ജോഹന്നാസ്ബർഗ് : ജി20 നേതാക്കളുടെ ഉച്ചകോടിക്കായി ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി നാസ്‌പേഴ്‌സ് ചെയർമാൻ കൂസ് ബെക്കറുമായി കൂടിക്കാഴ്ച നടത്തി. ദക്ഷിണാഫ്രിക്കൻ ബഹുരാഷ്ട്ര ഇന്റർനെറ്റ്, സാങ്കേതിക കമ്പനിയാണ് നാസ്‌പേഴ്‌സ്. ഇന്ത്യയിലെ എ ഐ, സ്റ്റാർട്ടപ്പ് മേഖലകളിൽ നിക്ഷേപം വിപുലീകരിക്കുക ലക്ഷ്യമിട്ടായിരുന്നു ഇന്ത്യൻ പ്രധാനമന്ത്രിയും നാസ്‌പേഴ്‌സ് ചെയർമാനും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്.
നാസ്‌പേഴ്‌സ് ചെയർമാൻ കൂസ് ബെക്കർ, സിഇഒ ഫാബ്രിസിയോ ബ്ലോസി എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി മോദി ഡിജിറ്റൽ, സാങ്കേതിക നിക്ഷേപങ്ങൾ വിപുലീകരിക്കുന്നതിന് ആഹ്വാനം ചെയ്തു. ഇന്ത്യയുടെ ഡിജിറ്റൽ ആവാസവ്യവസ്ഥ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സ്റ്റാർട്ടപ്പ്, ബഹിരാകാശ മേഖലകളിലെ നിക്ഷേപം വികസിപ്പിക്കുക, ഉപഭോക്തൃ വിപണിയിലും സാങ്കേതികവിദ്യയിലും പുതിയ വഴികൾ കണ്ടെത്തുക എന്നീ കാര്യങ്ങളിലാണ് ചർച്ചകൾ കേന്ദ്രീകരിച്ചതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ അറിയിച്ചു.
ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസുമായും മോദി കൂടിക്കാഴ്ച നടത്തി. ഈ കൂടിക്കാഴ്ചയിൽ ഇരു പ്രധാനമന്ത്രിമാരും പ്രതിരോധം, സുരക്ഷ, നിർണായക ധാതുക്കൾ, വ്യാപാരം, നിക്ഷേപം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവയിലെ സഹകരണം അവലോകനം ചെയ്തു.












Discussion about this post