പാലത്തായി പോക്സോ കേസിലെ കള്ളങ്ങളും ഗൂഢാലോചനകളും അക്കമിട്ട് നിരത്തി വ്യക്തമാക്കി മുൻ ഡിവൈഎസ്പി റഹീം. പാലത്തായി കേസ് പോക്സോ വകുപ്പ് ദുരുപയോഗം ചെയ്തതിന്റെ ഉദാഹരണമാണെന്ന് വ്യക്തമാക്കിക്കൊണ്ട് അദ്ദേഹം നേരത്തെ ഒരു സമൂഹമാധ്യമ പോസ്റ്റ് പങ്കുവെച്ചിരുന്നു. ഈ അഭിപ്രായത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ വന്ന ഒരു പോസ്റ്റിനുള്ള മറുപടിയായാണ് ഇപ്പോൾ പാലത്തായി കേസ് കെട്ടിച്ചമച്ചതാണെന്ന് വ്യക്തമാക്കുന്ന മുഴുവൻ തെളിവുകളും നിരത്തിക്കൊണ്ട് മുൻ ഡിവൈഎസ്പി റഹീം ചെംനാട് രംഗത്തെത്തിയിരിക്കുന്നത്. കേസിൽ അതിജീവിത ആദ്യം പറഞ്ഞിരുന്ന സംഭവസ്ഥലം ഉൾപ്പെടെ മാറിയതിലും പുതിയ സംഭവസ്ഥലംത്ത് നിന്നും രക്തത്തിന്റെ അംശം കണ്ടെത്തിയതിലും ഉള്ള ഗൂഢാലോചനകളെക്കുറിച്ചും അദ്ദേഹം തുറന്നു ചോദിക്കുന്നു.
റിട്ടയേഡ് ഡിവൈഎസ്പി റഹീം ചെംനാട് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച പോസ്റ്റ്,
നവംബർ 16 ന് പോക്സോ ആക്ടിന്റെ ദുരുപയോഗവുമായി ബന്ധപ്പെട്ട് ഞാൻ ഒരു ഫേസ്ബുക്ക് പോസ്റ്റ് ചെയ്തിരുന്നു. അതിൽ പാലത്തായി കേസിനെ പരാമർശിച്ചിരുന്നു. അതിൻറെ പ്രതികരണം എന്ന നിലയിൽ എസ് ഐ ടി യിലെ അന്വേഷണ ഉദ്യോഗസ്ഥൻ കഴിഞ്ഞദിവസം ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. അതിനുള്ള എന്റെ പ്രതികരണമാണ് ഇത്.
നവംബർ 16 ന് ഞാൻ ഫേസ്ബുക്കിൽ ചെയ്ത പോസ്റ്റിന് വൈകിയെങ്കിലും മറുപടി നൽകാൻ കാണിച്ച സന്മനസ്സിന് നന്ദി.
എൻറെ ബാച്ചുകാരനാണോ അല്ലേ എന്ന് നോക്കിയല്ല കേസ് അന്വേഷണം വിലയിരുത്താൻ ഞാൻ പഠിച്ചത്.
ക്രൈംബ്രാഞ്ചിൽ കേസ് അന്വേഷിച്ച മേലുദ്യോഗസ്ഥരുടെ ക്രെഡിബിലിറ്റിയെക്കുറിച്ചോ,അന്വേഷണ സംഘത്തിൽ പെട്ട ആളുകളുടെ ക്രെഡിബിലിറ്റിയെക്കുറിച്ചോ പോലീസിനകത്തോ പൊതുജനങ്ങളിലോ എന്തെങ്കിലും അഭിപ്രായവ്യത്യാസം ഉണ്ടാകാൻ ഇടയില്ല.
താങ്കളോടൊപ്പം ഉണ്ടായിരുന്ന എസ് ഐ ടി യിലും എൻറെ ബാച്ചുകാരൻ ഉണ്ടായിരുന്നല്ലോ ? ക്രൈം ബ്രാഞ്ചിൽ കേസ് അന്വേഷിച്ച അന്വേഷണ ഉദ്യോഗസ്ഥനെ കുറിച്ച് പോലീസിലോ പൊതുസമൂഹത്തിലോ ഏതെങ്കിലും തരത്തിലുള്ള അഭിപ്രായവ്യത്യാസങ്ങൾ ഉള്ളതായി താങ്കൾക്ക് പോലും ചൂണ്ടി കാണിക്കാൻ കഴിയില്ല. ഈ കേസ് സൂപ്പർവൈസ് ചെയ്തത് കുറ്റാന്ന്വേഷണ രംഗത്ത് പകരം വെക്കാനില്ലാത്ത പ്രതിഭയായ കെ.വി.സന്തോഷ് സാർ കൂടിയാണ്.
1. ഏതൊരു കേസിലും പരാതിക്കാർ / അതിജീവിത അല്ലെങ്കിൽ സാക്ഷികൾ കാണിച്ചു തരുന്ന സ്ഥലത്തെയാണ് അന്വേഷണ ഉദ്യോഗസ്ഥർ സംഭവസ്ഥല മഹസറിലൂടെ സംഭവസ്ഥലമായി കണക്കാക്കുന്നത്. ലോക്കൽ പോലീസിനോടും തുടർന്ന് ക്രൈംബ്രാഞ്ചിനോടും അതിജീവിത കാണിച്ചുകൊടുത്ത സ്ഥലം തന്നെയാണ് സംഭവസ്ഥല മഹസർ പ്രകാരം രേഖപ്പെടുത്തിയിരിക്കുന്നത് എന്നാണ് മനസ്സിലാവുന്നത്. പുതിയ സംഭവസ്ഥലം ആര് കാണിച്ചു തന്നത് പ്രകാരമാണ് താങ്കൾ രേഖപ്പെടുത്തിയത് എന്ന് പൊതുസമൂഹത്തിന് മുന്നിൽ താങ്കൾക്ക് പറയാൻ കഴിയുമോ ?
ചെരുപ്പിനനുസരിച്ച് കാലു മുറിക്കുന്ന ലാഘവത്തോടെ സംഭവസ്ഥലം തന്നെ മാറ്റാൻ താങ്കൾ കാണിച്ച മഹാമനസ്കതക്ക് ഇരിക്കട്ടെ ബിഗ് സല്യൂട്ട് ! എന്നിട്ട് ആ സംഭവ സ്ഥലത്ത് നിന്നും മനുഷ്യ രക്തം കണ്ടെത്താൻ താങ്കൾ കാണിച്ച ശുഷ്കാന്തിയാകട്ടെ അതിലും അപാരം.
ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ ഫോൺ സംഭാഷണം പുറത്തുവന്നതിന് പിന്നാലെയാണ് അതിജീവിത സംഭവസ്ഥലം മാറ്റി പറയുന്നത് എന്ന് വേണം മനസ്സിലാക്കാൻ. ആ ഫോൺ സംഭാഷണത്തോടുകൂടിയാണ് കൊളുത്തില്ലാത്ത ബാത്റൂം ആണ് ഇതുവരെ അതിജീവിത സംഭവസ്ഥലമെന്ന് പറഞ്ഞിരുന്നത് എന്ന് മനസ്സിലാക്കിയതും പിന്നീടങ്ങോട്ട് സംഭവസ്ഥലം മാറ്റുന്നതും.
2. ഒന്നര വർഷത്തിനുശേഷം ബാത്റൂമിൽ നിന്നും ലഭിച്ച ബ്ലഡ് പ്രസ്തുത പരാതിക്കാരിയുടേതാണ് എന്ന് ഏത് ശാസ്ത്രീയ അന്വേഷണം വഴിയാണ് തെളിയിച്ചിട്ടുള്ളത് ? കൂടുതൽ ബ്ലഡ് കണ്ടെത്തിയിരുന്നുവെങ്കിൽ അത് ആരുടേതാണെന്ന് തെളിയിക്കാൻ കഴിയുമായിരുന്നു. അതൊഴിവാക്കാനല്ലേ ബ്ലഡിന്റെ അളവ് കുറച്ചു കാണിച്ചത് ?
അല്ലെങ്കിലും സ്ത്രീകൾ സ്ഥിരമായി ഉപയോഗിക്കുന്ന ബാത്റൂമിന്റെ ഫ്ലോറിൽ നിന്നും രക്തത്തിൻറെ അംശം കണ്ടെത്തിയത് ലോകാത്ഭുതം ഒന്നുമല്ലല്ലോ ? അതും 24 ഓളം ലേഡീസ് സ്റ്റാഫ് ഉപയോഗിക്കുന്ന ബാത്റൂമിൽ നിന്നും ?
രക്തത്തിൻറെ അംശത്തെക്കുറിച്ച് സയന്റിഫിക് എക്സ്പേർട്ടും താങ്കളും കോടതിയിൽ ബോധിപ്പിച്ചത് ഒരേ കാര്യമാണോ ? മനുഷ്യ രക്തമാണെന്ന് കണ്ടെത്താനുള്ള അളവ് പോലും ഇല്ലെന്നല്ലേ സയന്റിഫിക് എക്സ്പെർട്ട് കോടതിയിൽ അറിയിച്ചത് ?
3. അതിജീവിതക്ക് പെനിട്രേറ്റഡ് സെക്ഷ്വൽ അസാൾട്ട് നടന്നിട്ടുണ്ടെന്ന് ശാസ്ത്രീയമായി തെളിഞ്ഞിട്ടുണ്ടെങ്കിൽ പീഡിപ്പിച്ചത് ഇതേ പ്രതിയാണ് എന്ന് ഏത് ശാസ്ത്രീയമായ രീതിയിലൂടെയാണ് തെളിയിച്ചത് ?
4. ഒമ്പതിലധികം പ്രാവശ്യം ഇരയുടെ മൊഴി രേഖപ്പെടുത്തിയപ്പോൾ ഒന്നും പറയാത്ത മറ്റൊരു ബാത്റൂം സംഭവസ്ഥലമായി മാറിയത് എങ്ങനെ ? വനിത ഐപിഎസ് ഉദ്യോഗസ്ഥ ഉൾപ്പെടെ ഉള്ള അന്വേഷണ ഉദ്യോഗസ്ഥർ ഇത്രയധികം പ്രാവശ്യം കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയിട്ടുള്ള ഏതെങ്കിലും പോക്സോ ആക്ട് കേസിൽ കാണിച്ചു തരാൻ കഴിയുമോ ? കുട്ടിയുടെ മൊഴിയിലെ ന്യൂനത ഒഴിവാക്കി കൃത്യമാക്കാൻ വേണ്ടിയാണല്ലോ ഇത്രയും വലിയ പരിശ്രമം ഒരു വനിത ഐപിഎസ് ഓഫീസറെ നിയമിച്ചുകൊണ്ട് തന്നെ നടത്തിയത്.
5. ലോക്കൽ പോലീസിനും ക്രൈം ബ്രാഞ്ചിനും അതിജീവിത നൽകിയ എല്ലാ മൊഴികളും പരസ്പരവിരുദ്ധവും വിശ്വസിക്കാൻ കഴിയാത്തവയും ആണെന്ന് ക്രൈം ബ്രാഞ്ച് കോടതിയിലും ദേശീയ ന്യൂനപക്ഷ കമ്മീഷനിലും നൽകിയ റിപ്പോർട്ടുകളിൽ കൃത്യമായും വ്യക്തമായും അക്കമിട്ട് പറയുന്നു. ഈ റിപ്പോർട്ടുകൾ പൊതു സമൂഹത്തിന് ലഭ്യമാണ്.
6. എസ് ഐ ടി യിലെ അന്വേഷണ ഉദ്യോഗസ്ഥന്റെ അഭിപ്രായ പ്രകാരം കുട്ടിയെ അധ്യാപകൻ പീഡിപ്പിച്ചത് അധ്യാപകർക്ക് വേണ്ടിയുള്ള ബാത്റൂമിൽ വെച്ചാണെങ്കിൽ പ്രസ്തുത കുട്ടിയോടൊപ്പം ബാത്റൂമിലേക്ക് പോയ മറ്റൊരു കുട്ടിയുടെ പേരും അതിജീവിത പറയുന്നുണ്ട്. ആ കുട്ടിയെ പറഞ്ഞയച്ചതിനുശേഷം ആണ് അധ്യാപകൻ പീഡിപ്പിച്ചത് എന്നാണ് മൊഴി. അങ്ങനെയെങ്കിൽ ഈ കുട്ടികളൊക്കെ വിസർജനത്തിന് പോകാറുള്ളത് അധ്യാപകരുടെ ബാത്റൂമിൽ ആണോ ?
7. അതിജീവിതയുടെ മൊഴി പ്രകാരം പ്രതി, അവരുടെ നഗ്ന ഫോട്ടോ എടുത്ത് അവരുടെ തന്നെ മാതാവിന് അയച്ചുകൊടുത്തതായി പറയുന്നുണ്ട്. ഫോട്ടോ എടുത്തത് ക്ലാസ് ടീച്ചറുടെ മൊബൈൽ ഫോണിൽ നിന്നാണെന്നും പറയുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ മാതാവിൻറെ മൊബൈൽ ഫോണും ക്ലാസ് ടീച്ചറുടെ മൊബൈൽ ഫോണും ശാസ്ത്രീയമായ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ ആ കാര്യം തെറ്റാണെന്ന് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.
8. 17/3/2020 ൽ അതിജീവിത നൽകിയ എഫ് ഐ മൊഴിയിൽ പ്രതി, 15/1/2020 നു മുമ്പുള്ള ദിവസം തന്നെ പീഡിപ്പിച്ചു എന്ന് മൊഴി നൽകിയിട്ടുണ്ട്. CCTNS ന് വേണ്ടിയാണ് തീയതി ചേർത്തത് എന്ന് അന്വേഷണ സംഘത്തിൻറെ വാദം കളവാണ്. ഇക്കാര്യം എഫ് ആറിലും 164 CrPC പ്രകാരമുള്ള മൊഴികളിലും കാണാം. CCTNS ന് വേണ്ടി ഒരുപക്ഷേ പോലീസുകാർ അങ്ങനെ ചെയ്തെന്ന് വന്നേക്കാം. എന്നാൽ അതിജീവിതയുടെ 164 CrPC പ്രകാരമുള്ള മൊഴി രേഖപ്പെടുത്തുന്ന മജിസ്ട്രേട്ടന് CCTNS ബാധകമല്ലല്ലോ ?
9.18/3/2020 ന് അതിജീവിത 164 CrPC പ്രകാരം മജിസ്ട്രേറ്റിന് നൽകിയ മൊഴിയിലും, ഡോക്ടർക്ക് നൽകിയ മൊഴിയിലും പറഞ്ഞത്, 15/1/2020 ദിവസം ലഞ്ച് ബ്രേക്കിന്റെ സമയത്താണ് തന്നെ ആദ്യമായി പ്രതി പീഡിപ്പിച്ചതെന്നും, 26/1/2020 തീയതി റിപ്പബ്ലിക് ദിന ദിവസമാണ് തന്നെ രണ്ടാമതായി പീഡിപ്പിച്ചതെന്നും, 2/2/2020 ആണ് തന്നെ മൂന്നാമതായി പീഡിപ്പിച്ചു എന്നുമാണ്. എന്നാൽ ഇവയൊക്കെയും 17 /03/2020 നൽകിയ ഫസ്റ്റ് ഇൻഫർമേഷൻ മൊഴിയിൽ നിന്നും വ്യത്യസ്തമാണ്.
ജനുവരി 26 ൽ റിപ്പബ്ലിക് ദിനത്തിൽ അതിജീവിത ഹാജർ ഉണ്ടായിരുന്ന കാര്യം ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ അതിൻറെ ഫോട്ടോ സഹിതം കോടതിയിൽ ഹാജരാക്കിയതാണ് മനസ്സിലാക്കുന്നത്. പ്രതി അന്ന് സ്കൂളിൽ ഹാജർ ഉണ്ടായിരുന്നില്ല എന്നും ക്രൈംബ്രാഞ്ച് തെളിവ് സഹിതം കോടതിയെ അറിയിച്ചിട്ടുണ്ട്.
10. അതിജീവിതയുടെ മൊഴിപ്രകാരം, പ്രതി അവരെ മൂന്നാം പ്രാവശ്യം പീഡിപ്പിക്കുന്നത് 2/2/2020 LSS ക്ലാസ് അറ്റൻഡ് ചെയ്യാൻ വന്ന സമയത്താണ്. ക്ലാസ് ടീച്ചർ അതിജീവിതയുടെ മാതാവിന്റെ മൊബൈൽ ഫോണിലേക്ക് വിളിച്ചു പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് എൽഎസ്എസ് ക്ലാസിന് വന്നതെന്നാണ് അതിജീവിതയുടെ മൊഴി. എന്നാൽ സ്കൂൾ രജിസ്റ്റർ പ്രകാരം LSS ൻ്റെ ക്ലാസ് ആരംഭിച്ചത്
3 /2/2020 ആണ്. മാത്രമല്ല മാതാവിൻ്റെയും ക്ലാസ് ടീച്ചറുടെയും മൊബൈൽ ഫോൺ ഡാറ്റ പരിശോധിച്ചതിൽ എങ്ങനെ ഒരു ഫോൺ കോൾ നടത്തിയതായി കാണാൻ കഴിയില്ല. LSS ക്ലാസിന് ഹാജരായ കുട്ടികളെ കുറിച്ച്, പ്രത്യേകിച്ച് ഇരട്ടക്കുട്ടികളുടെ ഹാജറിനെ കുറിച്ച് പറയുന്ന അതിജീവിതയുടെ മൊഴിയും തെറ്റാണ്. അങ്ങനെയുള്ള ഇരട്ട കുട്ടികൾ എൽഎസ്എസ് ക്ലാസിൽ ഉണ്ടായിരുന്നില്ല എന്നതാണ് സത്യം.
11. പ്രതി തന്നെ ബാത്റൂമിൽ നിന്നും ഉച്ചഭക്ഷണത്തിന്റെ ഇടവേളയിൽ, പീഡിപ്പിക്കുന്ന സമയത്ത് പ്രതിയുടെ ദോത്തി ഉപയോഗിച്ച് തന്റെ വായ മൂടി കെട്ടി എന്നും, അതിജീവിതയുടെ തന്നെ ഷാൾ ഉപയോഗിച്ച് അവളുടെ കൈകൾ കെട്ടിയിട്ടുവെന്നും, ഇവ രണ്ടും പീഡിപ്പിച്ചതിനു ശേഷം അതിജീവിത തന്നെ അഴിച്ചുമാറ്റി എന്നും, പ്രതി തുണിയില്ലാതെയാണ് ബാത്റൂമിൽ നിന്നും പുറത്തു പോയത് എന്നുമാണ് അതിജീവിതയുടെ മൊഴി. മൊത്തം 350 ലധികം കുട്ടികൾ പഠിക്കുകയും 40 ഓളം അധ്യാപകർ ജോലി ചെയ്യുകയും ചെയ്യുന്ന ഒരു സ്കൂളിൽ നട്ടുച്ച നേരത്ത് ഇങ്ങനെ സംഭവിക്കുമെന്ന് കരുതാൻ എങ്ങനെ കഴിയും ?
12. 18/1/2020 ന് അതിജീവിതയെ മാതാവ് മെൻസസുമായി ബന്ധപ്പെട്ട പ്രശ്നത്തിന് ഒരു ഡോക്ടറെ കാണിക്കുന്നുണ്ട്. ആ സമയത്തും ആരെങ്കിലും തന്നെ പീഡിപ്പിച്ചതായി അതിജീവിത ഡോക്ടറോട് പറഞ്ഞിട്ടില്ല.
13. 2/2/2020 ന് പ്രതി തന്നെ പീഡിപ്പിച്ചതിനു ശേഷം തൊട്ടടുത്ത ടൗണിലുള്ള ഹോട്ടലിലേക്കും പിന്നീട് അമ്പലത്തിലേക്കും പിന്നീട് ഒരു ഒഴിഞ്ഞ വീട്ടിലേക്കും കൊണ്ടുപോയെന്നും അവിടെവച്ച് മറ്റൊരാൾ പീഡിപ്പിച്ചു എന്നും അതിജീവിത മൊഴി നൽകിയിട്ടുള്ളതാണ്. ഇതിനുവേണ്ടി ബോധപൂർവ്വം ബുള്ളറ്റ് നമ്പർ പോലും അതിജീവിതയുടെ ബന്ധുക്കളെ കൊണ്ടുപോലും പറയിച്ചിട്ടുണ്ട്. എന്നാൽ ഇങ്ങനെ ഒരു സംഭവം തന്നെ നടന്നിട്ടില്ലെന്ന് ശാസ്ത്രീയമായ അന്വേഷണത്തിലൂടെ ക്രൈം ബ്രാഞ്ച് തെളിയിച്ചതാണ്.
14. പ്രസ്തുത സ്കൂളിലെ തന്നെ അറബി അധ്യാപിക കോടതിയിൽ നൽകിയ മൊഴി താങ്കൾ ശ്രദ്ധിച്ചിട്ടുണ്ടോ ? കേസിലെ ഗൂഢാലോചനയിലേക്ക് പ്രസ്തുത ടീച്ചർ പറഞ്ഞത് എന്തെന്ന് താങ്കൾ പൊതുസമൂഹത്തിനു മുമ്പിൽ വ്യക്തമാക്കുമോ ?
15. കോഴിക്കോടുള്ള IMHANS (Institute of Mental Health and Neuro Science) ൽ തന്നെ കൗൺസിലിങ്ങിന് വിധേയമാക്കിയപ്പോൾ മരുന്നുകളും മറ്റും തന്നിലേക്ക് അപ്ലൈ ചെയ്തു എന്ന് അതിജീവിത നൽകിയ മൊഴിയിൽ കാണാം. എന്നാൽ ഇത് തീർത്തും കളവും ഇമേജിനറിയും ആണ്. അവിടെ എല്ലാ കാര്യങ്ങളും വീഡിയോ റെക്കോർഡ് ചെയ്ത ശേഷം ആണ് ചെയ്യുന്നത്. മാത്രമല്ല കുട്ടിയുടെ രക്ഷകർത്താക്കളുടെ സാന്നിധ്യത്തിലാണ് എല്ലാ കാര്യങ്ങളും ചെയ്തിരുന്നത്. ഇതിൽ നിന്നെല്ലാം കുട്ടി പറയുന്ന കാര്യങ്ങൾ ഇമേജിനറിയാണ് എന്നാണ് മനസ്സിലാകുന്നത്.
16. പോക്സോ ആക്ട് പ്രകാരമുള്ള കേസുകളിൽ മൊഴി രേഖപ്പെടുത്തുമ്പോൾ ഓഡിയോ വീഡിയോ റെക്കോർഡ് ചെയ്യണമെന്ന് ആക്ട് നിഷ്കർഷിക്കുന്നുണ്ടല്ലോ ? ഇത്തരത്തിൽ മൊഴി രേഖപ്പെടുത്തുമ്പോൾ ക്രൈം ബ്രാഞ്ച് അവ പാലിച്ചിട്ടുണ്ടന്നൊണ് മനസ്സിലാക്കിയത്. എന്നാൽ എസ് ഐ ടി ഈ കാര്യം പാലിച്ചിട്ടുണ്ടോ ? അതിജീവിത പറഞ്ഞതിൽ നിന്നും വ്യത്യസ്തമായി ക്രൈം ബ്രാഞ്ച് കോടതിയിൽ സത്യവാങ്മൂലം നൽകിയിട്ടുണ്ടെങ്കിൽ ആ കാര്യം ഓഡിയോ വീഡിയോ പരിശോധിച്ചു ഉറപ്പാക്കാൻ കഴിയുമല്ലോ ? ഇനി അന്വേഷണസംഘം ചോദ്യം ചെയ്യുന്ന സമയത്ത് അതിജീവിതയെ ഏതെങ്കിലും നിലയിൽ സമ്മർദ്ദത്തിലാക്കുന്നുണ്ടോ എന്നറിയാനും അതുപകരിക്കുമല്ലോ ?
17. പിന്നെ പൊട്ടൻസി ടെസ്റ്റ് പ്രകാരം പ്രതി പ്രാപ്തനാണെന്നാണ് താങ്കൾ പറയുന്നത്. താങ്കൾ അന്വേഷിച്ച ഏതെങ്കിലും കേസിൽ ഏതെങ്കിലും പ്രതി പൊട്ടൻസി നെഗറ്റീവ് ആണ് എന്ന് താങ്കൾക്ക് റിപ്പോർട്ട് ലഭിച്ചിട്ടുണ്ടോ ?
18. സാധാരണയായി ഇത്തരം കേസുകളിൽ പ്രതികളുടെ സാന്നിധ്യം തെളിയിക്കുന്നതിനു വേണ്ടി സി ഡി ആറിന്റെ സർട്ടിഫൈഡ് കോപ്പി കോടതികളിൽ സമർപ്പിക്കാറുണ്ട്. ഈ കേസിൽ പ്രതിയുടെ സിഡിആറിന്റെ സർട്ടിഫൈഡ് കോപ്പി കോടതി മുമ്പാകെ സമർപ്പിച്ചിട്ടുണ്ടോ ?
ഈ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന സമയത്ത് ഇതിൻറെ സൂപ്പർവൈസറി ഓഫീസർ കുറ്റാന്വേഷണ രംഗത്ത് കേരളത്തിൽ തന്നെ പ്രഗൽഭനായ കെ വി സന്തോഷ് സാർ ആണെന്ന കാര്യം അറിയാമല്ലോ. അന്വേഷണ രംഗത്ത് അദ്ദേഹത്തിൻറെ അത്രയും ക്രെഡിബിലിറ്റി ഉള്ള ഒരു ഓഫീസർ കേസന്വേഷണത്തിൽ വെള്ളം ചേർക്കുമെന്ന് കരുതാൻ എന്ത് ന്യായമാന്നുള്ളത് ?
ബഹുമാനപ്പെട്ട കോടതിയെ അപകീർത്തിപ്പെടുത്താനോ അവഹേളിക്കാനോ ഒന്നും ഉദ്ദേശിച്ചിട്ടില്ല. എന്നാൽ കോടതി വിധികളെ വസ്തുനിഷ്ഠമായി വിശകലനം ചെയ്യാൻ ഏതൊരു പൗരനും അവകാശം ഉണ്ടല്ലോ ?
ഞാൻ പറഞ്ഞ വസ്തുതകളിൽ എന്തെങ്കിലും പാളിച്ചകളും തെറ്റുകളും ഉണ്ടെങ്കിൽ, അവ വസ്തുനിഷ്ഠമായി ബോധിപ്പിച്ചാൽ, തെറ്റ് ഏറ്റു പറഞ്ഞു പൊതു സമൂഹത്തിനു മുമ്പിൽ മാപ്പ് പറയാൻ ഞാൻ തയ്യാറാണ്. അതിനാൽ ആരോഗ്യകരമായ ആശയസംവാദങ്ങൾ തുടരട്ടെ, തെളിവുസഹിതം.
NB: തിരഞ്ഞെടുപ്പ് ചൂടിലാണെന്ന് അറിയാം. എന്നാലും പോലീസുകാരെ കൊണ്ട് (?) കമ്പ്യൂട്ടർ ഉപയോഗിച്ച് മലയാളം ടൈപ്പ് ചെയ്ത് മറുപടി നൽകുമ്പോൾ വായനക്കാരുടെ നാവ് കുഴയും , മനസ്സും.











Discussion about this post