ഡല്‍ഹി: ദേശീയക്കായുള്ള പോരാട്ടത്തിന്റെ ആദ്യഘട്ടത്തില്‍ ബി.ജെ.പി ജയിച്ചുവെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചയാളുകള്‍ ‘ജയ്ഹിന്ദ്’, ‘ഭാരത് മാതാ കി ജയ്’ വിളിക്കാന്‍ നിര്‍ബന്ധിതമായി. ഇക്കാര്യത്തില്‍ ബിജെപി ആശയപരമായ പോരാട്ടം തുടരുമെന്നും അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. ഡല്‍ഹിയില്‍ ബി.ജെ.പി നിര്‍വാഹക സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജെ.എന്‍.യു കാമ്പസ് സന്ദര്‍ശിച്ച കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയെയും ജെയ്റ്റ്‌ലി വിമര്‍ശിച്ചു. കോടിക്കണക്കിനാളുകള്‍ക്ക് പ്രചോദനം പകര്‍ന്ന സവര്‍ക്കറുടെ ദേശീയതയാണ് ചിലര്‍ ചോദ്യം ചെയ്യുന്നത്. ഇക്കൂട്ടരാണ് ഇന്ത്യ പിളര്‍ത്തുന്നതിനെക്കുറിച്ച് സംസാരിക്കുന്നവരുടെ പരിപാടിയില്‍ പങ്കെടുക്കുന്നത്. ദേശീയതക്കെതിരായ പ്രസംഗവും ഇന്ത്യാ വിരുദ്ധ സമീപനങ്ങളുമെല്ലാം വലിയ ബൗദ്ധിക വെല്ലുവിളിയാണ്. ആദ്യഘട്ടത്തില്‍ ബി.ജെ.പി മുന്നേറിയതു വഴി, രാജ്യത്തോടുള്ള കൂറ് പ്രകടിപ്പിക്കുംവിധം അവര്‍ സംസാരിക്കുകയെങ്കിലും ചെയ്യുന്നു.ബി.ജെ.പിയുടെ ആദര്‍ശത്തിന് ദേശീയതയാണ് പ്രചോദനം. രാജ്യത്തെ പിളര്‍ത്തുന്നതിനെക്കുറിച്ച് സംസാരിക്കുന്ന അസാധാരണ സ്ഥിതിവിശേഷത്തെ അഭിപ്രായ സ്വാതന്ത്ര്യമെന്നാണ് വിളിക്കുന്നത്.എന്നാല്‍ ഭരണഘടനയോ നിയമമോ ഇത് അനുവദിക്കുന്നില്ല.-ജയ്റ്റ്‌ലി പറഞ്ഞു.
കോണ്‍ഗ്രസ്മുക്ത ഭാരതമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം വോട്ടര്‍മാര്‍ യാഥാര്‍ഥ്യമാക്കും. കോണ്‍ഗ്രസ് ചുരുങ്ങുകയാണ്. അരുണാചല്‍ പ്രദേശില്‍ അവരുടെ സര്‍ക്കാര്‍ വീണു. ഉത്തരാഖണ്ഡില്‍ ഏതുസമയത്തും വീഴാം. കേരളത്തിലും അസമിലും കോണ്‍ഗ്രസ് പൂട്ടിക്കെട്ടാന്‍ പോവുകയാണെന്ന വ്യക്തമായ സൂചനയാണ് കിട്ടുന്നത്. കോണ്‍ഗ്രസ് ഓരോ സഖ്യത്തിന്റെയും വാലറ്റമായി മാറിയിരിക്കുന്നു. ബിഹാറിലും തമിഴ്‌നാട്ടിലുമൊക്കെ പ്രാദേശിക കക്ഷികളോട് സീറ്റ് ചോദിക്കുന്ന സ്ഥിതിയിലേക്കാണ് നേതൃത്വം ആ പാര്‍ട്ടിയെ നയിക്കുന്നത്.
ഡല്‍ഹിയിലെ ആപ് സര്‍ക്കാര്‍ ഏറ്റുമുട്ടലിന്റെ പാതയാണ് സ്വീകരിക്കുന്നതെന്ന് ജെയ്റ്റ്‌ലി കുറ്റപ്പെടുത്തി.
Discussion about this post