ന്യൂഡൽഹി : 23-ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിക്ക് തുടക്കമായി. ന്യൂഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ ആണ് ഉച്ചകോടി നടക്കുന്നത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചേർന്നാണ് 23-ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിക്ക് നേതൃത്വം നൽകുന്നത്.
അമേരിക്കയിൽ നിന്നും യൂറോപ്പിൽ നിന്നുമുള്ള ബാഹ്യ സമ്മർദ്ദങ്ങൾക്കിടയിലും റഷ്യയുമായുള്ള വ്യാപാര, പ്രതിരോധ ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിൽ ഇന്ത്യ ഒരു വിട്ടുവീഴ്ചയ്ക്കും ഇല്ലെന്ന് വ്യക്തമാക്കുകയാണ് ഈ ഉച്ചകോടിയിലൂടെ. ദീർഘകാല തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പ്രതിരോധ ബന്ധങ്ങൾ, അധിക എസ്-400 മിസൈൽ സംവിധാനങ്ങൾ, ഏറ്റവും പുതിയ സുഖോയ് വിമാനങ്ങൾ എന്നിവയുൾപ്പെടെയുള്ള പുതിയ ഏറ്റെടുക്കലുകൾ, റഷ്യയുമായുള്ള വ്യാപാരബന്ധം ശക്തിപ്പെടുത്തുക തുടങ്ങിയ വിഷയങ്ങളിൽ പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് പുടിനും ചർച്ച നടത്തും.
വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഇന്നലെ രാത്രി ഇന്ത്യയിൽ എത്തിയ റഷ്യൻ പ്രസിഡണ്ടിന് ഇന്ന് രാഷ്ട്രപതി ഭവനിൽ ആചാരപരമായ സ്വീകരണം നൽകുന്നതാണ്.
27 മണിക്കൂർ ഇന്ത്യ സന്ദർശനത്തിനാണ് പുടിൻ എത്തിയിരിക്കുന്നത്. വ്യാഴാഴ്ച രാത്രി ഡൽഹിയിലെ പാലം വ്യോമസേന വിമാനത്താവളത്തിൽ എത്തിയ റഷ്യൻ പ്രസിഡണ്ടിനെ പ്രധാനമന്ത്രി മോദി നേരിട്ട് എത്തിയാണ് സ്വീകരിച്ചത്. തുടർന്ന് പ്രധാനമന്ത്രിയുടെ വസതിയിൽ വച്ച് അദ്ദേഹത്തിന് പ്രത്യേക സ്വകാര്യ വിരുന്നും ഒരുക്കിയിരുന്നു. ഇന്ന് റഷ്യൻ പ്രസിഡന്റ് ഇന്ത്യൻ രാഷ്ട്രപതിയുമായും കൂടിക്കാഴ്ച നടത്തും.










Discussion about this post