ന്യൂഡൽഹി : എത്യോപ്യയിലെ ഹെയ്‌ലി ഗുബ്ബി അഗ്നിപർവ്വതത്തിലുണ്ടായ വന്‍ സ്ഫോടനത്തിന്റെ ആഘാതം ഇന്ത്യയിലേക്കും എത്തുന്നു. അഗ്നിപർവ്വത സ്ഫോടനത്തിന് പിന്നാലെ രൂപം കൊണ്ട ചാരപ്പുക അറേബ്യൻ ഉപദ്വീപുകൾ കടന്നാണ് ഇന്ത്യയ്ക്ക് മുകളിലും എത്തിയിരിക്കുന്നത്. ഡൽഹി, മഹാരാഷ്ട്ര, രാജസ്ഥാൻ തുടങ്ങി വടക്കേ ഇന്ത്യയുടെ നിരവധി ഭാഗങ്ങളിലെ ആകാശത്താണ് ഈ ചാരപ്പുക ബാധിക്കപ്പെട്ടിട്ടുള്ളത്.
അഗ്നിപർവ്വത ചാരം, സൾഫർ ഡൈ ഓക്സൈഡ്, ഗ്ലാസ്, പാറ എന്നിവയുടെ ചെറിയ കണികകൾ എന്നിവ അടങ്ങിയിരിക്കുന്നതാണ് ഈ ചാരപ്പുക. ഒമാൻ-അറേബ്യൻ കടൽ മേഖലയിൽ നിന്ന് വടക്കൻ, മധ്യ ഇന്ത്യയുടെ സമതലങ്ങളിലേക്ക് വ്യാപിച്ചിരിക്കുന്ന ചാരപ്പുക, ഡൽഹി, ഹരിയാന, രാജസ്ഥാൻ എന്നിവിടങ്ങളിലേക്ക് പതുക്കെ നീങ്ങുമെന്നാണ് ഐഎംഡി അറിയിക്കുന്നത്. തുടർന്ന് ചൈനയ്ക്ക് മുകളിലേക്കും ഈ ചാരപ്പുക നീങ്ങുന്നതാണ്. ഇന്ത്യൻ സംസ്ഥാനങ്ങളിലെ വായുവിനെ ഇത് ബാധിക്കില്ലെങ്കിലും ഹിമാലയത്തിലെയും ഉത്തർപ്രദേശിന് തൊട്ടടുത്തുള്ള ടെറായി ബെൽറ്റിലെയും സൾഫർ ഡയോക്സൈഡിന്റെ അളവിനെ ഈ പുക ബാധിച്ചേക്കാം എന്നാണ് ഇന്ത്യമെറ്റ്‌സ്‌കൈ വെതർ അറിയിക്കുന്നത്.
അഗ്നിപർവ്വത സ്ഫോടനത്തിന്റെ തുടർഫലമായി ഉണ്ടായ ചാരപ്പുക ഇന്ത്യൻ ആകാശത്തിനു മുകളിൽ എത്തിയത് നിരവധി വിമാന സർവീസുകളെ ബാധിച്ചു. നിരവധി വിമാനങ്ങൾ വഴി തിരിച്ചുവിടുകയും മറ്റു നിരവധി വിമാന സർവീസുകൾ റദ്ദാക്കുകയും ചെയ്തു. അഗ്നിപർവ്വത ചാരം ബാധിച്ച പ്രദേശങ്ങളും വിമാന നിലകളും കർശനമായി ഒഴിവാക്കണമെന്നും ഏറ്റവും പുതിയ ഉപദേശങ്ങളുടെ അടിസ്ഥാനത്തിൽ വിമാന ആസൂത്രണം, റൂട്ടിംഗ്, ഇന്ധന പരിഗണനകൾ എന്നിവ ക്രമീകരിക്കണമെന്നും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) വിമാനക്കമ്പനികളോട് ആവശ്യപ്പെട്ടു.









Discussion about this post