ന്യൂഡൽഹി : ഡൽഹിയിൽ ഞായറാഴ്ച വൈകിട്ട് ഒരു കൂട്ടം യുവാക്കൾ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. ഇന്ത്യ ഗേറ്റിനു സമീപം നടന്ന പ്രതിഷേധത്തെ തുടർന്ന് പോലീസ് ഇരുപതോളം പേരെ അറസ്റ്റ് ചെയ്തു. ഡൽഹിയിലെ വായുമലിനീകരണത്തിനെതിരെ എന്ന പേരിലായിരുന്നു പ്രതിഷേധം ആരംഭിച്ചിരുന്നത്. എന്നാൽ തുടർന്ന് പ്രതിഷേധക്കാർ കൊല്ലപ്പെട്ട കമ്മ്യൂണിസ്റ്റ് ഭീകരൻ മാദ്‌വി ഹിദ്മയുടെ പോസ്റ്ററുകൾ ഉയർത്തിപ്പിടിക്കുകയും മുദ്രാവാക്യങ്ങൾ വിളിക്കുകയും ആയിരുന്നു.
പ്രതിഷേധക്കാർ ഗതാഗതം തടയാൻ ശ്രമിച്ചതോടെ ആണ് പോലീസ് ഇടപെട്ടത്. തുടർന്ന് പ്രതിഷേധക്കാരെ തടയാൻ എത്തിയ പോലീസിന് നേരെ ഇവർ പെപ്പർ സ്പ്രേ ഉപയോഗിച്ചു. ഇതോടെ പോലീസ് പ്രതിഷേധക്കാരായ 20 ഓളം പേരെ കസ്റ്റഡിയിൽ എടുക്കുകയും എഫ്ഐആർ രജിസ്റ്റർ ചെയ്യുകയുമായിരുന്നു. തലസ്ഥാനത്ത് പ്രതിഷേധങ്ങൾക്കുള്ള നിയുക്ത വേദി ഇന്ത്യാ ഗേറ്റല്ല, ജന്തർ മന്തറാണെന്ന് സുപ്രീം കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് പോലീസ് കേസ് ചെയ്തിട്ടുള്ളത്.
ഗതാഗതക്കുരുക്കിൽ കുടുങ്ങിയ ആംബുലൻസുകളുടെയും മെഡിക്കൽ സ്റ്റാഫിന്റെയും അപേക്ഷകൾ പ്രതിഷേധക്കാർ അവഗണിച്ചുവെന്ന് പോലീസ് പറഞ്ഞു. തടയാൻ എത്തിയ പോലീസുകാർക്കെതിരെ പ്രതിഷേധക്കാർ പെപ്പർ സ്പ്രേ ഉപയോഗിച്ചതിനെ തുടർന്ന് നാല് പോലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട്. സർക്കാർ ജോലി തടസ്സപ്പെടുത്തിയതിനും മറ്റ് അനുബന്ധ കുറ്റകൃത്യങ്ങൾക്കും എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. സംഭവത്തിന് പിന്നിൽ സംഘടിത ഗൂഢാലോചന ഉണ്ടെന്ന് പോലീസ് സംശയിക്കുന്നു. കൂടുതൽ വിശദമായ അന്വേഷണം നടത്തുമെന്ന് ഡൽഹി പോലീസ് അറിയിച്ചു.











Discussion about this post