ന്യൂഡൽഹി : മുതിർന്ന അഭിഭാഷകനും മുൻ ഗവർണറും ആയിരുന്ന സ്വരാജ് കൗശൽ (73) അന്തരിച്ചു. അന്തരിച്ച ബിജെപി മുതിർന്ന നേതാവ് സുഷമ സ്വരാജിന്റെ ഭർത്താവ് ആണ്. ന്യൂഡൽഹി എംപി ബൻസുരി സ്വരാജിന്റെ പിതാവായ സ്വരാജ് കൗശൽ നേരത്തെ മിസോറാം ഗവർണർ ആയിരുന്നു.
സ്വരാജ് കൗശലിന്റെ നിര്യാണത്തിൽ ഡൽഹി ബിജെപി അനുശോചനങ്ങൾ അറിയിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് സ്വരാജ് കൗശലിന് പെട്ടെന്ന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ എയിംസിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ലോധി റോഡ് ശ്മശാനത്തിൽ സംസ്കാരം നടത്തുമെന്ന് കുടുംബം സ്ഥിരീകരിച്ചു.
സ്വരാജ് കൗശലിന്റെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. “വളരെയധികം വേദന തോന്നിയ വാർത്തയാണിത്. പിന്നാക്കം നിൽക്കുന്നവരുടെ ഉന്നമനത്തിനായി നിയമവൃത്തി ഉപയോഗിക്കുന്നതിൽ പ്രതിജ്ഞാബദ്ധനായ ഒരു അഭിഭാഷകനെന്ന നിലയിൽ കൗശൽ സ്വയം വ്യത്യസ്തനായിരുന്നു. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഗവർണറായി അദ്ദേഹം മാറി, ഗവർണർ പദവിയിൽ മിസോറാം ജനതയിൽ മായാത്ത മുദ്ര പതിപ്പിച്ചു. പാർലമെന്റേറിയൻ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ഉൾക്കാഴ്ചകളും ശ്രദ്ധേയമായിരുന്നു. ഈ ദുഃഖകരമായ സമയത്ത് അദ്ദേഹത്തിന്റെ മകൾ ബൻസുരിക്കും മറ്റ് കുടുംബാംഗങ്ങൾക്കും ഒപ്പമാണ് എന്റെ ചിന്തകൾ. ഓം ശാന്തി,” പ്രധാനമന്ത്രി മോദി എക്‌സിൽ പങ്കുവെച്ച ഒരു പോസ്റ്റിൽ വ്യക്തമാക്കി.









Discussion about this post