ന്യൂഡൽഹി : ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ അന്തർവാഹിനി വിരുദ്ധ യുദ്ധക്കപ്പൽ ‘ഐഎൻഎസ് മാഹി’ ഇന്നുമുതൽ നാവികസേനയുടെ ഭാഗമാകും. തീരദേശ സുരക്ഷ ശക്തിപ്പെടുത്തുകയും വെള്ളത്തിനടിയിലുള്ള ഭീഷണികൾ കണ്ടെത്തുന്നതിൽ നിർണായക പങ്ക് വഹിക്കുവാനുള്ള ഉത്തരവാദിത്വത്തോടെയാണ് മാഹി നാവികസേനക്കൊപ്പം ചേരുന്നത്. 80%-ത്തിലധികം ഇന്ത്യൻ ഉള്ളടക്കത്തോടെ നിർമ്മിച്ച ഈ തദ്ദേശീയ യുദ്ധക്കപ്പൽ കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡാണ് നിർമ്മിച്ചിരിക്കുന്നത്.
ഇന്ത്യൻ നാവികസേന തിങ്കളാഴ്ച മുംബൈയിലെ നേവൽ ഡോക്ക്‌യാർഡിൽ മാഹി ക്ലാസ് ആന്റി സബ്മറൈൻ വാർഫെയർ ഷാൾ വാട്ടർ ക്രാഫ്റ്റിലെ ആദ്യത്തെ കപ്പലായ മാഹി കമ്മീഷൻ ചെയ്യും. വെസ്റ്റേൺ നേവൽ കമാൻഡിന്റെ ഫ്ലാഗ് ഓഫീസർ കമാൻഡിംഗ്-ഇൻ-ചീഫ് വൈസ് അഡ്മിറൽ കൃഷ്ണ സ്വാമിനാഥൻ ആതിഥേയത്വം വഹിക്കുന്ന ചടങ്ങിൽ ആർമി ചീഫ് ജനറൽ ഉപേന്ദ്ര ദ്വിവേദി അധ്യക്ഷത വഹിക്കും. കമ്മീഷൻ ചെയ്തുകഴിഞ്ഞാൽ, മാഹി പടിഞ്ഞാറൻ കടൽത്തീരത്ത് വിന്യസിക്കും എന്നാണ് നാവികസേന വ്യക്തമാക്കുന്നത്.
ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ ഇന്ത്യയുടെ വളരുന്ന സമുദ്രശക്തിയെയും സ്വാശ്രയത്വത്തെയും ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്ന രീതിയിലാണ് ഇന്ത്യ മാഹി ഒരുക്കിയിരിക്കുന്നത്. വെള്ളത്തിനടിയിലുള്ള ഭീഷണികൾ കണ്ടെത്തുന്നതിന് ഒരു ” സൈലന്റ് ഹണ്ടർ” പോലെ പ്രവർത്തിക്കുന്നതിനാണ് ഈ കപ്പലിനെ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് നാവികസേന വിശേഷിപ്പിച്ചു. ഫയർ പവർ, സ്റ്റെൽത്ത്, മൊബിലിറ്റി എന്നിവയുടെ സംയോജനത്തോടെ, അന്തർവാഹിനികളെ വേട്ടയാടാനും, തീരദേശ പട്രോളിംഗ് നടത്താനും, ഇന്ത്യയുടെ സുപ്രധാന കടൽ പാതകൾ സുരക്ഷിതമാക്കാനും മാഹിയുടെ കടന്നുവരവോടെ കഴിയുന്നതാണ്.










Discussion about this post