ്റുകൾ നേടിയ എഐഎംഐഎം പ്രതിപക്ഷ സഖ്യത്തിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത്. തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ‘ബിജെപിയുടെ ബി ടീം’ എന്നാണ് കോൺഗ്രസും ആർജെഡിയും തങ്ങളെ വിശേഷിപ്പിച്ചിരുന്നതെന്ന് എഐഎംഐഎം മേധാവി അസദുദ്ദീൻ ഒവൈസി സൂചിപ്പിച്ചു. എന്നാൽ ജനങ്ങൾ പ്രതിപക്ഷത്തിന്റെ ഈ വാദം തള്ളിക്കളഞ്ഞതാണ് തങ്ങളുടെ 5 സീറ്റുകളിലെ ജയം സൂചിപ്പിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി. നേപ്പാളിനോട് ചേർന്ന് കിടക്കുന്ന മുസ്ലീം ഭൂരിപക്ഷമുള്ള സീമാഞ്ചൽ മേഖലയിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിന് സമാനമായ രീതിയിൽ ഇത്തവണയും എഐഎംഐഎം അഞ്ച് സീറ്റുകൾ നേടി. ബീഹാറിലെ 24 മണ്ഡലങ്ങളിലായിരുന്നു ഒവൈസിയുടെ പാർട്ടി മത്സരിച്ചിരുന്നത്.
ബീഹാർ തിരഞ്ഞെടുപ്പിൽ ആർജെഡിയും കോൺഗ്രസും വലിയ രീതിയിലുള്ള ജാതി പ്രീണനത്തിനാണ് ശ്രമിച്ചിരുന്നതെന്ന് ഒവൈസി കുറ്റപ്പെടുത്തി. “14 ശതമാനം യാദവർക്ക് 36 ശതമാനം ടിക്കറ്റുകൾ നൽകി. എന്നിട്ടും അവർ എന്തുകൊണ്ട് തോറ്റു എന്ന് ചിന്തിക്കണം. യാദവർ ഞങ്ങൾക്ക് വോട്ട് ചെയ്തില്ല, അതുകൊണ്ട് ഞങ്ങൾ തോറ്റു എന്ന് പറയാൻ ആർജെഡിക്ക് സത്യസന്ധതയോ ധൈര്യമോ ധൈര്യമോ ഉണ്ടോ?” എന്നും ഒവൈസി ചോദിച്ചു.
ആറ് സീറ്റുകൾ ആവശ്യപ്പെട്ട് പ്രതിപക്ഷ സഖ്യത്തെ ആദ്യം സമീപിച്ചിരുന്നെങ്കിലും ആർജെഡിയുടെ തേജസ്വി യാദവ് വഴങ്ങാൻ വിസമ്മതിച്ചതോടെയാണ് ഒറ്റയ്ക്ക് മത്സരിച്ചത് എന്നും ഒവൈസി വ്യക്തമാക്കി. വർഷങ്ങളായി ഇന്ത്യയിലെ പാർട്ടികൾ വിജയിക്കാൻ കഴിയാത്തപ്പോൾ മുസ്ലീങ്ങളെ ആണ് കുറ്റപ്പെടുത്തുന്നത്. എന്നാൽ ബ്രാഹ്മണർ, ഠാക്കൂർ, ഭൂമിഹാർ, വളരെ പിന്നോക്ക വിഭാഗങ്ങൾ തുടങ്ങിയ വിഭാഗങ്ങളുടെ വോട്ടുകൾ എന്തുകൊണ്ട് പ്രതിപക്ഷത്തിന് ലഭിച്ചില്ല എന്നുള്ളതിനെ കുറിച്ച് ആരും ചർച്ച നടത്തുന്നില്ല.
“ബീഹാർ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ഉത്തർപ്രദേശിലെ അഖിലേഷ് യാദവ് എസ്ഐആറിനെ ആണ് കുറ്റപ്പെടുത്തുന്നത്. എന്നാൽ അഖിലേഷ് യാദവും രാഹുൽ ഗാന്ധിയും ഒരുമിച്ച് 2014 മുതൽ നിരവധി പാർലമെന്റ്, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ടു. അതിന് ഇവർ ആരെയാണ് കുറ്റപ്പെടുത്തുക. ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ ഞങ്ങൾ തീർച്ചയായും മത്സരിക്കും,” എന്നും ഒവൈസി അറിയിച്ചു.









Discussion about this post