കൊല്ലം: പ്രദേശിക ഘടകങ്ങളില്‍ നിന്ന് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനെതിരെ പരസ്യ പ്രതിഷേധങ്ങള്‍ ഉയര്‍ന്നതിന് പിറകെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ തങ്ങളെ വെട്ടിനിരത്തി എന്ന ആക്ഷേപവുമായി വിഎസ് പക്ഷം പാര്‍ട്ടിയ്ക്കകത്ത് കലാപത്തിനൊരുങ്ങുന്നു. കേന്ദ്ര കമ്മിറ്റിയംഗം പി.കെ. ഗുരുദാസനെ ഉള്‍പ്പെടെ വിഎസ് പക്ഷത്തെ പ്രമുഖരെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വെട്ടിനിരത്തിയതിനെതിരെ വിഎസ് പക്ഷം പരസ്യമായി രംഗത്തെത്തിയതോടെ ഔദ്യോഗിക പക്ഷം വെട്ടിലായി. സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ അവസാനഘട്ട ചര്‍ച്ചയ്ക്കു നാളെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരാനിരിക്കേ, അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടു വിഎസ് പക്ഷം പൊളിറ്റ്ബ്യൂറോയ്ക്കു (പിബി) പരാതി അയച്ചിരിക്കുകയാണ്.
സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനെതിരെ വിഎസ് പരസ്യമായി രംഗത്ത് വന്നിട്ടില്ലെങ്കിലും വി.എസ്. അച്യുതാനന്ദന്റെ മൗനാനുവാദത്തോടെയാണ് ഈ വിഭാഗത്തിന്റെ നീക്കങ്ങള്‍. സ്ഥാനാര്‍!ഥിപ്പട്ടികയെക്കുറിച്ചു വിഎസ് പക്ഷത്തുനിന്ന് ഒട്ടേറെ പരാതികള്‍ കേന്ദ്രനേതൃത്വത്തിനു ലഭിച്ചിട്ടുണ്ട്. സംസ്ഥാന കമ്മിറ്റി അയയ്ക്കുന്ന സ്ഥാനാര്‍ഥിപ്പട്ടിക കേന്ദ്ര കമ്മിറ്റി (സിസി) അംഗീകരിക്കണമെന്നതാണു വ്യവസ്ഥയിരിക്കെ വിഎസ് പക്ഷത്തിന് ഇനി കാര്യമായ ഇടപെടലുകള്‍ നടത്താനാവില്ല. അന്തിമ തീരുമാനമാകട്ടെ പൊളിറ്റ്ബ്യൂറോയെ ആണ് എടുക്കുക. പിബിയില്‍ പിണറായി പക്ഷത്തിനാണു ഭൂരിപക്ഷ പിന്തുണ എന്ന സ്ഥിതിയില്‍ കേരളത്തില്‍ നിന്നു നല്‍കുന്ന പട്ടികയില്‍ മാറ്റങ്ങളുണ്ടാവുക എളുപ്പമല്ല. അങ്ങനെയെങ്കില്‍ പരസ്യമായ ചില പ്രതികരണങ്ങളിലേക്ക് നീങ്ങാന്‍ വിഎസ് പക്ഷം നിര്‍ബന്ധിതമാകും. വിഎസിന് മുഖ്യമന്ത്രി സ്ഥാനാര്‍ത്തിയായി അവതരിപ്പിക്കണമെന്ന ആവശ്യം തള്ളിയതിന് പിറെ വിഎസ് പക്ഷത്തെ പ്രമുഖ നേതാക്കളെ വെട്ടിനിരത്തിയിതില്‍ വലിയ പ്രതിഷേധം ഉയര്‍ത്തണമെന്ന് തന്നെയാണ് പല വിഎസ് പക്ഷ നേതാക്കളും പറയുന്നത്. പട്ടികയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന തര്‍ക്കങ്ങള്‍ എത്രയും വേഗം പരിഹരിക്കണമെന്നു സംസ്ഥാന സെക്രട്ടറിയോട് ജനറല്‍ സെക്രട്ടറി നിര്‍ദേശിച്ചിട്ടുണ്ടെന്നും സൂചനയുണ്ട്.
കൊല്ലത്തെ സ്ഥാനാര്‍ത്ഥിത്വത്തില്‍ അന്തിമതീരുമാനം ആയിട്ടില്ലെന്ന് പി.കെ ഗുരുദാസന്‍ ഇന്നലെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പരസ്യപ്രതികരണം നടത്തിയത് പിണറായി പക്ഷത്തെ ഞെട്ടിച്ചിട്ടുണ്ട്. ഗുരുദാസന്റെ പരസ്യപ്രസ്താവന പുറത്തുവന്നതിനു പിന്നാലെ കൊല്ലം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ നിന്നു ഫാക്‌സ് സന്ദേശമായും മറ്റും കേന്ദ്രനേതൃത്വത്തിനു പരാതി അയച്ചു.
ആലപ്പുഴ ജില്ലയില്‍ വിഎസ് പക്ഷത്തെ പ്രമുഖരായ സി.കെ. സദാശിവന്‍, സി.എസ്. സുജാത, എറണാകുളത്തു കേന്ദ്രകമ്മിറ്റിയംഗം എം.സി. ജോസഫൈന്‍, തിരുവനന്തപുരത്തു പിരപ്പന്‍കോട് മുരളി, പാലക്കാട്ട് എം. ചന്ദ്രന്‍ തുടങ്ങി വിഎസ് പക്ഷത്തെ പ്രമുഖര്‍ മിക്കവരും തഴയപ്പെട്ടുവെന്നാണു പരാതി. എസ്. ശര്‍മ, ജെ. മേഴ്‌സിക്കുട്ടിയമ്മ എന്നിവര്‍ മാത്രമാണ് ഈ ചേരിയില്‍ നിന്നു പരിഗണിക്കപ്പെട്ട പ്രമുഖര്‍. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പരിഗണിക്കപ്പെടേണ്ടവരെക്കുറിച്ചു വി.എസ്. അച്യുതാനന്ദന്‍ നേരത്തേ ജനറല്‍ സെക്രട്ടറി സിതാറാം യച്ചൂരിയുമായി ആശയവിനിമയം നടത്തിയിരുന്നു. വിഎസ് ചൂണ്ടിക്കാട്ടിയവരില്‍ ഭൂരിഭാഗവും ഒഴിവാക്കപ്പെട്ടു. പല പ്രമുഖ ഈഴവ സമുദായക്കാരായ നേതാക്കളെയും വെട്ടി നിരത്തി എന്ന ആരോപണവും ഉയര്‍ത്തുന്നുണ്ട്. ബിഡിജെഎസിനെ സഹായിക്കാനെ ഈ നീക്കം ഉപകരിക്കുവെന്ന് വിഎസ് പക്ഷം ചൂണ്ടിക്കാട്ടുന്നു. ന്യൂനപക്ഷ പ്രീണന നിലപാടുകളുമായി മുന്നോട്ട് പോകുന്നതിനിടെ പാര്‍ട്ടിയുടെ അടിത്തറയായി നില കൊണ്ടിരുന്ന സമുദായത്തെ അവഗണിക്കുന്നത് പാര്‍ട്ടിയുടെ തകര്‍ച്ചയ്ക്ക് തന്നെ വഴിവെക്കുമെന്നും വിഎസ് പക്ഷം ചൂണ്ടിക്കാട്ടുന്നു,
സാമുദായിക സമവാക്യങ്ങള്‍ തകര്‍ത്തുള്ള പട്ടികയുണ്ടാക്കല്‍ ഫലത്തില്‍ ബിഡിജെഎസിനും ബിജെപിക്കും ഗുണം ചെയ്യുമെന്നും നഷ്ടം എല്‍ഡിഎഫിനു മാത്രമായിരിക്കുമെന്നുമുള്ള വിലയിരുത്തലിനോടു കേന്ദ്രനേതൃത്വവും യോജിക്കുന്നുവെന്നാണ് വിവരം. എല്‍ഡിഎഫ് ജയിച്ചാല്‍ മുഖ്യമന്ത്രിപദത്തെക്കുറിച്ച് ഉണ്ടാകാവുന്ന തര്‍ക്കം ഒഴിവാക്കാനുള്ള മുന്‍കരുതല്‍ നടപടിയായാണു സ്ഥാനാര്‍ഥിപ്പട്ടികയില്‍ പിണറായി പക്ഷത്തിന്റെ അമിതമായ ഇടപെടലെന്ന് ആരോപണമുണ്ട്. പ്രമുഖ വിഎസ് പക്ഷ നേതാക്കളെ ഒഴിവാക്കിയാല്‍ ജയിച്ച് വരുന്ന എംഎല്‍എമാരുടെ മൊത്തം നിയന്ത്രണം കയ്യടക്കാമെന്ന പിണറായി പക്ഷത്തിന്റെ കണക്ക കൂട്ടലും വിഎസ് പക്ഷം തിരിച്ചറിയുന്നുണ്ട്.
Discussion about this post