അനധികൃതമായി,വിസചട്ടങ്ങൾ ലംഘിച്ച് ലഡാക്കിലും ജമ്മു കശ്മീരിലും പ്രവേശിച്ച ചൈനീസ് പൗരൻ പിടിയിൽ. 29 കാരനായ ഹു കോംഗ്തായ് എന്നയാളെയാണ് സൈന്യം അറസ്റ്റ് ചെയ്തത്. നവംബർ 19ന് ടൂറിസ്റ്റ് വിസയിൽ ഡൽഹിയിലെത്തിയ ഇയാൾഫോറിനേഴ്‌സ് റീജണൽ രജിസ്‌ട്രേഷൻ ഓഫീസിൽ (FRRO) രജിസ്റ്റർ ചെയ്യാതെ സാൻസ്‌കാർ, കശ്മീർ താഴ്വരയിലെ വിവിധ സ്ഥലങ്ങൾ എന്നിവയുൾപ്പെടെ നിയന്ത്രിത പ്രദേശങ്ങൾ സന്ദർശിച്ചതായാണ് ആരോപണം.
പരിശോധനയിൽ ചൈനീയ് യുവാവ് പ്രദേശത്തെ സിആർപിഎഫ് വിന്യാസത്തെക്കുറിച്ചും ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെക്കുറിച്ചുമുള്ള വിവരങ്ങൾ തിരഞ്ഞതായി ഫോണിലെ സെർച്ച് ഹിസ്റ്ററിയിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.
വാരണാസി, ആഗ്ര, ന്യൂഡൽഹി, ജയ്പൂർ, സാരാനാഥ്, ഗയ, കുശി നഗർ എന്നിവിടങ്ങളിലെ ബുദ്ധമത തീർത്ഥാടന കേന്ദ്രങ്ങൾ സന്ദർശിക്കാനായിരുന്നു ഇദ്ദേഹത്തിന് വിസ അനുവദിച്ചിരുന്നത്. എന്നാൽ വിസ നിയമങ്ങൾ ലംഘിച്ച് യുവാവ് ലഡാക്കിലും ജമ്മു കശ്മീരിലും പ്രവേശിക്കുകയായിരുന്നു
നവംബർ 20നാണ് യുവാവ് ലേയിലേക്ക് വിമാനം കയറിയത്. ലേ എയർപോർട്ടിലെ ഫോറിനേഴ്സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസ് കൗണ്ടറിൽ രജിസ്റ്റർ ചെയ്യാതെ നിയമ ലംഘനം നടത്തി. ലേയിൽ തങ്ങിയ മൂന്ന് ദിവസത്തിനുള്ളിൽ ഇയാൾ സാൻസ്‌കാർ മേഖലയിലും ഹിമാലയൻ പട്ടണത്തിലെ പ്രധാന സ്ഥലങ്ങളിലും സന്ദർശനം നടത്തി. ഡിസംബർ 1-ന് ഇയാൾ ശ്രീനഗറിൽ എത്തി. അവിടെ ഒരു രജിസ്റ്റർ ചെയ്യാത്ത ഗസ്റ്റ് ഹൗസിലാണ് താമസിച്ചത്. ഹാർവാനിലെ ഒരു ബുദ്ധമത തീർത്ഥാടന കേന്ദ്രവും ഇയാൾ സന്ദർശിച്ചിരുന്നു.
ഇന്ത്യയിലെത്തിയ ശേഷം ഹു ഒരു ഇന്ത്യൻ സിം കാർഡ് സ്വന്തമാക്കിയതായി കണ്ടെത്തിയിട്ടുണ്ട്. ഇത് ഇയാളുടെ പ്രവർത്തനങ്ങളെക്കുറിച്ച് സംശയം വർധിപ്പിച്ചിരിക്കുകയാണ്.ചോദ്യം ചെയ്യലിനിടെ വിസ ചട്ടലംഘനത്തെക്കുറിച്ച് അറിവില്ലാത്ത മട്ടിലായിരുന്നു ഹുവിന്റെ പ്രതികരണം. ബോസ്റ്റൺ യൂണിവേഴ്‌സിറ്റിയിൽ ഫിസിക്‌സ് പഠിച്ചതായും കഴിഞ്ഞ ഒമ്പത് വർഷമായി യുഎസിൽ താമസിക്കുന്നതായും ഹു അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.









Discussion about this post